കെ കെ മുഹമ്മദ് അബ്ദുല്‍കരീം: പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരന്‍

ഒരു മഹത്തായ പാരമ്പര്യത്തെ അടയാളപ്പെടുത്തിയ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍കരീം(1932-2005). പതിനാറാം വയസ്സില്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതിതുടങ്ങിയ അദ്ദേഹം ഇബ്നു മീരാന്‍കുട്ടി, അബു അബ്ദു റഷീദ്, അബു നശീദ, കീടക്കാടന്‍ എന്നീ തുലികാ നാമങ്ങളും സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഓരോ കൃതികളും മാപ്പിളമാരുടെ സാംസ്കാരിക പൈതൃകം അന്വേഷിക്കുന്നതായിരുന്നു. മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍ക്കൊള്ളുന്ന കേരളത്തിന്‍റെ ചരിത്രപരമായ വികാസത്തെക്കുറിച്ചുള്ള അന്വേഷണം കൂടിയായിരുന്നു അത്.
1932 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് അന്നത്തെ കണ്ണങ്കോട്ടുപാറ എന്നറിയപ്പെട്ടിരുന്ന കരിപ്പൂര്‍ എന്ന പ്രദേശത്ത് (കോഴിക്കോട് വിമാനത്താവളം സ്ഥാപികമായതോടെ കരിപ്പൂര്‍ പ്രസിദ്ധമായി)  കീടക്കാട്ട് കാവുങ്ങലക്കണ്ടിയില്‍ ബീരാന്‍കുട്ടി മുസ്ല്യാരുടെയും കീടക്കാട്ട് തെക്കുവീട്ടില്‍ ഫാത്തിമക്കുട്ടിയുടേയും മകനായി ജനിച്ച കെ കെ മുഹമ്മദ് അബ്ദുല്‍ കരീം  1948 ല്‍ എഴുത്തിന്‍റെ ലോകത്ത് ചിരപ്രതിഷ്ഠനേടിയിട്ടും 28 വര്‍ഷത്തിനുശേഷം 1976 ല്‍ റോളണ്ട് ഇ മില്ലറെ പോലുള്ള പാശ്ചാത്യ പണ്ഡിതര്‍ തങ്ങളുടെ കൃതികളില്‍ മലയാളിയായ കെ കെ മുഹമ്മദ് അബ്ദുല്‍കരീമിന്‍റെ ഉദ്ധരണികള്‍ എടുത്തുപയോഗിച്ചപ്പോഴാണ് കേരളത്തിലെ അക്കാദമിക പണ്ഡിതര്‍ ഇദ്ദേഹത്തെ മനസ്സിലാക്കുന്നത്.
അംഗീകൃത ഗവേഷണ ബിരുദങ്ങളില്ലാതെ ഒരു നാട്ടിന്‍പുറത്തെ ലോവര്‍ പ്രൈമറി സ്കൂളില്‍ വാദ്ധ്യാരായ ഒരാള്‍ എന്നുമാത്രമേ അന്നത്തെ ഈ കണ്ണങ്കോട്ടുപാറക്കാരനെ ഇവിടുത്തുകാര്‍ കണ്ടുള്ളു. കൊണ്ടോട്ടിക്കാരനായ മഹാകവി മോയിന്‍കുട്ടി വൈദ്യരെ ഫോസറ്റ് എന്ന സായ്പ് പരിചയപ്പെടുത്തിയതുപോലെയാണ് മറ്റൊരു കൊണ്ടോട്ടിക്കാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീം മലയാളചരിത്രലോകത്തിന് പരിചിതനാകുന്നതും എന്ന സമാനതയുണ്ട്.
ജപ്പാനിലെ തോഷിയ അവായയും ‘മാപ്പിള മുസ്ലിംസ് ഓഫ് കേരള’ എന്ന കൃതി രചിച്ച റോളണ്ട് ഇ മില്ലറും ‘ദ മാപ്പിളാസ് ഓഫ് മലബാര്‍1498-1922’ എഴുതിയ സ്റ്റീഫന്‍ ഫെഡറിക് ഡൈലും സ്വന്തം കൃതികളുടെ അടിക്കുറിപ്പിലും സഹായക ഗ്രന്ഥങ്ങളെന്നും ആവര്‍ത്തിച്ചിരിക്കുന്ന നാമമാണ് മലയാളിയായ മലബാറിലെ മലപ്പുറത്തെ ഏറനാട്ടിലെ ആകാരത്തിലും തനിമാപ്പിളയായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്‍റേത്.
ഒരു ജനതയുടെ പാരമ്പര്യവും പൈതൃകങ്ങളും തേടിയുള്ള അന്വേഷണങ്ങളായിരുന്നു അദ്ദേഹത്തിന്‍റേത്. മാപ്പിളസാഹിത്യത്തിനും ചരിത്രത്തിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. അക്കാദമിക രംഗത്ത് പ്രഗത്ഭരായ ഒട്ടനവധി ഗവേഷകരെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന ഗുരുസ്ഥാനവും അദ്ദേഹത്തിനുണ്ട്. സര്‍വ്വകലാശാലകള്‍ നല്‍കുന്ന അക്കാദമിക യോഗ്യതയേക്കാള്‍ എത്രയോ ഇരട്ടി മുകളില്‍ വരുന്നതാണ് അദ്ദേഹത്തിന്‍റെ അന്വേഷണങ്ങളും പഠനങ്ങളും ശേഖരവും.
