പകര്‍ച്ചവ്യാധികള്‍ പടരുന്നു

ഇന്നോളം അനുഭവപ്പെട്ടിട്ടില്ലാത്ത കൊടുംചൂടില്‍ നാടുരുകുന്നു. ജലാശയങ്ങളും കിണറുകളും വറ്റി. അടുത്ത കാലത്തൊന്നുമില്ലാത്ത വരള്‍ച്ചയിലാണ് നാട്. വെള്ളം മലിനമായതിനെത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും പടരുന്നു. സൂര്യാഘാതമേറ്റ് പലരും ചികിത്സ തേടുന്നുണ്ട്. ചിലര്‍ വഴിയില്‍ തളര്‍ന്നു വീഴുന്നു.

മെച്ചപ്പെട്ട വേനല്‍ മഴയ്ക്ക് ഈ ആഴ്ചയും സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ അവസ്ഥയില്‍ കഠിന വേനലില്‍ വലിയ ദുരന്തത്തിലേക്കാണ് നാട് നീങ്ങുന്നതെന്ന് കാലാവസ്ഥാ ഗവേഷകരുടെ മുന്നറിയിപ്പുമുണ്ട്.

എന്നാല്‍ ചൂടിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് പരിധി വിട്ട് ഉയര്‍ന്നതായി രേഖപ്പെടുത്തിയിട്ടില്ല. പൊള്ളുന്ന ചൂടും പുഴുക്കവുമാണ് അനുഭവപ്പെടുന്നത്്. തൃശൂര്‍  ജില്ലയില്‍ ചൂട് 35–36 മാത്രമാണെന്നാണ് കാര്‍ഷിക സര്‍വകലാശാലാ കാലാവസ്ഥാ പഠനകേന്ദ്രത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ അനുഭവപ്പെടുന്ന ചൂടിന്റെ തീവ്രത 45 ഡിഗ്രി സെന്‍ഷ്യസിനു സമാനമാണ്. അന്തരീക്ഷ ഊഷ്മാവും ആര്‍ദ്രതയും നിജപ്പെടുത്തുന്ന സൂചികയുടെ അടിസ്ഥാനത്തിലാണിത് കണക്കാക്കുന്നത്. പകല്‍ ചൂട് വര്‍ധിച്ചതനുസരിച്ച് രാത്രി ചൂടും ശരാശരിയേക്കാള്‍ നാലു ഡിഗ്രി ഉയര്‍ന്നിട്ടുണ്ട്. അന്തരിക്ഷ ഊഷ്മാവ് 38 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുകയും ആര്‍ദ്രത കുറയുകയും ചെയ്യുന്ന അവസ്ഥയിലാണ് സൂര്യാഘാതം ഉണ്ടാവുന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ ഡോ. സി എസ് ഗോപകുമാര്‍ പറഞ്ഞു.

2015–16ല്‍ കാലവര്‍ഷം 26 ശതമാനം കുറവായിരുന്നു. തുലാവര്‍ഷവും ശരാശരിയാണ് കിട്ടിയത്. ഈ സാഹചര്യത്തില്‍ വേനല്‍മഴ പാടേ ചതിച്ചത് വരള്‍ച്ചയുടെ ആക്കം കൂട്ടി. പീച്ചി, ചിമ്മിനി, വാഴാനി ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3–4 മീറ്ററോളം വെള്ളം കുറവാണ്.

നിര്‍ജലീകരണം മുതല്‍ മഞ്ഞപ്പിത്തം വരെ

കടുത്ത വേനലില്‍ നിര്‍ജലീകരണംമൂലമാണ് കൂടുതല്‍ അസുഖങ്ങള്‍ വരുന്നതെന്ന് ആരോഗ്യവകുപ്പ്. മലിനജലവും പകര്‍ച്ചവ്യാധിക്ക് ഇടയാക്കുന്നു.
ചൂടില്‍ ശരീരത്തിലെ ജലാംശം വന്‍തോതില്‍ നഷ്ടപ്പെടും. 20 ശതമാനത്തേക്കാള്‍ കൂടുതല്‍ ജലം നഷ്ടപ്പെട്ടാല്‍  തളര്‍ന്നു വീഴും.  വെള്ളം കുടിക്കുക മാത്രമാണ് പരിഹാരം. ക്ഷീണം, തളര്‍ച്ച, തലവേദന തുടങ്ങിയവയാണ് നിര്‍ജലീകരണത്തിന്റെ ലക്ഷണം. വെയിലത്ത് നടന്നാല്‍ ഇതുണ്ടാകും.  സൂര്യാഘാതമേറ്റാല്‍ ഉടന്‍ ചികിത്സയും വിശ്രമവുമാണ് വേണ്ടത്. ചിക്കന്‍ പോക്സ്, മൂത്രാശയ രോഗങ്ങള്‍, ചെങ്കണ്ണ്, ത്വക്ക് രോഗങ്ങള്‍, ഛര്‍ദി, അതിസാരം  തുടങ്ങിയവയും  വ്യാപിക്കുന്നു.

ചൂടിന്റെ ആഘാതം ഏല്‍ക്കാതിരിക്കാനെടുക്കേണ്ട മുന്‍കരുതല്‍
* പകല്‍ 11നും മൂന്നിനും മധ്യേ കഴിവതും യാത്ര ഒഴിവാക്കുക.
* വെയിലത്ത് കുട ചൂടുക. സണ്‍ഗ്ളാസും സണ്‍ക്രീമും ഉപയോഗിക്കാം.
*  കറുത്ത വസ്ത്രം ഒഴിവാക്കുക.  കോട്ടണ്‍ വസ്ത്രം ശീലമാക്കുക.
* തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
* വഴിയരികില്‍ നിന്ന് ശീതളപാനീയങ്ങള്‍, ഐസ് തുടങ്ങിയവ ഒഴിവാക്കുക
* പഴവര്‍ഗങ്ങളും പച്ചക്കറികളും പഴച്ചാറും ഉപയോഗിക്കുക
* മാംസാഹാരം ഒഴിവാക്കുക

Leave a Reply

Your email address will not be published. Required fields are marked *

Facebook