തിന്മയുടെ തീക്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ നന്മയെതേടിയുള്ള പ്രയാണം

amna photo
അംന ഷെറിന്‍
nanmaye thedi
നന്മയെതേടി കവിതകള്‍ അംന ഷെറിന്‍ പേജ് 48 വില 65 രൂപ ഐവ പബ്ലിക്കേഷന്‍സ്, മോങ്ങം 673642

ഒട്ടേറെ മാതൃകാവനിതകളെ വാര്‍ത്തെടുത്ത മലപ്പുറം ജില്ലയിലെ മോങ്ങം അന്‍വാറുല്‍ ഇസ്ലാം വനിതാ അറബികോളെജില്‍ നിന്നും ഒരെഴുത്തുകാരി പിറവിയെടുത്തതിനുസാക്ഷ്യം വഹിക്കുകയായിരുന്നു ഇക്കഴിഞ്ഞ മാര്‍ച്ച് 10ന് കോളെജ് ഓഡിറ്റോറിയം. പ്രിലിമിനറി രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി അംന ഷെറിന്‍ രചിച്ച ‘നന്മയെതേടി’ എന്ന കവി താസമാഹാരം മലയാളസാഹിത്യത്തിലെ പുതുസ്പര്‍ശമായി സ്വീകരിക്കാം.
പ്രതികരണാത്മകവും പ്രവര്‍ത്തനക്ഷമവുമായ തന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയില്‍ മനസ്സിലൊളിപ്പിച്ചുവച്ച കഴിവുകളാണ് കവിതകളുടെ പൂവിളികളായി പുറത്തേക്കൊഴുകിയത്. പൂക്കോട്ടുര്‍ ഗ്രാമപഞ്ചായത്തിലെ പുല്ലാരയില്‍ ജനിച്ച അംന ഷെറിന്‍ തന്‍റെ മനസ്സില്‍ മൊട്ടിട്ട ആശയങ്ങള്‍ വളച്ചുകെട്ടില്ലാതെ ലളിതമായ ഭാഷയില്‍ തുറന്നെഴുതുന്നു. കണ്‍മുന്നില്‍കണ്ട ജീവിതയാഥാര്‍ത്ഥ്യങ്ങളെ മുഴുവന്‍ ബിംബങ്ങളാക്കി അംന  കുറിക്കുമ്പോള്‍ അതില്‍ അത്യാധുനികതയോടുള്ള വെറുപ്പും യാഥാസ്ഥിതികതയോടുള്ള കടുത്ത അമര്‍ഷവും നിഴലിടുന്നു. ‘ചാറ്റിങ്’എന്ന കവിത അതോര്‍മ്മപ്പെടുത്തുന്നു:
മൊബൈല്‍ ഫോണ്‍ കിട്ടാന്‍
പരീക്ഷയെ കാമുകനാക്കി
ഫെയ്സ്ബുക്കില്‍ ഇടംപിടിക്കാന്‍
അയല്‍വാസിയെ തേടി
വാട്സ്ആപ്പില്‍ ആളാവാന്‍
സുഹൃത്തിനെ പ്രലോഭിപ്പിച്ചു….
പുതിയ ജീവിതക്രമവും അവയുടെ പ്രയോഗവും കവിതകളിലാവാഹിച്ചിരിക്കുന്നതായികാണാം. മാതൃസ്ഥാപനത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് തുടങ്ങുന്ന സമാഹാരത്തില്‍ പ്രവാസികളോടുള്ള സഹതാപവും കലാലയത്തോടുള്ള കടപ്പാടും വിഷയമാകുന്നുണ്ട്.
ഗസ്സ എന്ന കവിത അധിനിവേശത്തെയും സാമ്രാജ്യത്വത്തെയും നിശിതമായി വിമര്‍ശിക്കുമ്പോള്‍ ഗുരുനാഥന്‍ ആരാവണമെന്നും ശിഷ്യഗണങ്ങളുടെ ഹൃദയമാണ് അധ്യാപകരുടെ സിംഹാസനമെന്നും അംന വരച്ചുകാട്ടുന്നു. കാമുകനെക്കുറിച്ച് സ്വപ്നം കാണുകയും പകല്‍ക്കിനാവിലൂഞ്ഞാലാടുകയും ചെയ്യുന്ന പ്രായത്തില്‍ പീഡിതരേയും മര്‍ദ്ദിതരേയും കുറിച്ച് ചിന്തിക്കുകയും അവ അനശ്വര സൃഷ്ടികളാവുകയും ചെയ്തത് അംനയുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടുതന്നെയാണ്.
തിന്മയുടെ തീക്കാറ്റ് ആഞ്ഞടിക്കുന്ന ഇക്കാലത്ത് നന്മ തേടിയുള്ള എഴുത്തുകാരിയുടെ പ്രയാണത്തിന് ആസ്വാദക വൃന്ദം പച്ചക്കൊടി കാട്ടുമെന്നും നന്മതേടിപറന്ന് ചിറക് തളര്‍ന്ന ഈ പക്ഷിയെ കൈപിടിച്ചുയര്‍ത്തുമെന്നും പ്രത്യാശിക്കാം.

 

 

എംടി ആയിഷ പുളിക്കല്‍

One thought on “തിന്മയുടെ തീക്കാറ്റ് ആഞ്ഞടിക്കുമ്പോള്‍ നന്മയെതേടിയുള്ള പ്രയാണം

  1. എഴുത്തുകാരിക്ക് ഭാവുകങ്ങള്‍
    എല്ലാ നന്മകളും നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Facebook