ചരിത്രത്തോടുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യങ്ങളും അന്വേഷണതൃഷ്ണയുമെല്ലാം പൈതൃകമായി തന്നെ ലഭിച്ചതാണ്. അദ്ദേഹത്തിന്‍റെ പിതാമഹന്‍റെ ഗ്രന്ഥശേഖരം പ്രയോജനപ്പെടുത്താനായതും പ്രതിഭയെ മെച്ചപ്പെടുത്തി. അദ്ദേഹത്തിന്‍റെ ജീവിത രേഖയില്‍ നിന്നുതന്നെ അത് വായിച്ചെടുക്കാനാകും. പ്രവാചകന്‍, മഹത്തുക്കള്‍ എന്നിവരുടെ ജീവചരിത്രവും കീര്‍ത്തനപദ്യങ്ങളുമുള്‍ക്കൊള്ളുന്ന മൂന്ന്  മൗലീദുകളുടെയും ഏതാനും ചരമഗീതങ്ങളുടെയും കര്‍ത്താവായ ആലിക്കുട്ടി മുസ്ലിയാര്‍, അദ്ദേഹത്തിന്‍റെ പിതാമഹന്മാരില്‍ ഒരാളായിരുന്നു. മോയിന്‍കുട്ടി വൈദ്യരുടെ ഗുരുനാഥനും തബൂക്ക് ഖിസ്സപ്പാട്ടിന്‍റെ രചയിതാവുമായ ചുള്ളിയന്‍ ബീരാന്‍കുട്ടി അബ്ദുല്‍കരീമിന്‍റെ പിതാമഹനാണ്. ഫലക്കി മുഹമ്മദ് മുസ്ലിയാര്‍, കെ സി കോമുക്കുട്ടി മൗലവി തുടങ്ങിയവര്‍ പിതാവിന്‍റെ സുഹൃത്തുക്കളും വീട്ടിലെ നിത്യ സന്ദര്‍ശകരുമായിരുന്നതിനാല്‍ ഇവരെയെല്ലാം നിരീക്ഷിക്കുകയും അവരില്‍ നിന്നെല്ലാം പലതും പഠിക്കുവാനും ബാല്യകാലത്തുതന്നെ അദ്ദേഹം ശ്രദ്ധിച്ചിരുന്നതായും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേ താന്‍ വായിച്ചുപോന്ന ചരിത്രകഥകളും ക്ലാസിക് മാപ്പിളപ്പാട്ടുകളും പിതാവിന്‍റെ ശേഖരത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളും അദ്ദേഹത്തിന്‍റെ ബോധവളര്‍ച്ചയില്‍ സ്വാധീനം ചെലുത്തിയതായി കാണാം.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ക്കു മുമ്പും ശേഷവും ഒട്ടനവധി കവികള്‍ ജീവിച്ചിരുന്ന പ്രദേശമായിരുന്നു കൊണ്ടോട്ടിയും പരിസരപ്രദേശങ്ങളും എന്ന  നിലയില്‍ കാവ്യങ്ങളെ കരളിലേക്കാവാഹിച്ച് അവയുടെ വ്യാഖ്യാതാവാകുവാന്‍ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനു കഴിഞ്ഞു. വൈദ്യരുടെ പ്രമുഖ കൃതികള്‍ വ്യാഖ്യാനിച്ചതും വൈദ്യരുടെ സമ്പൂര്‍ണകൃതികള്‍ സമാഹരിച്ചതും കെ കെ മുഹമ്മദ് അബ്ദുല്‍ കരീമാണ്. സാംസ്കാരിക വകുപ്പിന് കീഴിലുള്ള മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റി 2005 ല്‍ മോയിന്‍കുട്ടി വൈദ്യരുടെ സമ്പൂര്‍ണകൃതികള്‍ സമാഹരിച്ചു രണ്ടുവാള്യങ്ങളായി പ്രസിദ്ധീകരിച്ചപ്പോള്‍ കണ്ടെടുക്കപ്പെട്ട രചനകളൊക്കെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയെ ചരിത്രത്തില്‍ പ്രസിദ്ധമാക്കിയ മുഹമ്മദ് ഷാ തങ്ങളുടെ പിന്മുറക്കാരെ അക്കമിട്ടു പരിചയപ്പെടുത്തുന്ന വൈദ്യരുടെ കൃതിയായ ‘കറാമത്ത്മാല’ എന്തുകൊണ്ട് സമ്പൂര്‍ണകൃതികളില്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ‘കറാമത്ത് മാല’യുടെ വ്യാഖ്യാനമോ ഭാഷാന്തരമോ അദ്ദേഹം നിര്‍വ്വഹിച്ചതായി അറിവില്ല.
ചരിത്രം മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയം. സാഹിത്യത്താലും അദ്ദേഹം സമ്പന്നമായിരുന്നു. വലുതും ചെറുതമായ ഒട്ടനവധി രചനകള്‍ അദ്ദേഹത്തിന്‍റേതായി പുറത്തുവന്നു. മൗലിക രചനകള്‍ക്കു പുറമേ അറബി, ഉര്‍ദു ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങളും അദ്ദേഹം നിര്‍വ്വഹിച്ചു. ജീവിചരിത്രമെഴുതാന്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നതില്‍ പോലും അദ്ദേഹം സൂക്ഷ്മത പാലിച്ചു. അജ്മീര്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ ചരിത്രമാണ് അബ്ദുല്‍ കരീമിനെ ശ്രദ്ധേയനാക്കിയ ആദ്യത്തെ ജീവ ചരിത്രകൃതി. ഏറ്റവും ഒടുവില്‍ എഴുതിയതാകട്ടെ ജനിച്ച മണ്ണില്‍ ബ്രിട്ടീഷ് ആധിപത്യത്തിന്നെതിരെ പൊരുതി മരിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവും. സൂഫിയുടെ ഹൃദയനൈര്‍മല്യവും വിപ്ലവകാരിയുടെ അന്തര്‍സംഘര്‍ഷങ്ങളും പ്രക്ഷുബ്ധതയും ഒത്തുചേരുന്ന മനസ്സായിരുന്നു മുഹമ്മദ് അബ്ദുല്‍ കരീമിന്‍റേതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും. മൂന്നു പതിറ്റാണ്ടുകാലത്തെ കഠിന പ്രയത്നത്തിലൂടെയാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സമുദായ പരിഷ്കര്‍ത്താവും നവോത്ഥാന നായകനുമായ മക്തിതങ്ങളുടെ സമ്പൂര്‍ണകൃതികള്‍ സമാഹരിച്ചത്. സ്വയം സമര്‍പ്പിതമായ ജീവിതശൈലി തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സാഹിത്യ സപര്യ.
മാപ്പിളസാഹിത്യ ഗവേഷണ രംഗത്ത് സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹത്തില്‍ നിന്നുണ്ടായത്. ആസ്വാദനവും നിരൂപണവും ഒരു പോലെ വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. ഉര്‍ദു, പാര്‍സി, സംസ്കൃതം, തമിഴ് തുടങ്ങിയ സങ്കരഭാഷകളുടെ സമന്വയമായിരുന്നു വൈദ്യര്‍ കൃതികള്‍. അത് അര്‍ത്ഥത്തോടെ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിന്നായി. വൈദ്യരുടെ ഹുസ്നുല്‍ ജമാല്‍ ബദ്റുല്‍ മുനീര്‍, ഗസ്വത് ബദറുല്‍ കുബ്റാ എന്ന ബദര്‍ പടപ്പാട്ട്, മദിനിദി മാല എന്ന മലപ്പുറം പടപ്പാട്ട്, കുഞ്ഞായിന്‍ മുസ്ല്യാരുടെ കപ്പപ്പാട്ട്, നൂല്‍മദ്ഹ് എന്നിവയ്ക്കും അദ്ദേഹം വ്യാഖ്യാനങ്ങളെഴുതി. വൈദ്യരുടെ ജീവചരിത്രവും മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും എന്ന ഫലിതകഥകളുടെ സമാഹാരവും കെ കെ അബ്ദുല്‍ കരീമിനെ ശ്രദ്ധേയനാക്കി. മങ്ങാട്ടച്ചനും കുഞ്ഞായിന്‍ മുസ്ലിയാരും എന്ന ഫലിത സമാഹാരത്തിന് അദ്ദേഹത്തിന്‍റെ ജീവിത കാലത്തുതന്നെ 40 പതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
406 വര്‍ഷങ്ങള്‍ക്കുമുമ്പ് രചിക്കപ്പെട്ട മുഹ്യിദ്ദീന്‍മാല രചിക്കപ്പെട്ടത് അറബി മലയാളത്തിലാണ്. കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാപ്പിളപ്പാട്ടായി പരിഗണിക്കപ്പെടുന്ന മുഹ്യിദ്ദീന്‍ മാലമുതല്‍ ലഭ്യമായ ആദ്യകാല മാപ്പിളമാരുടെ കൃതികളെല്ലാം അറബിമലയാളത്തിലായിരുന്നു. ഒരു കാലത്ത് മലബാറിലെ മാപ്പിളമാര്‍ സര്‍വ്വസാധാരണയായി ഉപയോഗിച്ചിരുന്ന അറബിമലയാളം ഇന്ന്  അറബി മലയാളം ഗവേഷണ ഗ്രന്ഥാലയങ്ങളിലോ പുരാവസ്തുവകുപ്പിലോ ആണ്. എന്നാല്‍ അറബി മലയാള ലിപിയില്‍ ഗ്രന്ഥരചന നിര്‍വ്വഹിച്ചിരുന്ന വ്യക്തിയായിരുന്നു എട്ടുവര്‍ഷം മുമ്പ് അന്തരിച്ച കെ കെ മുഹമ്മദ് അബ്ദുല്‍ കരീം. രണ്ടു വാള്യങ്ങളിലായി നബി ചരിതവും ഈസബ്നുമര്‍യം എന്ന ജീവചരിത്രകൃതിയും അറബിമലയാളത്തില്‍ അദ്ദേഹം രചിച്ചീട്ടുണ്ട്.
അല്‍ ഇത്തിഹാദ്, അല്‍ മുര്‍ശിദ്, അല്‍ബുര്‍ഹാന്‍ തുടങ്ങിയ അറബിമലയാളം മാസികകളിലും അദ്ദേഹം സ്ഥിരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. സി എന്‍ അഹമ്മദ് മൗലവിയുമായി ചേര്‍ന്നെഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം’ എന്ന കൃതിയെ സമ്പന്നമാക്കിയതും അറബിമലയാളത്തിലുള്ള അദ്ദേഹത്തിന്‍റെ അഗാധജ്ഞാനമായിരുന്നു. പഴയതലമുറയിലെ സാഹിത്യാസ്വാദകരെ അന്വേഷിച്ച് വീടുകള്‍തോറും കയറിയിറങ്ങിയും എടത്തോള ഭവനം പോലെയുള്ള ഗ്രന്ഥപ്പുരകളില്‍ താമസിച്ചുമാണ് മാപ്പിളസാഹിത്യത്തിന്‍റെ അനര്‍ഘശേഖരം സ്വരൂപിക്കപ്പെട്ടത്.
കേരള സാഹിത്യ ചരിത്ര രചനയിലൂടെ മഹാകവി ഉള്ളൂര്‍ എസ് പരമേശ്വര അയ്യര്‍ ഭാഷയ്ക്ക് സമ്മാനിച്ച സേവനമാണ് ‘മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം’ എന്ന കൃതിയിലൂടെ ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍ കരീമും നിര്‍വ്വഹിച്ചത്. കേരള സര്‍വ്വകലാശാലയടക്കം ‘കേരള സാഹിത്യചരിത്രത്തിന്’ പലപതിപ്പുകള്‍ പ്രസിദ്ധികരിച്ചപ്പോഴും ‘മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം’ എന്ന റഫറന്‍സ് ഗ്രന്ഥം ഒരൊറ്റപതിപ്പിലൊതുങ്ങി. സി എന്‍ അഹമ്മദ് മൗലവി, കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്നീ എഴുത്തുകാര്‍ തന്നെ 1978 ല്‍ പ്രസിദ്ധീകരിച്ച് കോഴിക്കോട്ടെ ആസാദ് ബുക്സ്റ്റാള്‍ വിതരണം ചെയ്തിരുന്ന ഈ കൃതിയെ അവലംബിച്ചെഴുതിയ ഗ്രന്ഥങ്ങള്‍ നിരവധിയാണ്. അത്തരം പുസ്തകങ്ങള്‍ക്കും ഒന്നിലധികം പതിപ്പുകളുണ്ടായി.
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം പ്രതിനിധാനം ചെയ്യുന്ന സമുദായവും സാമുദായിക രാഷ്ട്രീയവും വിഭാഗങ്ങളും അദ്ദേഹത്തെ നിരീക്ഷിച്ചതില്‍ നിന്നും വ്യത്യസ്തമായിരുന്നു പൊതുസമൂഹം ആ ചരിത്രകാരനെ നെഞ്ചേറ്റിയത്.
അറബി ഗ്രന്ഥങ്ങളില്‍ ഉള്ള കേരള പരാമര്‍ശങ്ങളെപ്പറ്റി പല ചോദ്യങ്ങളും ഞാന്‍ അദ്ദേഹത്തോട് ചോദിക്കാറുണ്ടായിരുന്നെന്ന് ചരിത്രകാരനായ പ്രഫ. എം ജി എസ് നാരായണന്‍ എഴുതുകയുണ്ടായി. “ഒരു നാട്യവുമില്ലാതെ തന്‍റെ അഭിപ്രായങ്ങള്‍ കാര്യകാരണ സഹിതം ആര്‍ജ്ജവത്തോടെ തുറന്നുപറയുന്ന സ്വഭാവമാണ് അദ്ദേഹത്തില്‍ കണ്ടിരുന്നത്. മറ്റു പല പണ്ഡിതന്മാരിലും കാണാത്ത ഈ നാടന്‍ വിനയം എനിക്കിഷ്ടപ്പെട്ടു. തന്‍റെ വാദങ്ങള്‍ തര്‍ക്കവിഷയമാണെങ്കിലും ഉറക്കെ പറയാന്‍ അദ്ദേഹം മടിച്ചില്ല.”
അറുപതുകള്‍ക്കവസാനം ആരംഭിച്ച മലബാര്‍ കാര്‍ഷിക കലാപത്തെക്കുറിച്ചുള്ള ഗവേഷണത്തിന്‍റെ ഭാഗമായാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരിമുമായി ബന്ധപ്പെടുന്നതെന്ന് പ്രഫ. കെ എന്‍ പണിക്കരും ഓര്‍മ്മിക്കുന്നു. ” ഗവേഷണത്തിന്‍റെ ആവശ്യാര്‍ത്ഥം പലതവണ മലബാറില്‍ വന്നപ്പോള്‍ ആ ബന്ധം തുടര്‍ന്നു. അക്കാലത്ത് ഞാന്‍ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ജോലിനോക്കുകയായിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ മാസ്റ്ററെ കാണും. ചരിത്രത്തിലുള്ള അദ്ദേഹത്തിന്‍റെ താല്‍പ്പര്യം വളരെ ആഴത്തിലുള്ളതായിരുന്നു. അതെന്നെ വളരെ ആകര്‍ഷിച്ചു. മലബാര്‍ കലാപത്തെക്കുറിച്ചും മറ്റുള്ള പലരേഖകളെക്കുറിച്ചും സംസാരിച്ചു. അവസാനകാലത്ത് ഒരു രേഖ പകര്‍ത്തി അയച്ചുതരികയയുണ്ടായി. അന്തമാനില്‍ നിന്ന് അക്കാലത്തെഴുതിയ ഒരു കത്തിന്‍റെ കോപ്പിയായിരുന്നു അത്”
മറ്റാരും കൈവെക്കാത്ത ഒരു മേഖലയിലായിരുന്നു കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിന്‍റെ പരിശ്രമങ്ങളെന്നാണ് ഡോ.എം ഗംഗാധരന്‍റെ അഭിപ്രായം. “അതിനാല്‍ ദൗത്യം ഭാരിച്ചതായിരുന്നു. മാപ്പിള സാഹിത്യ പാരമ്പര്യത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം ഒറ്റയാള്‍ പ്രവര്‍ത്തനമാണ് നടത്തിയത്. കൈവിട്ടുപോകുമായിരുന്ന അറബിയിലും അറബിമലയാളത്തിലുമുള്ള അറിവുകള്‍ രേഖപ്പെടുത്തുകയെന്ന ചരിത്രപരമായ ദൗത്യമാണ് അബ്ദുല്‍കരീം നിര്‍വ്വഹിച്ചത്. മാപ്പിളചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കാല്‍നടയായി ഒട്ടേറെ ദൂരം സഞ്ചരിക്കുന്ന മനുഷ്യനായിരുന്നു അദ്ദേഹം. അതിന്‍റെയെല്ലാം ഫലമാണ് 1978 ല്‍ സി എന്‍ അഹമ്മദ് മൗലവിക്കൊപ്പം അദ്ദേഹം രചിച്ച മഹത്തായ മാപ്പിളസാഹിത്യ പാരമ്പര്യം എന്ന ഗ്രന്ഥം. 624 പേജുള്ള ഈ ഗ്രന്ഥത്തിന്‍റെ അന്വേഷണപരമായ ദൗത്യം നിര്‍വഹിച്ചത് കരീം ആയിരുന്നു. അറിയപ്പെടാതെ കിടന്ന ഒട്ടനവധി മാപ്പിളകവികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും ഈ മേഖലയിലെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകരാനും ഇതുവഴി സാധിച്ചു. ഡോ. എം ജി എസ് നാരായണന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ (ഐ സി എച്ച് ആര്‍) അധ്യക്ഷനായ സമയത്ത് ഞാന്‍ കരീമിനെ കണ്ടപ്പോള്‍ ഈ ഗ്രന്ഥം ഐ സി എച്ച് ആര്‍ സഹായത്തോടെ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അനാരോഗ്യം അദ്ദേഹത്തെ അതില്‍ നിന്നെല്ലാം തടയുകയായിരുന്നു.”
