ബില്ലടയ്ക്കാന്‍ മൊബൈല്‍ ആപ്; കറന്റ് പോയാല്‍ എസ്എംഎസ്

വൈദ്യുതി ബില്ലടയ്ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനത്തിന് പിന്നാലെ മൊബൈല്‍ അപ്ളിക്കേഷനും. വൈദ്യുതി തകരാര്‍ അറിയിക്കുന്ന മൊബൈല്‍ അലര്‍ട്ട് എസ്എംഎസും 24 മണിക്കൂറും പണമടയ്ക്കാവുന്ന ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ ഉള്‍പ്പെടെയുള്ള സംവിധാനവുമായാണ് കെഎസ്ഇബി സ്മാര്‍ട്ടാവുന്നത്. അടുത്തിടെ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ  ദിവസേന പതിനായിരം പേര്‍ ബില്ലടയ്ക്കുന്നുണ്ട്. കൌണ്ടറിലൂടെ ബില്ലടയ്ക്കുന്നവരുടെ അഞ്ചു ശതമാനമാണ് ഓണ്‍ലൈനിനെ ആശ്രയിക്കുന്നത്. ഇത് കൂടുതല്‍ ആളുകളിലെത്തിെക്കുന്നതിനാണ് ‘ക്വിക്ക് പേ’ ഉള്‍പ്പടെ മൊബൈല്‍ ആപ് അവതരിപ്പിക്കുന്നത്.

ബാങ്ക് അക്കൌണ്ടുള്ളവര്‍ക്ക് ‘ക്വിക്ക് പേ’ യിലൂടെ ബില്ലടയ്ക്കാന്‍ www.kseb.in എന്ന സൈറ്റില്‍ പ്രവേശിച്ച് അതത് സെക്ഷന്‍ സെലക്ടുചെയ്ത് കണ്‍സ്യൂമര്‍ നമ്പറും തുകയും രേഖപ്പെടുത്തിയാല്‍ മതി. ഈ സംവിധാനം കെഎസ്ഇബി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കി. ഇതോടൊപ്പം ഓണ്‍ലൈനിലൂടെ ബില്ലടയ്ക്കുന്നവര്‍ക്കായി വണ്‍ടൈം രജിസ്ട്രേഷന്‍ ചെയ്യാവുന്ന മൊബൈല്‍ ആപ്പുമുണ്ട്.  ബില്‍ വിവരങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുന്ന എസ്എംഎസ് അലര്‍ട്ട് സംവിധാനം ഉടന്‍ നിലവില്‍ വരും.

ബില്‍ തുക, പിഴ കൂടാതെ തുക അടയ്ക്കാനുള്ള അവസാന തിയതി, കണക്ഷന്‍ വിഛേദിക്കാതിരിക്കാനുള്ള അവസാന തിയതി എന്നിവ എംഎംഎസ് മുഖേന ലഭിക്കും. കണക്ഷന്‍ വിഛേദിച്ച വിവരവും പുനഃസ്ഥാപിച്ച വിവരവും എസ്എംഎസായി അറിയിക്കും. വൈദ്യുതി തടസ്സങ്ങള്‍, വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്ന സമയം എന്നിവയും സന്ദേശമായി ഉടന്‍ ഫോണുകളിലെത്തും. കെഎസ്ഇബി വെബ്സൈറ്റ്, എസ്എംഎസ്, മൊബൈല്‍ ആപ് എന്നിവ വഴി ഈ വിവരങ്ങള്‍ ലഭ്യമാകും.

കേരളത്തില്‍ എവിടെവേണമെങ്കിലും പണം അടയ്ക്കാവുന്ന സംവിധാനം രണ്ടു മാസത്തിനകം പ്രാബല്യത്തിലാകും. ഇതിനായുള്ള ‘ഒരുമ’ നെറ്റ്വര്‍ക്ക് 747 സെക്ഷനുകളില്‍ 680 എണ്ണത്തിലും സജ്ജമായി. ഇലക്ട്രോണിക് മെഷീന്‍ സ്പോട്ട് ബില്ലിങ് സംവിധാനം നാലു മാസത്തിനകം നിലവില്‍ വരും. ചില സെക്ഷനുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംവിധാനം നടപ്പാക്കിത്തുടങ്ങി. മീറ്റര്‍ റീഡര്‍മാര്‍വശം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്പോട്ട് പേയ്മെന്റ് ഏര്‍പ്പെടുത്തുന്നതും കെഎസ്ഇബി പരിഗണിക്കുന്നുണ്ട്. ക്യാഷ് ഡെപ്പോസിറ്റ് മെഷീന്‍ സംവിധാനം കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് ഉടന്‍ വ്യാപിപ്പിക്കുമെന്ന് ഐടി വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ ജെ സത്യരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook