അച്യുതമേനോന്‍റെ വരവും അടിയന്തരാവസ്ഥയും

1967 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി മൂന്നാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ രൂപം കൊണ്ടതും സിപിഐ, ആര്‍എസ്പി, മുസ്ലിംലീഗ്, ഐഎസ്പി, കെഎസ്പി, കെടിപി എന്നീ കക്ഷികള്‍ ഉള്‍പ്പെട്ടതുമായ സപ്തകക്ഷിമുന്നണി 133 നിയമസഭാസീറ്റുകളില്‍ 113 എണ്ണവും നേടി അധികാരത്തിലേറി.
തെരഞ്ഞെടുപ്പിനുമുമ്പായി നടന്ന മണ്ഡലം പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് നിയമസഭയുടെ അംഗബലം 126 ല്‍നിന്ന് 133 ആയി ഉയര്‍ന്നിരുന്നു. ഇഎംഎസിന്‍റെ നേതൃത്വത്തില്‍ സപ്തകക്ഷി അധികാരത്തിലേറിയപ്പോള്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ പ്രതിപക്ഷത്തായി. കെ കരുണാകരനായിരുന്നു പ്രതിപക്ഷ നേതാവ്.

അധികാരത്തിലേറി 30 മാസം തികയും മുമ്പ് മുന്നണി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുകയും 1969 ഒക്ടോബര്‍ 24ന് ഇഎംഎസ് മന്ത്രിസഭ രാജിവയ്ക്കുകയും ഗവര്‍ണരുടെ നിര്‍ദ്ദേശപ്രകാരം കാവല്‍ മന്ത്രിസഭയ്ക്ക് ഇഎംഎസ് നേതൃത്വം നല്‍കുകയും ചെയ്തു. വീണ്ടും മുന്നണി ബന്ധങ്ങളില്‍ മാറ്റമുണ്ടായി സപ്തകക്ഷിയുടെ ഭാഗമായിരുന്ന സിപിഐ, ആര്‍എസ്പി, മുസ്ലിംലീഗ്, ഐഎസ്പി, എന്നീ കക്ഷികളും പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്, കേരളകോണ്‍ഗ്രസുമായി ചേര്‍ന്ന് പുതിയ മന്ത്രിസഭയുണ്ടാക്കി. അന്ന് രാജ്യസഭാംഗമായിരുന്ന സി അച്യുതമേനോന്‍റെ നേതൃത്വത്തില്‍ 1969 നവംബര്‍ ഒന്നിന് പുതിയ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രിയായ അച്യൂതമേനോന് നിയമസഭാംഗമാകുന്നതിന് വേണ്ടി ഇ ചന്ദ്രശേഖരന്‍ നായര്‍ രാജിവച്ചു. കൊട്ടാരക്കര മണ്ഡലത്തിലെ പ്രതിനിധിയായിരുന്ന അദ്ദേഹത്തിന്‍റെ ഒഴിവില്‍ അച്യുതമേനോന്‍ മത്സരിച്ചുജയിച്ചു. എന്നാല്‍ എട്ടുമാസത്തെ ഭരണത്തിനുശേഷം പുതിയ ജനവിധി തേടുന്നതിനുവേണ്ടി നിയമസഭ പിരിച്ചുവിടാന്‍ ഗവര്‍ണറോട് ഉപദേശിക്കുകയും 1970 ജൂണ്‍ 26ന് നിയമസഭ പിരിച്ചുവിടുകയും ചെയ്തു. കേരളം തുടര്‍ന്ന് അഞ്ചാമതും രാഷ്ട്രപതി ഭരണത്തിലായി.

1970 സെപ്തംബര്‍ 17ന് നാലാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. ഐക്യമുന്നണി ഭൂരിപക്ഷം നേടുകയും സി അച്യൂതമേനോന്‍ മുഖ്യമന്ത്രിയായി വീണ്ടും ഒക്ടോബര്‍ നാലിന് അധികാരമേറ്റു. സ്പീക്കറായിരുന്ന കെ മൊയ്തീന്‍കുട്ടി ഹാജി 1975 മെയ് എട്ടിന് രാജിവയ്ക്കുകയും 1976 ഫെബ്രുവരി 17 മുതല്‍ ടി എം ജോണ്‍ പുതിയ സ്പീക്കറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1975 ജൂണ്‍ 25ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഇതേ തുടര്‍ന്ന് നിയമസഭയുടെ കാലാവധി 1975 ക്ടോബര്‍ 22നും  1977 മാര്‍ച്ച് 22നുമിടയ്ക്ക് മൂന്ന് ഘട്ടങ്ങളിലായി ആകെ 18 മാസം ദീര്‍ഘിപ്പിച്ചു. അപ്രകാരം കേരള നിയമസഭ ആറ് വര്‍ഷവും അഞ്ചുമാസവും 18 ദിവസവും നിലനിന്നു. കേരള സംസ്ഥാനം രൂപം കൊണ്ടതിനുശേഷം ആദ്യമായി ഒരു മന്ത്രിസഭ കാലാവധി തികച്ച് ഭരിച്ചതും അഞ്ചുവര്‍ഷത്തിലൊരിക്കല്‍ നിര്‍ബന്ധമായും തെരഞ്ഞെടുപ്പ് നടക്കേണ്ടത് ആറര വര്‍ഷം വരെ നീണ്ടതും ചരിത്രരേഖയായി മാറി.
1977 മാര്‍ച്ച് അഞ്ചാം തിയ്യതി അഞ്ചാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മണ്ഡലം പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് അംഗബലം 133 ല്‍നിന്ന് 140ലേക്ക് ഉയര്‍ന്നത് ഇക്കാലത്താണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ആര്‍എസ്പി, സിപിഐ, കേരള കോണ്‍ഗ്രസ് എന്നീ കക്ഷികളടങ്ങിയ ഐക്യമുന്നണി എന്‍ഡിപിയുടെയും  പിഎസ്പിയുടെയും പിന്തുണയോടുകൂടി വിജയിച്ച് അധികാരത്തിലേറി . 1977 മാര്‍ച്ച് 27ന് കെ കരുണാകരന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നു. ചാക്കീരി അഹമ്മദ് കുട്ടിയായിരുന്നു സ്പീക്കര്‍.
അടിയന്തരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജന്‍കേസിന്‍റെ കോലാഹലം ഇക്കാലത്ത് ശക്തമായി. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് 1977 ഏപ്രില്‍ 25ന് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഏപ്രില്‍ 27ന് എകെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു.

 

പി വി ആസാദ്

Leave a Reply

Your email address will not be published. Required fields are marked *

Facebook