കേരളത്തിലെ ഇസ്ലാമിക പൈതൃകം അതിന്‍റെ ആധികാരികമായ ചരിത്രരചനയ്ക്കുവേണ്ടി കണ്ടെത്തിയ പ്രതിഭാധനനായ ചരിത്രകാരനാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന് ഡോ. കെ കെ എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു.”അക്കാദമികമായ ശാസ്ത്രീയ രചനയില്‍ നിന്ന് വ്യത്യസ്തമായി അനൗപചാരികമായി ഇസ്ലാമിക കേരളത്തിന്‍റെ ചരിത്രവും സാഹിത്യവും അര്‍പ്പണബോധത്തോടെ കണ്ടെത്തുകയും അത് നിരന്തരം പ്രചരിപ്പിക്കുകയും അക്കാദമിക ചരിത്രകാരന്മാര്‍ക്ക് അമൂല്യമായ സ്രോതസ്സായി പ്രവര്‍ത്തിക്കുകയും ചെയ്ത കരീം മാസ്റ്റര്‍ സ്വയം ഒരു ചരിത്രപൈതൃകത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു”
ഏകാന്തപഥികനായ ഒരു ചരിത്രസംസ്കാരാന്വേഷകന്‍ എന്നാണ് ഡോ. എന്‍ എം നമ്പൂതിരി കെ കെ മുഹമ്മദ് അബ്ദുല്‍ കരീമിനെ വിശേഷിപ്പിച്ചത്. “ആ വലിപ്പം, എളിമ, മൗനഭാഷ, ജ്ഞാനിയുടെ മുഖം അതു മാഞ്ഞുപോകില്ല” അദ്ദേഹം പറഞ്ഞുനിര്‍ത്തി.
കൊണ്ടും കൊടുത്തും ആ ചരിത്രകാരന്‍ ഏറെ സഞ്ചരിച്ചു. കേരളസാഹിത്യ അക്കാദമി പുസ്തക പ്രസിദ്ധീകരണത്തിനായി സാമ്പത്തിക സഹായം നല്‍കി. കോഴിക്കോട് സര്‍വ്വകലാശാല പ്രസിദ്ധപ്പെടുത്തുന്ന എല്ലാ ചരിത്രപുസ്തകങ്ങളുടെയും കോപ്പി പതിവായി അദ്ദേഹത്തിന് അയച്ചുകൊടുത്തു. അക്കാദമിക സമൂഹം എല്ലാ അര്‍ത്ഥത്തിലും അവസാനകാലത്ത് അദ്ദേഹത്തെ അംഗീകരിക്കുകയായിരുന്നു.
പ്രൈമറി സ്കൂള്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം 36 വര്‍ഷത്തെ സേവനത്തിനു ശേഷം  1987 ജൂണ്‍ 30ന് വിരമിച്ചു. അതേസമയം, ഏഴേകാല്‍ പതിറ്റാണ്ടുപിന്നിട്ട അദ്ദേഹത്തിന്‍റെ ജീവിതസപര്യ കര്‍മ്മനിരതമായിരുന്നു. തന്‍റേതായ തൊണ്ണൂറോളം ഗ്രന്ഥങ്ങളും തലമുറകള്‍ക്ക് ഗവേഷണം തുടരുന്നതിനുള്ള അപൂര്‍വ്വ വിവരശേഖരവും (അമൂല്യഗ്രന്ഥങ്ങളും രേഖകളും)  കൈരളിക്ക് സമര്‍പ്പിച്ചാണ് 2005 ഏപ്രില്‍ ഏഴിന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
വിദേശികളടക്കമുള്ള ചരിത്രഗവേഷകര്‍ ഇന്നും അദ്ദഹത്തിന്‍റെ ഗ്രന്ഥശേഖരം പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എക്കാലവും മാനവകുലം വിയോഗാനന്തരം കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന ചരിത്രകാരന്  നല്കുന്ന മഹത്തായ അംഗീകാരമാണത്.

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം – കൃതികള്‍

1 . ഖാജാ മുഈനുദ്ദീന്‍ ചിശ്തീ
2. ശൈഖ് മുഹ്യിദ്ദീന്‍  അബ്ദുല്‍ ഖാദിര്‍ ജീലാനി
3. ഗാസി  അന്‍വര്‍ പാഷ
4. ഹ. ശാഹുല്‍ ഹമീദ്  മീറാന്‍ സാഹിബ്
5.  വിശുദ്ധനബിയുടെ രണ്ട് പിതൃവ്യന്മാര്‍(ഹ:ഹംസ, ഹ:അബ്ബാസ്(റ)എന്നിവരുടെ  ചരിത്രം)
6. ഹ. ഇബ്റാഹീം ബ്നു അദ്ഹം
7. ലൈലാ-മജ്നുല്‍(നോവല്‍)
(ഈ ഏഴ് പുസ്തകങ്ങളും 1956 മുതല്‍ 1960 വരെയുള്ള വര്‍ഷങ്ങളിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്)
8. ഇസ്ലാമിക  നമസ്കാരക്രമങ്ങള്‍ (വലുത്)
9. കൈഫിയ്യത്തു സ്വലാത്ത് – നമസ്കാരക്രമം(ചെറിയത്)
10.  ഹനഫീ നമസ്കാരക്രമം
(1957, 1958 വര്‍ഷങ്ങളില്‍  ഒന്നാം പതിപ്പ്. തുടര്‍ന്ന് ധാരാളം പതിപ്പുകള്‍ പ്രസിദ്ധീകരിച്ചു.)
11. ഹസ്രത്ത്  മമ്പുറം സയ്യിദ് അലവി തങ്ങള്‍-ചരിത്രം. (1960 ല്‍  ആദ്യ പതിപ്പ് )
12.  മങ്ങാട്ടച്ചനും കുഞ്ഞായിന്‍  മുസ്ലിയാരും-ഫലിത കഥകള്‍
(1958-ല്‍ ഒന്നാം പതിപ്പ്. തുടര്‍ന്ന് നാല്‍പതോളം  പതിപ്പുകള്‍  പ്രസിദ്ധീകരിച്ചു.)
