നാളെയുടെ സ്വപ്നങ്ങള്‍

മഴയായിരുന്നു…
രാവിലെമുതല്‍ നേര്‍ത്ത് നിര്‍ത്താതെ പെയ്യുന്ന മഴ. സ്കൂള്‍തുറക്കുന്ന ദിവസം കൃത്യമായി കാലവര്‍ഷം വിരുന്നെത്തുമായിരുന്നു, അന്നെല്ലാം…
ഒന്നാംക്ലാസില്‍ ചേരാന്‍ സ്കൂളിലേക്ക് പോവുക എന്നത് കുട്ടികളെ സംബന്ധിച്ച് അറക്കാന്‍ കൊണ്ടുപോകുന്ന മാടുകളെപോലെയായിരുന്നു. വീട്ടില്‍ നിന്നിറങ്ങുമ്പോഴേ ചിണുങ്ങുന്ന കുട്ടി സ്കൂളിലെത്തുമ്പോഴേക്കും കരച്ചിരിന്‍റെ ഉത്തുംഗതയിലെത്തും. അത് പിന്നെ പകര്‍ച്ചവാധിപോലെ പടരും.
ഒരു മരണവീടുപോലെ സ്കൂള്‍മുറ്റം കരച്ചിലിന്‍റെ ശബ്ദവീചികളാല്‍ നിറയും. ക്ലാസ് മുറിയിലേക്ക് കയറ്റിവിടാന്‍ രക്ഷിതാക്കളും അധ്യാപകരും പെടാപാട്പെടും. കുട്ടി അമ്മയുടെ വിരല്‍തുമ്പിലോ സാരിത്തുമ്പിലോ മുറുകെപിടിച്ച് പിന്നിലേക്ക് വലിയും.
അപ്പോഴേക്കും നാട്ടുമ്പുറത്തെ സ്കൂളുകളില്‍ അടിക്ക് പേരുകേട്ട മാഷ് ചൂരലുമായി റോന്ത് ചുറ്റും. അമ്മമാര്‍ അദ്ദേഹത്തെ ചൂണ്ടി മക്കളെ നിശ്ശബ്ദരാക്കാന്‍ നോക്കും. മിഴികളില്‍ ഭീതിയുമായി കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി വിതുമ്പുന്ന ചുണ്ടുകളുമായി കുട്ടിനിസ്സഹായനാവും.
പിന്നെ എങ്ങനെയൊക്കെയോ ക്ലാസിനകത്തേക്ക്…
ഇതായിരുന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പുള്ള ‘പ്രവേശനോത്സവം’. എന്നാല്‍ ഇന്ന് കഥമാറി.
വര്‍ണബലൂണുകളും കൊടിതോരണങ്ങളും കൊണ്ട് സകൂള്‍ മുറ്റം നേരത്തെതന്നെ നവാഗതരെ സ്വാഗതം ചെയ്യാന്‍ തയ്യാറാകും.  മധുരമിഠായിയും പായസവുമായി കുട്ടികളെ സല്‍ക്കരിക്കും. പാട്ടും കളിയുമായി വാദ്യമേളയുമായി സ്കൂള്‍, കുട്ടിയുടെ പ്രിയപ്പെട്ട ഇടമായി മാറും, ആദ്യദിനം തന്നെ.
ഇന്ന് കുട്ടി ഒന്നാംക്ലാസില്‍ ചേരാനല്ല ആദ്യമായി സ്കൂളിലെത്തുന്നത്. മൂന്നുവയസ്സാകുമ്പോഴേ കുട്ടികള്‍ അങ്കണവാടികളില്‍ പോയിതുടങ്ങുന്നു. പിന്നെ എല്‍ കെ ജി, യു കെ ജി. ഇതും കഴിഞ്ഞാണ് ഒന്നാംക്ലാസിലേക്കുള്ള വരവ്. യഥാര്‍ത്ഥത്തില്‍ ഒന്നാംക്ലാസ് പ്രവേശനം തന്നെ ഇന്നത്തെ കുട്ടിക്ക് ഒരു ഉന്നത വിദ്യാഭ്യാസമാണ്.
ഒരു സംശയവുമില്ല, കുട്ടികളില്‍ സഭാകമ്പമോ ഭയമോ അവശേഷിപ്പിക്കാത്ത, അന്യതാബോധമോ ആശങ്കയോ ജനിപ്പിക്കാത്ത, പാട്ടുംകളിയും നിറയ്ക്കുന്ന ഇന്നത്തെ രീതി എത്ര സുന്ദരമാണ്……
