47 ദിവസത്തെ ട്രോളിങ് നിരോധത്തിന്റെ മുന്നോടിയായി മത്സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറുകളിലെത്തി. ചൊവ്വാഴ്ച അര്‍ധരാത്രിമുതലാണ് സംസ്ഥാനത്ത് ട്രോളിങ് നിരോധം ആരംഭിക്കുന്നത്. 3200ഫിഷിങ് ബോട്ടുകളില്‍ 2000 എണ്ണം കേരളത്തിലുള്ളതാണ്. ഇതില്‍ കൊച്ചി, മുനമ്പം, മുരുക്കുംപാടം മേഖലകളില്‍നിന്നുള്ള 700 ബോട്ടുകളുണ്ട്. ഇതരസംസ്ഥാന ബോട്ടുകളാണ് ബാക്കി. സംസ്ഥാനത്തെ ഭൂരിഭാഗം ബോട്ടും തിങ്കളാഴ്ച രാത്രിയോടെ ഹാര്‍ബറുകളിലെത്തി. തമിഴ്നാട്ടില്‍ ട്രോളിങ് നിരോധം കഴിഞ്ഞതിനാല്‍ അവിടെനിന്നുള്ള ബോട്ടുകള്‍ നേരത്തെ മടങ്ങി. ജൂലൈ 31ന് അര്‍ധരാത്രിയോടെയാകും ബോട്ടുകള്‍ വീണ്ടും കടലിലിറങ്ങുക. യന്ത്രവല്‍കൃത വള്ളങ്ങള്‍ക്കു മാത്രമെ കടലില്‍ മത്സ്യബന്ധനത്തിനു പോകാന്‍ അനുമതിയുള്ളു. അത്യാവശ്യം അറ്റകുറ്റപ്പണിക്കായി ബോട്ടുകള്‍ ഇനി യാര്‍ഡുകളിലേക്കു കൊണ്ടുപോകും. ഇതരസംസ്ഥാനക്കാരായ തൊഴിലാളികളുടെ തിരിച്ചുവരവ് ജൂലൈ അവസാനമാകും. നിരോധം തീരുംവരെ കായല്‍തീരത്തെ മറൈന്‍ ഡീസല്‍ പമ്പുകളില്‍ ഇന്ധനവിതരണം ഉണ്ടാവില്ല. നാട്ടുകാരായ ബോട്ട് തൊഴിലാളികളില്‍ അധികവും നിരോധമില്ലാത്ത വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനിറങ്ങും. ട്രോളിങ്നിരോധം നടപ്പാക്കാന്‍ കടലിലും കായലിലും സേനകള്‍ സജ്ജമായതായി മറൈന്‍ എന്‍ഫോഴ്സ്മെന്റും ലോക്കല്‍ പൊലീസും അറിയിച്ചു. മറൈന്‍ എസ്ഐ ശരത്ചന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നു ബോട്ടുകള്‍ പട്രോളിങ് നടത്തും. രണ്ടെണ്ണം വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ചും മറ്റൊന്ന് മുനമ്പം ഹാര്‍ബര്‍ കേന്ദ്രീകരിച്ചുമാകും പ്രവര്‍ത്തിക്കുക. കോസ്റ്റല്‍ പൊലീസും ജാഗ്രത പാലിക്കും. ഞാറക്കല്‍ സിഐ സി ആര് രാജു, എസ്ഐമാരായ ആര് രഗീഷ്കുമാര്‍, ജി അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ കരയിലും പൊലീസ് ഉണ്ടാകും.