രാഷ്ട്രീയ അസ്ഥിരതയുടെ നാളുകള്‍

അടിയന്തരാവസ്ഥ ഇന്ത്യയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമായി. ജനാധിപത്യത്തിന്‍റെ അനിവാര്യതയും ഏകാധിപത്യത്തില്‍ നടക്കുന്ന മൃഗീയതയും ബോധ്യപ്പെടുത്തുന്നതുകൂടിയായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍, കേന്ദ്രത്തിലെ ഭരണമാറ്റത്തിന് അടിയന്തരാവസ്ഥ കാരണമായപ്പോള്‍ കേരളത്തില്‍ പക്ഷേ, കെ കരുണാകരന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം വന്നതും ചരിത്രത്തിന്‍റെ ഭാഗം.
എങ്കിലും അടിയന്തരാവസ്ഥയുടെ ക്രൂരമുഖം അദ്ദേഹത്തെ വേട്ടയാടുകയും കെ കരുണാകരന് മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവരികയും ചെയ്തു. പകരം വന്ന ആന്‍റണിക്കും പിടിച്ചുനില്‍ക്കാനായില്ല. 1977 ഏപ്രില്‍ 27ന് അധികാരമേറ്റ ആന്‍റണി 1978 ഒക്ടോബര്‍ 27ന് രാജിവെച്ചു. തുടര്‍ന്ന് പി കെ വാസുദേവന്‍ നായര്‍ 1978 ഒക്ടോബര്‍ 29ന് അധികാരത്തിലേറി. ദേശീയ രാഷ്ട്രീയത്തിലെ സംഭവവികാസങ്ങളെ തുടര്‍ന്ന് പുതിയ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപപ്പെടുകയും 1979 ഒക്ടോബര്‍ ഏഴിന് പി കെ വാസുദേവന്‍നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 1979 ഒക്ടോബര്‍ 12ന് സി എച്ച് മുഹമ്മദ് കോയയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റു. എന്നാല്‍ കേവലം രണ്ടുമാസത്തോളം മാത്രമേ ആ മന്ത്രിസഭയ്ക്ക് പിടിച്ചു നില്‍ക്കാനായുള്ളു. നവംബര്‍ 30ന് അഞ്ചാം കേരള നിയമസഭ പിരിച്ചുവിടുകയും ഡിസംബര്‍ ഒന്നിന് മന്ത്രിസഭ രാജിവയ്ക്കുകയും അഞ്ചാംതിയ്യതി മുതല്‍  സംസ്ഥാനം രാഷ്ട്രപതിഭരണത്തിലാവുകയും ചെയ്തു.1980 ജനുവരി 21ന് ആറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. സിപിഎമ്മിന്‍റ നേതൃത്വത്തില്‍ സിപിഐ, ആര്‍എസ്പി, അഖിലേന്ത്യാ മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് യു എന്നീ കക്ഷികള്‍ ഉള്‍പ്പെട്ട എല്‍ഡിഎഫ് ഭൂരിപക്ഷം നേടുകയും ഇ കെ നായനാറുടെ നേതൃത്വത്തില്‍ ജനുവരി 25ന് മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. ഫെബ്രുവരി 15ന് എ പി കുര്യന്‍ സ്പീക്കറായി സ്ഥാനമേറ്റ. കോണ്‍ഗ്രസ് യു, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ എല്‍ഡിഎഫ് വിട്ടതിനെ തുടര്‍ന്ന് 1981 ഒക്ടോബര്‍ 20ന് നായനാര്‍ മന്ത്രിസഭ രാജിവയ്ക്കുകയും സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലാവുകയും ചെയ്തു.
പക്ഷേ. സഭ പിരിച്ചുവിടാതെ ‘സസ്പെന്‍ഡഡ് അനിമേഷന്‍’എന്ന പേരില്‍ നിയമസഭയെ മരവിപ്പിച്ചുനിര്‍ത്തുകയായിരുന്നതിനാല്‍ രാഷ്ട്രീയ സഖ്യങ്ങള്‍ മാറിമറിഞ്ഞതോടെ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ ചേരുകയും  തുടര്‍ന്ന് നിയമസഭയെ മരവിപ്പിച്ച് നിര്‍ത്തിയത് ഒഴിവാക്കി 1981 ഡിസംബര്‍ 28ന് കെ കരുണാകരന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ അധികാരമേല്‍ക്കുകയും ചെയ്തു. സിപീക്കറായിരുന്ന എ പി കുര്യന്‍ 1982 ഫെബ്രുവരി ഒന്നിന് രാജിവയ്ക്കുകയും മൂന്നിന് എ സി ജോസ് സ്പക്കറായി പദവിയിലേറുകയും ചെയ്തു.

സ്പീക്കറെ മാറ്റിനിര്‍ത്തിയാല്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും 70 വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഭരണപക്ഷത്തെ കേരള കോണ്‍ഗ്രസ് അംഗം ലോനപ്പന്‍ നമ്പാടന്‍ എല്‍ഡിഎഫിലേക്ക് മാറിയതിനെ തുടര്‍ന്ന് 1982 മാര്‍ച്ച് 17ന് മന്ത്രിസഭ രാജിവച്ചു. സംസ്ഥാനം വീണ്ടും രാഷ്ട്രപതി ഭരണത്തിലായി. ഐക്യകേരളത്തിന്‍റെ രൂപീകരണത്തിനുശേഷം ഏകദേശം കാല്‍നൂറ്റാണ്ടിനിടയില്‍ വിവിധ കാരണങ്ങളാല്‍ എട്ടു തവണ രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായ കേരളത്തിന് 1982നുശേഷം അത്തരമൊരു സ്ഥിതിവിശേഷത്തെ നേരിടേണ്ടി വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആ വര്‍ഷം മെയ് 19ന് ഏഴാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് ഐയുടെ നേതൃത്വത്തില്‍ യുഡിഎഫ് ഭൂരിപക്ഷം നേടുകയും 24-ാംതിയ്യതി കെ കരുണാകരന്‍ മൂന്നാംതവണയും മുഖ്യമന്ത്രിയാവുകയും ചെയ്തു. വക്കം പുരുഷോത്തമനായിരുന്നു സ്പീക്കര്‍. ഇ കെ നായനാരായിരുന്നു പ്രതിപക്ഷ നേതാവ്. ഉപമുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ1983 സെപ്തംബര്‍ 28ന് അന്തരിച്ചതിനെതുടര്‍ന്ന് അവുക്കാദര്‍ കുട്ടി നഹ ഉപമുഖ്യമന്ത്രിയാവുകയും ചെയ്തു.
സ്പീക്കര്‍ വക്കം പുരുഷോത്തമന്‍  ലോകസഭാംഗമായതിനെ തുടര്‍ന്ന് 1985 മാര്‍ച്ച് എട്ടിന് വി എം സുധീരന്‍ സ്പീക്കറായി ചുമതലയേറ്റു. കേരള രാഷ്ട്രീയം സ്ഥിരതയിലേക്ക് നീങ്ങുന്നു എന്ന സൂചന നല്‍കി ഏഴാം കേരള നിയമസഭ കെ കരുണാകരന്‍റെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി.

 

പി വി ആസാദ്

Leave a Reply

Your email address will not be published. Required fields are marked *

Facebook