കോഡൂര്‍ വലിയാട്ടില്‍ ശുചിത്വ പ്രവര്‍ത്തനം ശക്തമാക്കും

കോഡൂര്‍ ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് വലിയാട്ടില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്‍റെ ഭാഗമായി ബോധവല്‍ക്കരണം നടത്താനും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്യം നല്‍കുന്നതിനുമായി സമിതികള്‍ രൂപീകരിച്ചു. ആശാ വളണ്ടിയര്‍മാരുടെയും അതാത് പ്രദേശത്തെ കുടുംബശ്രി അയല്‍കൂട്ടങ്ങളിലെ ആരോഗ്യ വളണ്ടിയര്‍മാരുടെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തും.
വാര്‍ഡ് തലത്തില്‍ വ്യാപാരികളുടെ പ്രത്യേക സംഗമം, സ്കൂള്‍ കുട്ടികള്‍ മുഖേന ലഘുലേഖ വിതരണം, സ്കൂള്‍ ഉള്‍പ്പെടെയുള്ള പൊതുസ്ഥാപനങ്ങള്‍ക്ക് ശുചീകരണ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം, തെരുവുകളിലെ ഓടകള്‍ ശുചീകരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ശുചിത്വ ബോധവല്‍ക്കരണ കാമ്പയിന്‍റെ ഭാഗമായി നടത്തും.
വലിയാട് മദ്രസ്സയില്‍ ചേര്‍ന്ന വാര്‍ഡ് തല ശുചിത്വ സമിതിയില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്ഥിര സമിതി ചെയര്‍മാന്‍ കെ.എം. സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ സി ഹബീബ് റഹ്മാന്‍ ക്ലാസെടുത്തു.
വലിയാട് എല്‍.പി. സ്കൂള്‍ പ്രഥമാധ്യാപകന്‍ കെ.എം. മുസ്ഥഫ, മുന്‍ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഓടക്കല്‍ അബ്ദുള്ളക്കുട്ടി, അല്ലക്കാട്ട് ബിയ്യക്കുട്ടി, അങ്കണവാടി വര്‍ക്കല്‍ ഷീജ,  ആശാ വളണ്ടിയര്‍ കെ.പി. തങ്കമണി, വി.പി. മുഹമ്മദ്, അബ്ദുല്‍ അസീസ് വാക്യത്തൊടി, കെ. സൈനുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook