കവിതകള്‍ ബാക്കിയാക്കി അയ്യപ്പന്‍

മൃത്യുവിന് ഒരു വാക്കേയുള്ളൂ വരൂ പോകാം എന്നെഴുതിയ കവി എ അയ്യപ്പന്‍ ഓര്‍മയായി. ജീവിതകാലം മുഴുവന്‍ അവധൂതനെപ്പോലെ ജീവിച്ച അദ്ദേഹം മരണത്തിലും ആ പതിവ് കൈവിട്ടില്ല. തമ്പാനൂരില്‍ വാഹനാപകടത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഈ വര്‍ഷത്തെ ആശാന്‍ പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. അതു സ്വീകരിക്കാനായി ചെന്നൈയിലേക്കു പോകും വഴിയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച ആയിരുന്നു അവാര്‍ഡ് ദാന ചടങ്ങ്.

1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരത്തെ നേമത്താണ് അദ്ദേഹം ജനിച്ചത്. ഉറ്റവര്‍ക്കില്ലാത്തവന്‍ ഭൂമിക്ക് ഭാരമിവന്‍ ഉള്ളതുമില്ലാത്തതുമൊരുപോലെ താന്‍ എന്നെഴുതിയ കവിയുടെ ശൈശവത്തിലെ തന്നെ അച്ഛന്‍ അറുമുഖവും പിന്നീട് അമ്മ മുത്താമ്മാളും അപമൃത്യുവിന് ഇരയായി. സഹോദരി സുബ്ബലക്ഷ്മിയുടെയും ഭര്‍ത്താവ് കൃഷ്ണന്റെയും സംരക്ഷണയിലാണ് അദ്ദേഹം ജീവിച്ചത്. ഒരു മരണവും എന്നെ കരയിച്ചിട്ടില്ല, അതൊരു അപമൃത്യുവായിരുന്നു പെറ്റ മാറില്‍ എന്റെ കണ്ണുനീര്‍ പൊട്ടിവീണില്ല എന്ന വരികളില്‍ കവി സ്വന്തം അനുഭവങ്ങളെ കുറിച്ചിടുന്നു. സ്‌കൂള്‍ പഠന കാലത്ത് തന്നെ അദ്ദേഹം കവിതകള്‍ എഴുതുമായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അദ്ദേഹം മൂന്നു വര്‍ഷത്തോളം തമിഴ്‌നാട്ടിലായിരുന്നു. കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന അദ്ദേഹം ജനയുഗം പത്രത്തിലും പ്രവര്‍ത്തിച്ചു. ട്യൂട്ടോറിയല്‍ അധ്യാപകന്‍, പ്രൂഫ് റീഡര്‍, എഡിറ്റര്‍ എന്നിങ്ങനെ വിവിധ ജോലികള്‍ അദ്ദേഹം ചെയ്തു. അക്ഷരം എന്ന മാസികയുടെ പ്രസാധകനും
പത്രാധിപരുമായി.

ജീവിതം പോലെ തന്നെ സാഹിത്യത്തിലും പതിവുവഴിത്താരകളില്‍ നിന്ന് മാറിയുള്ള സഞ്ചാരമായിരുന്നു അദ്ദേഹത്തിന്റേത്. ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ് ആദ്യകൃതി. ബലിക്കുറിപ്പുകള്‍, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, പ്രവാസിയുടെ ഗീതം, ബുദ്ധനും ആട്ടിന്‍കുട്ടിയും, മാളമില്ലാത്ത പാമ്പ്, കറുപ്പ്, വെയില്‍ തിന്നുന്ന പക്ഷി, ജയില്‍മുറ്റത്തെ പൂക്കള്‍, കണ്ണ്, ഗ്രീഷ്മവും കണ്ണീരും,പ്രണയത്തിന്റെയും മരണത്തിന്റെയും കവിതകള്‍, കല്‍ക്കരിയുടെ നിറമുള്ളവര്‍, എന്നിവയാണ് പ്രധാന കൃതികള്‍. കുട്ടികള്‍ക്കായി എലിയും പൂച്ചയും കൂട്ടുകാരാവുന്നു എന്നൊരു കാവ്യസമാഹാരവും അദ്ദേഹം രചിച്ചു. വെയില്‍ തിന്നുന്ന പക്ഷി എന്ന സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

വികാരതീവ്രമായ വാക്കുകളിലൂടെയാണ് തന്റെ അനുഭവങ്ങളെ അദ്ദേഹം കാവ്യപുസ്തകങ്ങളാക്കിയത്. വേരുകള്‍ പൊട്ടിമരമായ് ശാഖികള്‍ വീശി തളിരിടും പൂമരമല്ല എന്റെ പ്രേമം എന്നെഴുതിയ കവി പ്രേമനൈരാശ്യത്തെത്തുടര്‍ന്ന് വിവാഹജീവിതവും വേണ്ടെന്നുവച്ചു. ജീവിതത്തില്‍ ലഹരിക്കൊഴികെ മറ്റൊന്നിനും അദ്ദേഹത്തെ കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ലഹരിയുടെ നിത്യകാമുകനായി തെരുവോരങ്ങളില്‍ അലയുകയായിരുന്നു ജീവിതയാത്രയിലുടനീളം. സ്വന്തമായി വീടില്ലാത്ത അദ്ദേഹത്തിന് പലപ്പോഴും ഇടത്താവളങ്ങളായത് സുഹൃത്തുക്കളുടെ വീടും
അഭയകേന്ദ്രങ്ങളുമായിരുന്നു. ജീവിതത്തില്‍ തോല്‍വി സമ്മതിക്കാന്‍ മടിക്കാത്ത ആ മനസ് നിന്നെ സ്‌നേഹിച്ചവര്‍ പുച്ഛിച്ചവര്‍ ഏവരും നിന്റെ ജഡത്തില്‍ വീണു കരയും എന്നും എഴുതി. അങ്ങനെ വറുതികളുടെ ജീവിതത്തില്‍ നിന്ന് അദ്ദേഹം വിട പറഞ്ഞിരിക്കുന്നു. ബാക്കിയാകുന്നത് അക്ഷരങ്ങളിലൂടെ ജ്വലിപ്പിച്ച ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ മാത്രം. അതേ എവിടെയോ ഇരുന്ന് അദ്ദേഹം പാടുന്നുണ്ട് മൃത്യു പ്രിയപ്പെട്ട അതിഥി , എനിക്കൊരു വാക്കേയുള്ളൂ വറുതികളുടെ ജീവിതത്തില്‍ നിന്ന് വരൂ.

| Gijimol P

Leave a Reply

Your email address will not be published. Required fields are marked *

Facebook