13. ചേരമാന്‍ പെരുമാള്‍-ചരിത്രം (1960-ല്‍ ഒന്നാം പതിപ്പ് )
14.  നൗശര്‍വാന്‍റെ  കാമുകി-ചരിത്ര നാടകം.(1961 ല്‍ ഒന്നാം പതിപ്പ്)
15 സിന്‍ദ്ബാദിന്‍റെ കപ്പല്‍യാത്ര-അറബിക്കഥകള്‍.(1961 ല്‍ ആദ്യപതിപ്പ്)
16. മാപ്പിളകവി സാമ്രാട്ട്  മോയിന്‍കുട്ടി വൈദ്യര്‍-ചരിത്രം (1961 ല്‍ ഒന്നാം പതിപ്പ്)
17. പ്രവാചക സൂക്തികള്‍ (1962 ല്‍ഒന്നാം പതിപ്പ് )
18. ലോകോദ്ധാരകന്‍ (1960ല്‍ ഒന്നാം പതിപ്പ്)
19. ഇസ്ലാം ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങള്‍-ചരിത്രക്കഥകള്‍. (1963 ല്‍ ഒന്നാം പതിപ്പ്)
20.  ഇസ്ലാമിന്‍റെ സന്ദേശം (1964 ല്‍ ഒന്നാം പതിപ്പ്)
21.  ഇന്ത്യയില്‍ ഇസ്ലാം പ്രചരിച്ചതെങ്ങനെ (1966 ല്‍ ഒന്നാം പതിപ്പ്)
22. ഹസ്രത്ത് മുഹമ്മദ് ശാഹ് തങ്ങള്‍ (1966 ല്‍ ഒന്നാം പതിപ്പ്)
23. രാജ്ഞി നൂര്‍ജഹാന്‍-ചരിത്ര നോവല്‍. (1965 ല്‍ ഒന്നാം പതിപ്പ് )
24. ഹസ്രത്ത് ആയിശ: (റ)-ചരിത്രനോവല്‍ (1965 ല്‍ ഒന്നാം പതിപ്പ്)
25.ഹസ്രത്ത് നൂഅ്മാനും അബുനുവാസും-ഫലിതം (1966 ല്‍ ഒന്നാം പതിപ്പ്)
26. കോഴിക്കാട് ചരിത്രം (1962-ല്‍ പി.കെ.ബ്രദേഴ്സ്, കോഴിക്കോട് പ്രസിദ്ധീകരിച്ചു)
27. ഹസ്രത്ത് മുഹമ്മദ് നബി(സ)-ചരിത്രം
28. വിശുദ്ധ ഹജ്ജും  ഉംറയും (1966 ല്‍ പ്രസിദ്ധീകരിച്ചു)
29.ഗസ്വത് ബദ്റുല്‍  കുബ്റാ-വ്യാഖ്യാനം
30. ബദ്റുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍- വ്യാഖ്യാനം
31. മലപ്പുറം പടപ്പാട്ട്-വ്യാഖ്യാനം
(മഹാകവി  മോയിന്‍കുട്ടി വൈദ്യരുടെ  ഈ മൂന്നു മഹാകാവ്യങ്ങള്‍ക്കും  1964 -65 വര്‍ഷങ്ങളിലാണ്  ആസ്വാദനാത്മകമായ  വ്യാഖ്യാനങ്ങള്‍  എഴുതി പ്രസിദ്ധീകരിച്ചത്)
32. ഹസ്രത്ത് മാലിക് ബ്നു ദീനാര്‍-ചരിത്രം (1967 ല്‍ ഒന്നാം പതിപ്പ്)
33. ഹാറുല്‍ റശീദ്-ചരിത്രം (1963 ല്‍ ഒന്നാം പതിപ്പ്)
34.ആശിഖ് -മഅ്ശൂഖ് കത്ത് പാട്ടുകള്‍ -രണ്ട് ഭാഗം  (സമ്പാദകന്‍ മാത്രം)
35. ശഹീദെ മില്ലത്ത് ടിപ്പു സുല്‍ത്താന്‍-ചരിത്രം (1961 ല്‍ ഒന്നാം പതിപ്പ്)
36.തംരീനുല്‍  ഖുത്തുബാത്ത് -അറബി മലയാളം (1961 ല്‍  അച്ചടിച്ചു)
37. പ്രസംഗപരിശീലനം -മലയാളം (1962 ല്‍ മുദ്രണം )
38. മുഗള്‍ സുല്‍ത്താന്മാര്‍- ലഘു ചരിത്രം (1970 ല്‍  അച്ചടിച്ചു.)
39. മനുഷ്യന്‍റെ  യാഥാര്‍ഥ്യം-തത്വജ്ഞാനം (1963 ല്‍ ഒന്നാം പതിപ്പ് )
40. ഇസ്ലാമിലെ  ആരാധനാക്രമങ്ങള്‍  (1963 ല്‍ ഒന്നാം പതിപ്പ്)
41. ഹസ്രത്ത് മൂസ നബി – ചരിത്രം (1965 ല്‍  ഒന്നാം പതിപ്പ്)
42. മരുഭൂമിയിലെ  സുന്ദരികള്‍ (ജമാഅത്ത് ടൈംസില്‍  തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച നോവല്‍)
43. മൗലീദുന്നബി-നബിയുടെ ലഘു ചരിത്രം- ബാലസാഹിത്യം (1962 ല്‍ ഒന്നാം പതിപ്പ്)
44. 1921-ലെ  ഖിലാഫത്ത്  ലഹളയും  ആലി മുസ്ലിയാരും
(1965 ല്‍ ഒന്നാം പതിപ്പ്. ആറോളം പതിപ്പുകള്‍  പുറത്തിറങ്ങി)
45. അറബികളുടെ  കപ്പലോട്ടം-ചരിത്രം
(1976-ല്‍ പ്രസിദ്ധീകരിച്ചു. ഈഗ്രന്ഥത്തിന്‍റെ  പ്രസിദ്ധീകരണത്തിന്  കേരള സാഹിത്യ അക്കാദമി  സാമ്പത്തിക സഹായം  നല്‍കിയിരുന്നു.)
46.ഫത്ഹുല്‍ ബയാന്‍  ഫീസീറത്തിന്നബിയ്യില്‍  അമീന്‍ – അറബിമലയാളം-രണ്ടുഭാഗം.
(വിസ്തൃതമായ ഈ പ്രവാചക  ചരിത്രം 1959-1960ല്‍ അച്ചടിച്ചു.  അല്‍മുര്‍ശിദ്  പ്രസ്സ്, തിരൂരങ്ങാടി)
47. ഹ. ഈസ ബ്നു മര്‍യം -ചരിത്രം – അറബി മലയാള കൃതി (1965-ല്‍ എഴുതിയത്)
48. ശേറെ കേരള സീതി  സാഹിബ്-ചരിത്രം (1962-ല്‍ മുദ്രണം)
49 മരിക്കാത്ത മനുഷ്യന്‍ -മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ സാഹിബിന്‍റെ  ചരിത്രവും  മത-രാഷ്ട്രീയ -സാമൂഹിക സേവനങ്ങളും  വിശദീകരിക്കുന്ന  ജീവചരിത്രം (1958 ല്‍  ഒന്നാം പതിപ്പ് )
50. കപ്പപ്പാട്ടും നൂല്‍ മദ്ഹും -ഒരു വിശകലന പഠനം. (1984-ല്‍  ഒന്നാം പതിപ്പ്)
51. ഹ. മുഹമ്മദ് നബി പൂര്‍വ വേദങ്ങളില്‍ – തിരുനബി(സ)യെ സംബന്ധിച്ചു പാര്‍സി, ഹൈന്ദവ, ബൗദ്ധ, ജൂത, ക്രൈസ്തവ  വേദങ്ങളിലെ  പ്രവചനങ്ങളെ കുറിച്ച്  പഠനം
52.ഖുര്‍ ആനും  ആര്‍ഷ സംസ്കാരവും-ഒരു താരതമ്യ പഠനം (1963 ല്‍  ഒന്നാം പതിപ്പ്)
54. ഫത്ഹുല്‍ മുബീന്‍  പ്രത്യക്ഷ സമരം- പറങ്കികളു മായി നടന്ന ചാലിയം യുദ്ധ ചരിത്രം.
(1985-ല്‍ പ്രസിദ്ധീകരിച്ചു)
55. അഇമ്മത്തുല്‍ അര്‍ബഅ : നാല് ഇമാമുകള്‍-ചരിത്രം (1972 ല്‍ ഒന്നാം പതിപ്പ് )
56. വാരിയന്‍ കുന്നത്ത്  കുഞ്ഞഹമ്മദ് ഹാജി-ചരിത്രം (1991 ല്‍ ഒന്നാം പതിപ്പ്)
57. സയ്യിദ് സനാഉല്ല മക്തി തങ്ങള്‍-ചരിത്രം
58. മക്തി തങ്ങളുടെ സമ്പൂര്‍ണ കൃതികള്‍ (സമ്പാദനം)
59.  ക്രിസ്തു ദൈവമോ  ദൈവ പുത്രനോ  അല്ല.-ഫാദര്‍  അലവിയുടെ  ദൈവത്തിന് പുത്രനോ എന്ന ക്ഷുദ്രകൃതിക്ക്  മറുപടി. (1992 ല്‍ ഒന്നാം പതിപ്പ്)
60.  മാപ്പിള സാഹിത്യ പാരമ്പര്യം (അറബി മലയാള  സാഹിത്യത്തെ കുറിച്ചുള്ള സമഗ്ര പഠനം.. സിഎന്‍ മൗലവിയോട്  ചേര്‍ന്നു രചിച്ചു.  ഈപുസ്തകത്തിനു കേരള സര്‍ക്കാര്‍, കേരളസാഹിത്യ അക്കാദമി, കേരള വഖ്ഫ്  ബോര്‍ഡ്  എന്നീ സ്ഥാപനങ്ങള്‍ 3,000 ക വീതം  പാരിതോഷികം  നല്‍കി . 1978 ല്‍ ഒന്നാം പതിപ്പ് പുറത്തിറങ്ങി)
61.  സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി-ജീവചരിത്രം  (1990 ല്‍ പുറത്തിറങ്ങി. )
62.കെ.എം.മൗലവി സാഹിബ്-ജീവചരിത്രം (1982 ല്‍ ഒന്നാം പതിപ്പ്)
63.ഹ.ഫാത്തിമ (റ)-ജീവചരിത്രം (1962 ല്‍ വളാഞ്ചേരി മുഹമ്മദിയ  ബുക്ക് സ്റ്റാള്‍  പ്രസിദ്ധപ്പെടുത്തി)
64. വിശുദ്ധനബിയുടെ  പത്നിമാര്‍-ജീവചരിത്രം (1974 ല്‍ ഒന്നാം പതിപ്പ് )
65. ഹസ്രത്ത് അബൂബക്കര്‍-ജീവചരിത്രം
66. ഹസ്രത്ത് ഉമര്‍-ജീവചരിത്രം
67ഹസ്രത്ത് ഉസ്മാന്‍-ജീവചരിത്രം
68.ഹസ്രത്ത് അലി-ജീവചരിത്രം
(ഈ നാല് പുസ്തകവും 1962,1963ഒന്നാം പതിപ്പ്)
69. വിശുദ്ധ നബിയുടെ സന്താനങ്ങള്‍-ജീവ ചരിത്രം (1981 ല്‍ ഒന്നാം പതിപ്പ് )
70. ശിപായി ലഹളയുടെ രഹസ്യങ്ങള്‍-ചരിത്രം (1965 ല്‍ കണ്ണൂരിലെ നവപ്രഭ ഒന്നാം പതിപ്പ്  പുറത്തിറക്കി.)
71.  പത്ത് സ്വര്‍ഗ്ഗ നിവാസികള്‍-അശ്റത്തുല്‍ മുബശ്ശിറ:യുടെ  ചരിത്രം (1967ഒന്നാം പതിപ്പ്)
72.  ഹസ്രത്ത് ദുല്‍ഖര്‍ നൈന്‍-ജീവ ചരിത്രം (1981 ല്‍ ഒന്നാം പതിപ്പ് )
73. ഇരുട്ടറയും വാഗണ്‍ ട്രാജഡിയും
74. ഖിലാഫത്ത് സമരനേതാക്കള്‍
75.മമ്പുറം തങ്ങള്‍
76. ഖിലാഫത്ത് സമരപ്പാട്ടുകള്‍
77. തിരുനബി മാഹാത്മ്യം (സമാഹരണം)
78. മരുഭൂമിയിലെ ചന്ദ്രോദയം (സമാഹരണം)
79. മലബാറിലെ രത്നങ്ങള്‍
80. ക്രിസ്തുമതം മാറ്റിമറിക്കപ്പെട്ടതെങ്ങനെ?
81. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സമ്പൂര്‍ണ്ണകൃതികള്‍
82. മുഹമ്മദ് നബി(സ) പൂര്‍വ്വവേദങ്ങളില്‍
ഇതിന്നും പുറമേ ആനുകാലിക പ്രിസിദ്ധീകരണങ്ങളിലെഴുതിയവയും സമാഹരിക്കപ്പെടാത്തതും കണ്ടുകിട്ടാത്തതുമായ കൃതികളുമുണ്ട്.

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം – ലഭിച്ച അംഗീകാരങ്ങളില്‍ ചിലത്

പി എ സെയ്തുമുഹമ്മദ് പുരസ്ക്കാരം
തിരൂര്‍ സര്‍ഗശാല അവാര്‍ഡ്
കാസര്‍കോട് കലാസാഹിത്യവേദി അവാര്‍ഡ്
ഇന്‍ഡോ-അറബ് ഫ്രണ്ട്ഷിപ്പ് അവാര്‍ഡ്
റിയാദ് ബ്രദേഴ്സ് ഇന്ത്യാ ഫൗണ്ടേഷന്‍ അവാര്‍ഡ്

കുടുംബം

kareem mastr melangadi2
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന ചരിത്രകാരന്‍ സി എന്‍ അഹമ്മദ് മൗലവിയുമായി ചേര്‍ന്ന് എഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം’ എന്ന കൃതി മേലങ്ങാടിയിലെ ഈ കെട്ടിടത്തില്‍ വെച്ചാണ് രചിക്കപ്പെട്ടത്. ഈ കെട്ടിടം പുതുക്കിപ്പണിത് ഇവിടെ തന്നെയാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഉയരുന്നത്. അദ്ദേഹത്തിന് പിതാമഹനില്‍ നിന്നും ലഭിച്ചതും തന്‍റെ ആയുസ്സില്‍ അലഞ്ഞു ശേഖരിച്ചതുമായ ഗ്രന്ഥങ്ങളും ചരിത്ര രേഖകളും ഗവേഷകര്‍ക്കായി ഇവിടെ ലഭ്യമാക്കും. സ്മാരക കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി സുമനസ്സകളുടെ സഹായം തേടുന്നു.
kareem mastr melangadi
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം എന്ന ചരിത്രകാരന്‍ സി എന്‍ അഹമ്മദ് മൗലവിയുമായി ചേര്‍ന്ന് എഴുതിയ ‘മഹത്തായ മാപ്പിള സാഹിത്യപാരമ്പര്യം’ എന്ന കൃതി മേലങ്ങാടിയിലെ ഈ കെട്ടിടത്തില്‍ വെച്ചാണ് രചിക്കപ്പെട്ടത്. ഈ കെട്ടിടം പുതുക്കിപ്പണിത് ഇവിടെ തന്നെയാണ് കെ കെ മുഹമ്മദ് അബ്ദുല്‍ കരീം സെന്‍റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഉയരുന്നത്. അദ്ദേഹത്തിന് പിതാമഹനില്‍ നിന്നും ലഭിച്ചതും തന്‍റെ ആയുസ്സില്‍ അലഞ്ഞു ശേഖരിച്ചതുമായ ഗ്രന്ഥങ്ങളും ചരിത്ര രേഖകളും ഗവേഷകര്‍ക്കായി ഇവിടെ ലഭ്യമാക്കും. സ്മാരക കെട്ടിടത്തിന്‍റെ നിര്‍മ്മാണത്തിനായി സുമനസ്സകളുടെ സഹായം തേടുന്നു.

മേലങ്ങാടി മഠത്തില്‍ കദീശുമ്മയായിരുന്നു ഭാര്യ. 1983 ജൂണ്‍ 23 ന് അവരുടെ ദേഹവിയോഗത്തെ  തുടര്‍ന്ന് കൊളത്തൂരിലെ വാളത്തൊടി ഉമ്മാച്ചുവിനെ വിവാഹം കഴിച്ചു.
മക്കള്‍:
ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍
(ചരിത്രവിഭാഗം തലവന്‍, പി എസ് എം ഒ കോളെജ്, തിരൂരങ്ങാടി)
സുബൈദ
കെ കെ മുഹമ്മദ് അബ്ദല്‍ ജബ്ബാര്‍
(അധ്യാപകന്‍, കാലിക്കറ്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്ക്കൂള്‍, കോഴിക്കോട്)
റഷീദ (അധ്യാപിക, എം എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, കോഴിക്കോട്)
നഷീദ (അധ്യാപിക, നിബ്രാസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂള്‍, മൂന്നിയൂര്‍)
മാജിദ
മരുമക്കള്‍:
പ്രഫ. പി എം ഖൈറുന്നീസ-കൊടുങ്ങല്ലൂര്‍ (എം ഇ എസ് കോളെജ്, വളാഞ്ചേരി)
കെ പി വീരാന്‍കുട്ടി-പുളിക്കല്‍
കെ ഹാജറ-ഓമാനൂര്‍
(അധ്യാപിക, സുല്ലമുസ്സലാം ആര്‍ട്സ് ആന്‍റ് സയന്‍സ്  കോളെജ്, അരീക്കോട്)
ഇ സി മുഹമ്മദ് കോയ-കിഴിശ്ശേരി
മഞ്ഞപ്പുലത്ത് ഫിറോസ്- മുസ്ല്യാരങ്ങാടി

റസാഖ് പയമ്പ്രോട്ട്

 

Leave a Reply

Your email address will not be published. Required fields are marked *

Facebook