കുടിവെള്ളം മുട്ടി; ജനം തെരുവിലിറങ്ങി

കൊടുംവേനലിന്റെ കെടുതികളില്‍ പൊറുതിമുട്ടുന്ന സംസ്ഥാനത്ത് പലയിടത്തും ജനങ്ങള്‍ കുടിവെള്ളത്തിനായി തെരുവിലിറങ്ങി. മൂവാറ്റുപുഴയില്‍ കുടിവെള്ളം നല്‍കാത്തതിന് ആര്‍ഡിഒയെ ഉപരോധിച്ചു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കുപോലും കുടിവെള്ളം നിഷേധിച്ചതിനെതിരെ സമരം നടന്നു. ഹരിപ്പാട് ആറാട്ടുപുഴ കിഴക്കേക്കര തെക്ക് മല്ലിക്കാട്ടുകടവില്‍ വീട്ടമ്മമാര്‍ കുടിവെള്ളത്തിനായി രാപ്പകല്‍ സമരം തുടങ്ങി.

കോട്ടയം പാമ്പാടിയിലെ താലൂക്കാശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വെള്ളം നല്‍കില്ലെന്ന് ബോര്‍ഡ് വച്ചു. തീരദേശമേഖലയാകെ പൊട്ടിത്തെറിയുടെ വക്കിലാണ്. ശുദ്ധജലത്തിന്റെ അഭാവംമൂലം വിവിധ രോഗങ്ങള്‍ പടരുകയാണ്. വൈദ്യുതിമുടക്കവും പതിവായതോടെ ജനജീവിതം ഗുരുതരമായ പ്രതിസന്ധിയിലാണ്.

കേരളം ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത കൊടിയ വരള്‍ച്ചയും കുടിവെള്ളക്ഷാമവും കണ്ടിട്ടും നിഷ്ക്രിയമാണ് സംസ്ഥാന സര്‍ക്കാര്‍. ജനരോഷം രൂക്ഷമായിട്ടും ഒരു നടപടിക്കും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എന്ന തൊടുന്യായം പറഞ്ഞ് മാറിനില്‍ക്കുകയാണ് അധികൃതര്‍. വരള്‍ച്ച ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലക്കും തെരഞ്ഞെടുപ്പ് കമീഷന്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നിട്ടും റവന്യൂ, കൃഷി, മൃഗസംരക്ഷണ, ജലവിഭവ വകുപ്പുകള്‍ കൈയുംകെട്ടി നില്‍ക്കുന്നു. കുടിവെള്ളവിതരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ജില്ലാ ഭരണകൂടങ്ങളെ ഇതില്‍നിന്ന് വിലക്കുകയുംചെയ്തു.

വേനല്‍മഴയുടെ സൂചനപോലുമില്ലാതെ എല്ലാ ജില്ലകളും കൊടുംചൂടില്‍ വെന്തുരുകുകയാണ്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ തുടര്‍ച്ചയായി 39 ഡിഗ്രി സെല്‍ഷ്യസിനുമുകളിലാണ് പകല്‍ താപനില. പകല്‍ ചൂട് വര്‍ധിച്ചതനുസരിച്ച് രാത്രി ചൂടും ശരാശരിയേക്കാള്‍ നാലു ഡിഗ്രി സെല്‍ഷ്യസ്വരെ ഉയര്‍ന്നു. മറ്റ് ജില്ലകളില്‍ 35–38 ഡിഗ്രിയോളമാണ്. ഞായറാഴ്ച വിവിധ ജില്ലകളിലായി ഇരുപതോളംപേര്‍ സൂര്യാതപമേറ്റ് ചികിത്സതേടി. വയനാട്, പാലക്കാട് ജില്ലകളില്‍ കൃഷിനാശം തുടരുന്നു. കന്നുകാലികള്‍ക്കും മറ്റു വളര്‍ത്തുമൃഗങ്ങള്‍ക്കും കുടിവെള്ളംപോലും നല്‍കാനാകാതെ കര്‍ഷകര്‍ വലയുകയാണ്. ചൂടുകാരണം, കന്നുകാലികള്‍ക്ക് കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് നല്‍കുന്നത് നീട്ടി.

കൃഷിനാശം വിലയിരുത്താനോ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. കുടിവെള്ളക്ഷാമമുള്ള പ്രദേശങ്ങളും വരള്‍ച്ചമൂലം കൃഷിനാശമുള്ള സ്ഥലങ്ങളും കണ്ട് വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ച്  കലക്ടര്‍മാര്‍ക്ക് കുടിവെള്ളവിതരണമടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. എന്നാല്‍, ഇതു വിലക്കിയിരിക്കയാണ്.

തിരുവനന്തപുരം, കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ കുടിവെള്ള മാഫിയ പിടിമുറുക്കി. തിരുവനന്തപുരം നഗരത്തിലെ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണകേന്ദ്രത്തില്‍നിന്ന് 250 രൂപക്ക് വാങ്ങുന്ന ഒരു ടാങ്കര്‍ കുടിവെള്ളം 3000 രൂപയ്ക്കാണ് ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ വില്‍ക്കുന്നത്. ശുദ്ധീകരിക്കുകപോലും ചെയ്യാത്ത വെള്ളമാണ് വന്‍ വിലയ്ക്ക് വില്‍ക്കുന്നത്. തീരപ്രദേശങ്ങളിലും കുടിവെള്ളമാഫിയ പിടിമുറുക്കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook