കലാഭവന്‍ മണി പറഞ്ഞതോര്‍ത്ത് ആശാ ശരത്ത്

കലാഭവന്‍ മണിയുടെ മരണം , ആശാ ശരത്ത് , ഫേസ്‌ബുക്ക് പോസ്‌റ്റ് , പാപനാശം സിനിമ

കലാഭവന്‍ മണിയുടെ സ്‌നേഹത്തെക്കുറിച്ചും സമൂഹത്തില്‍ നടത്തിവന്നിരുന്ന ഇടപെടലുകളെക്കുറിച്ചും ആശാ ശരത്ത്.
പാപനാശത്തിന്റെ പകല്‍ മുഴുവന്‍ നീളുന്ന ഷൂട്ടിംഗിന് ശേഷം എല്ലാ രാത്രികളിലും മണികിലുക്കം എന്ന പ്രോഗ്രാം ചെയ്യാനായി അദ്ദേഹം പോകുമായിരുന്നു. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം തന്ന മറുപടി ഹൃദയത്തില്‍ തട്ടുന്നതായിരുന്നു …. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ആശാ ശരത്ത് മണിയെക്കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ എഴുതിയിരിക്കുന്നത്.

ആശാ ശരത്തിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

നമ്മളോട് ഒരുപാട് അടുത്തുനില്‍കുന്നവരുടെ വേര്‍പാടിനോട് പൊരുത്തപെടാന്‍ കുറച്ചേറെ സമയം വേണ്ടിവന്നേക്കാം… മണിചേട്ടന്റെ വേര്‍പാട് എല്ലാവരെയും പോലെ എനിക്കും വ്യക്തിപരമായി വാക്കുകള്‍കൊണ്ട് പറയാന്‍പറ്റുന്നതിലും വലിയ നഷ്ടമാണ്….ഏറ്റവും ആത്മാര്‍ഥമായി, നിഷ്‌കളങ്കമായ സ്‌നേഹത്തോടെയുള്ള പെങ്ങളേ എന്നുള്ള ആ വിളി ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്…ആദ്യമായി ഞാന്‍ മണിചേട്ടെനേ കുറിച്ച്, അദ്ദേഹം ചെയ്യുന്ന നന്മകളെ കുറിച്ച് അറിയുന്നത് മണിചേട്ടന്റെ സ്വന്തം നാട്ടുകാരിയായ എന്റെ സഹായി ശാന്ത ചേച്ചിയില്‍ നിന്നാണ്…മണിച്ചേട്ടെനെ കുറിച്ച് പറയുമ്പോള്‍ അവര്‍ക്ക് നൂറുനാവായിരുന്നു.. കഴിഞ്ഞ 16 വര്‍ഷങ്ങളായി അവരുടെ നാട്ടിലെ ഗവണ്മെന്റ് ആശുപത്രിയില്‍ രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ആഹാരം നല്‍കുന്നത് മണിചേട്ടനാണ് എന്ന അറിവ് എനിക്ക് അത്ഭുതമായിരുന്നു…പിന്നീട് അദ്ദേഹത്തെ കുറിച്ചുള്ള ഓരോ അറിവുകളും ആ വലിയ മനുഷ്യനോടുളള ബഹുമാനം കൂട്ടുന്നതായിരുന്നു..

പാപനാശം സിനിമയിലാണ് മണിചേട്ടനോടൊപ്പം അഭിനയികാനുള്ള അവസരം എനിക്ക് കിട്ടിയത്…ആ ദിവസങ്ങളിലെല്ലാം പകല്‍ മുഴുവന്‍ നീളുന്ന ഷൂട്ടിംഗിന് ശേഷവും എല്ലാ രാത്രികളിലും മണികിലുക്കം എന്ന പ്രോഗ്രാം ചെയ്യാനായി മണിചേട്ടന്‍ പോകാറുണ്ടായിരുന്നു….

വിശ്രമമില്ലാതെ ജോലിചെയുന്നത് കണ്ടപ്പോള്‍ ഞാന്‍ അതിനെ കുറിച്ച് മണിചേട്ടനോട് ചോദിച്ചു… അന്ന് അദ്ദേഹം എനിക്ക് തന്ന മറുപടി ഹൃദയത്തില്‍ തട്ടുന്നതായിരുന്നു..സിനിമയിലൂടെ കിട്ടുന്ന പണം തന്റെ കുടുംബതിനുളളതാനെന്നും മറ്റു പരിപാടികളിലൂടെ പാടി കിട്ടുന്ന തുക ദാനമായി അര്‍ഹരായവര്‍ക്ക് നല്‍കാനുളളതാനെന്നും പറയുമ്പോള്‍ ആ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു…

നിഷ്‌കളങ്കമായി ഹൃദയം നിറയെ മറ്റുള്ളവരെ സ്‌നേഹിച്ച, സഹായിച്ച ആ വലിയ കലാകാരന് എന്റെ ഹൃദയം നിറഞ്ഞ ആദരാജ്ഞലികള്‍…

Leave a Reply

Your email address will not be published. Required fields are marked *

Facebook