അപ്പോഴും പഴയ തലമുറയുടെ മനസ്സില്‍ അമ്മയുടെ വിരല്‍തുമ്പില്‍ നിന്ന്, മാറില്‍ നിന്ന് അടര്‍ത്തിയെടുത്തപോലെ പറിഞ്ഞുപോന്ന ആ പഴയകാലം മധുരമൊരോര്‍മ്മയായി ബാക്കിയുണ്ടാകും.
അതിനോടൊപ്പം നഷ്ടമാകുന്ന ചില നന്മകളുമുണ്ട്.
മഴയായാലും വെയിലായാലും പാടവരമ്പിലൂടെയും നടവഴികളിലൂടെയും കൂട്ടുകാരൊത്ത് കുസൃതികളും നാട്ടുവര്‍ത്തമാനവും നിറഞ്ഞ നടത്തമാണ് ഒന്ന്.
മഴക്കാലത്ത് പരല്‍മീനുകള്‍ തുള്ളിക്കളിക്കുന്ന പാടങ്ങളില്‍ തറഞ്ഞുപോയ കാലുകള്‍. വേലിപ്പടര്‍പ്പുകളില്‍ കുളിരുമായി നില്‍ക്കുന്ന വെള്ളത്തണ്ടില്‍ നിലച്ചുപോയ സമയം. ഞാവല്‍പ്പഴം രുചിച്ച് നീലിച്ചുപോയ നാവ്. ഓര്‍ക്കാപ്പുറത്തെ മഴയില്‍ കുടയായി നെറുകെയില്‍ വിരിയുന്ന വാഴയിലകള്‍. ചേമ്പിന്‍ തണ്ടുകള്‍. കൂട്ടുകാരനൊത്ത് പൊടിമണ്ണിലോ ചെളിക്കുണ്ടിലോ കെട്ടിമറിയുന്ന പോരാട്ടവീര്യം.; പിന്നെ സ്ലേറ്റും പെന്‍സിലും പങ്കുവയ്ക്കുന്ന സാഹോദര്യം. രുചിയേറുന്ന അമേരിക്കന്‍ ഉപ്പുമാവ്…..
ഇന്ന്….
രാവിലെ ഓട്ടോയുടെയോ സ്കൂള്‍ വാഹനത്തിന്‍റെയോ ഹോണടി കേള്‍ക്കുമ്പോള്‍ ടിവിക്കുമുന്നില്‍ നിന്ന് ചാടിയെഴുന്നേല്‍ക്കും കുട്ടി. കൂട്ടിലടച്ചപോലെ അട്ടിക്കിട്ട് അവര്‍ സ്കൂളിലേക്ക്. ആ കുഞ്ഞുപാദങ്ങള്‍ അറിയില്ല, മണ്ണിന്‍റെ മാര്‍ദ്ദവം.
എങ്കിലും പൊതുവിദ്യാഭ്യാസത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന നന്മയുടെ അടയാളങ്ങളുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സ്കൂളുകളുള്ള കാലത്ത് കൂട്ടായ്മയുടെ വലിയ ഇടം അത് തുറന്നിടുന്നുണ്ട്. ഒരളവുവരെ കുട്ടിയുടെ സര്‍ഗാത്മകതയ്ക്ക് അത് കണ്ണുംകാതും നല്‍കുന്നുണ്ട്.
ജനാലയ്ക്കരികിലെ വികൃതിക്കുട്ടിയെപോലെ, ടോട്ടോച്ചാനെപ്പോലെ നമ്മുടെ കുട്ടികള്‍ കളിച്ചും രസിച്ചും വളരട്ടെ.
അതിന് അവര്‍ ചൊല്ലുന്നിടത്ത് ടോട്ടോച്ചാനെ തിരിച്ചറിഞ്ഞപോലെ ഒരധ്യാപകനുണ്ടാവട്ടെ. കുട്ടികള്‍ നാളെയ്ക്കായി സ്വപ്നം കാണട്ടെ.

 

തേജ

Leave a Reply

Your email address will not be published. Required fields are marked *

Facebook