റമളാന്‍ദിന ചിന്തകള്‍

വ്രതശുദ്ധിയുടെ നാളുകളിലൂടെ കടന്നുപോകുകയാണ് മുസ്ലിം സമൂഹം. വിശുദ്ധ ഖുര്‍ആന്‍ പാരായണത്തിന്‍റെ പ്രാര്‍ത്ഥനാ നിര്‍ഭരമായ ദിവസങ്ങള്‍. എങ്ങും സ്നേഹത്തിന്‍റെയും പങ്കിടലിന്‍റെയും സാന്ത്വനത്തിന്‍റെയും സഹായത്തിന്‍റെയും കാരുണ്യപ്രവര്‍ത്തനങ്ങളുടെയും വാര്‍ത്തകള്‍ നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും ആഘോഷങ്ങളുമൊക്കെ മാനവസ്നേഹത്തിന്‍റെ മഹത്തായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് വീണ്ടും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
നന്മയുടെ കേടാവിളക്കാണിവ. ഭക്തിയുടെ നിറവില്‍, തന്നെപോലെ തന്നെ തന്‍റെ അയല്‍ക്കാരനും സന്തോഷിക്കണമെന്ന പ്രാര്‍ത്ഥന. അതൊരു പ്രാര്‍ത്ഥനമാത്രമല്ല, പ്രവര്‍ത്തനവുമാണ്. ‘അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്‍റെ സമുദായത്തില്‍പെട്ടവനല്ല’ എന്ന പ്രവാചകന്‍റെ മൊഴി അത് സാക്ഷ്യപ്പെടുത്തുന്നു. അത് പുലര്‍ത്താനുള്ള വിശ്വാസികളുടെ ശ്രമങ്ങള്‍. അതിനുവേണ്ടി കൈമറന്ന സഹായങ്ങള്‍..
നമ്മുടെ പുണ്യപുരാണ ഗ്രന്ഥങ്ങള്‍ നമുക്കുതരുന്നത് മഹത്തരമായ ആശയങ്ങളാണ്. മാനവസ്നേഹത്തില്‍ അധിഷ്ഠിതമാണ് അവയെല്ലാം. ആ ഗ്രന്ഥവിശുദ്ധിയിലൂടെ ആത്മാര്‍ത്ഥമായി നാം സഞ്ചരിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷേ, സ്വര്‍ഗം തേടി മറ്റെവിടെയും പോകേണ്ടിവരുമായിരുന്നില്ല.
ഏതൊരു ആഘോഷവും ആചാരവും ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രമായിട്ടുള്ളതാണെന്ന് പറയാനാകില്ല- അങ്ങിനെ ആക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും- ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എല്ലാ വിഭാഗം ജനങ്ങളും എല്ലാറ്റിലും പങ്കാളിയാകുന്നുണ്ട്. ഇത്തരം ആഘോഷങ്ങളെ ഒരു വിഭാഗത്തിന്‍റേതുമാത്രമായി മാറ്റപ്പെടുമ്പോഴാണ് വിഭാഗീയതയുടെ വിത്ത് മുളക്കുന്നത്. അവിടെയാണ് ഓരോരുത്തരും സ്വയം അന്യരാകുന്നത്. ഒരു പക്ഷേ, ലാഭം മാത്രം കൊതിക്കുന്ന ഒരുകൂട്ടര്‍ക്ക് വിശ്വാസങ്ങളില്‍ വിഭാഗീയതയുണ്ടാക്കുന്നത് ആവശ്യമായിരിക്കാം. അവിടെയാണ് സ്വാര്‍ത്ഥലാഭത്തിന്‍റെ വിഷവിത്ത് മുളച്ചുവരുന്നത്. എല്ലാം വെട്ടിപ്പിടിക്കാനുള്ള ത്വര. ഹ്രസ്വമായ ജീവിതത്തില്‍ ഈ വെട്ടിപ്പിടിക്കലുകള്‍ എന്തിനെന്ന് നാം ചിന്തിക്കാത്തതെന്തുകൊണ്ട്? അങ്ങനെ സംഘര്‍ഷഭരിതമായ മനസ്സുമായി ചുറ്റുമുള്ളവരൊക്കെ തന്‍റെ ശത്രുക്കളാണെന്ന് സ്വയം തീരുമാനിച്ച് മറ്റുള്ളവരെ പരാജയപ്പെടുത്താനായി ഓരോ നിമിഷവും ചെലവിടുന്നതെന്തിന്? അവിടെയാണ് സ്വാര്‍ത്ഥതയുടെ കഴുകക്കൂട്ടം പറന്നുവരുന്നത്. പക്ഷെ, നമ്മുടെ ആചാരങ്ങളും വിശ്വാസങ്ങളും അതിനിടയില്‍ അന്ധവിശ്വാസത്തിന്‍റെ കണികയുണ്ടെന്ന് വിമര്‍ശിക്കപ്പെടുമ്പോഴും അവിടെ വെറുപ്പിന്‍റെ, വിദ്വേഷത്തിന്‍റെ, സ്വാര്‍ത്ഥതയുടെ ദുരയുടെ അംശം കാണാനാവുന്നതേയില്ല.
റമളാന്‍ മാസത്തില്‍ നടന്നുവരുന്ന സമൂഹനോമ്പുതുറ, രാവ് പകലാക്കുന്ന മതപ്രഭാഷണ പരമ്പര, സഹായ വിതരണം, ആശുപത്രികളിലും അഗതി മന്ദിരങ്ങളിലും യാത്രക്കാര്‍ക്കുവേണ്ടിയും ഒരുക്കുന്ന നോമ്പുതുറ വിഭവങ്ങള്‍, അവയുടെ വിതരണം, ആഹാര-വസ്ത്ര കിറ്റുവിതരണം, ദാനധര്‍മ്മങ്ങള്‍, മറ്റു ജിവകാരുണ്യപ്രവര്‍ത്തനം എല്ലാം തന്നെ സമൂഹത്തിന് മഹത്തരമായ പാഠമാണ് നല്‍കുന്നത്. അതില്‍ സ്നേഹത്തിന്‍റെ, സാന്ത്വനത്തിന്‍റെ, സന്തോഷത്തിന്‍റെ കണികയുണ്ട്. അതു തന്നെയാണ് മതവിശ്വാസം നമ്മെ പഠിപ്പിക്കുന്നത്.
പിന്നെ എവിടെയാണ് നമുക്ക് പിഴച്ചുപോകുന്നത്? എത്ര വായിച്ചിട്ടും എത്ര സാരവത്തായ പ്രബോധനങ്ങള്‍ കേട്ടീട്ടും നാം പിന്നെയും പിന്നെയും സ്വാര്‍ത്ഥതയിലേക്ക്, മത്സര വിദ്വേഷങ്ങളിലേക്ക് വഴിമാറിപോകുന്നത്എന്തൂകൊണ്ട്?  അതിന് കാരണമന്വേഷിച്ച് എവിടെയും പോകേണ്ടതില്ല. നമ്മുടെ ഉള്ളില്‍ തന്നെയുണ്ട് ഉറങ്ങിക്കിടക്കുന്ന ശത്രു. അതിനെ ഊട്ടിഉറപ്പിക്കുന്ന ഒരു സംസ്കാരം പറമ്പും പാടവും പടിപ്പുരയും കടന്ന് അടുക്കളയില്‍ തന്നെ എത്തിക്കഴിഞ്ഞിട്ടുണ്ട്.
അതിനെയാണ് കച്ചവട സംസ്കാരമമെന്നു പറയുന്നത്. ആ സംസ്കാരം നമ്മെ വിഘടിപ്പിച്ചു നിര്‍ത്തുകയാണ്. നമുക്കിടയില്‍ മത്സരത്തിന്‍റെ സംസ്കാരമുണ്ടാക്കുകയാണ്. ചുളുവിവ് തന്‍റെ ഉല്പന്നങ്ങള്‍ വിറ്റഴിക്കുകയാണ്. കച്ചവട സംസ്കാരം മനുഷ്യത്വ രഹിതമാണ്. അവിടെ ലാഭമാണ് പ്രധാനം. മനുഷ്യന്‍ അപ്രസക്തനാണ്. ജിവിതം ഒരു മത്സരമാണെന്നും ജീവിക്കുകയെന്നാല്‍ മറ്റുള്ളവരെ പരാജയപ്പെടുത്തുകയാണെന്നും കമ്പോളത്തില്‍ വന്ന് സാധനങ്ങള്‍ യഥേഷ്ടം വാങ്ങിക്കൂട്ടുകയാണെന്നും അതിനൊന്നും പറ്റിയില്ലായെങ്കില്‍ ആത്മഹത്യ ചെയ്തുകൊള്ളണമെന്നുമുള്ള ഒരു പാഠം ആ സംസ്കാരം നമ്മെ പഠിപ്പിക്കുന്നു.
അവര്‍ നമ്മുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആഘോഷങ്ങളെയും ഹൈജാക്ക് ചെയ്യുകയാണ്. അവരുടെ പരസ്യങ്ങളുടെ മായികവര്‍ണത്തില്‍ നമ്മുടെ പുണ്യപുരാണ ഗ്രന്ഥങ്ങളിലെ സന്ദേശങ്ങള്‍ മറഞ്ഞുപോകുന്നു. ആഘോഷങ്ങള്‍ ഗ്രാമീണ നന്മകളില്‍ നിന്നും പട്ടണപൊങ്ങച്ചത്തിലേക്ക് യാത്രയാവുകയാണ്. ആര്‍ഭാടരഹിതമായ ജീവിതത്തെ വിശുദ്ധ ഖുര്‍ആന്‍ അടക്കമുള്ള ഗ്രന്ഥങ്ങള്‍ ആഹ്വാനം ചെയ്യുമ്പോള്‍, ഒന്നും വരും തലമുറയ്ക്ക് കരുതിവയ്ക്കാതെ പ്രകൃതിയെപ്പോലും തിന്നുതീര്‍ത്ത് നാം ആര്‍ഭാടമായി ജീവിച്ചുവരികയാണ്. അഥവാ ആഹാരങ്ങള്‍ ആഘോഷമാക്കി മാറ്റുന്ന തലമുറ.
ആഘോഷങ്ങളും ആചാരങ്ങളും കച്ചവട കമ്പോളത്തിലേക്ക് കടത്തിക്കൊണ്ടുപോകുമ്പോഴാണ് അതിന്‍റെ  ആശയചോരണവും സംഭവിക്കുന്നത്. ഒരു പക്ഷേ, മനുഷ്യമനസ്സുകളില്‍ നടക്കേണ്ട ആഘോഷങ്ങള്‍ നഗരത്തിന്‍റെ വര്‍ണപകിട്ടിലേക്ക് മാറ്റപ്പെടുമ്പോള്‍ -വില്പനയ്ക്ക് വയ്ക്കുമ്പോള്‍- ഉദ്ദേശിച്ച ഫലം ലഭിക്കാതെ വരുന്നു. ഐക്യത്തിന്‍റെ മേഖലയില്‍ നിന്നും മത്സരത്തിന്‍റെ തലത്തിലേക്ക് അവ മാറുന്നു. നിസ്വാര്‍ത്ഥതയില്‍ നിന്നും സ്വാര്‍ത്ഥതയിലേക്കും പ്രകൃതിയില്‍ നിന്നും ദുരൂഹതയിലേക്കും ആഘോഷങ്ങള്‍ മാറ്റപ്പെടുന്നു, പ്രകൃതിദത്തമായ ലളിത ആഹാര രീതിയില്‍ നിന്നും പെട്ടെന്നാണ് നാം വൈവിധ്യമാര്‍ന്ന പട്ടണ ആഹാരരീതികളിലേക്ക് മാറ്റപ്പെട്ടതെന്നും കാണാം.
നോമ്പ്, വിശ്വാസപരമായ ഒന്ന് എന്നതിനപ്പുറം ഒരു പക്ഷെ, വിശപ്പിനെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇല്ലായ്മയെക്കുറിച്ച് ചിന്തിക്കാന്‍ കൂടിയാണത്. തന്തൂരിയും കുഴിമന്തിയുമൊക്കെയായി ആഹാരം മത്സരാഘോഷമാക്കി മാറ്റിയ ഒരു കാലത്ത് സ്വന്തമായി ‘അടുക്കള തുല്യരാകുന്ന’ കച്ചവട സംസ്കാര ഭീകരതയാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. പൊങ്ങച്ചത്തിന്‍റെ അടുക്കളയില്‍ അമിതമായി പാകം ചെയ്യപ്പെടുന്ന ആഹാര വൈവിധ്യങ്ങളില്‍ ഭൂരിഭാഗവും പാഴാക്കിക്കളയുമ്പോള്‍ ഒരു നേരം വിശപ്പടക്കാന്‍ കഴിയാത്തവരെ പറ്റി ചിന്തിക്കാന്‍ നമുക്കാകാതെ പോകുന്നു. അത്തരം വ്യാകുലതകളില്ലാത്ത മനസ്സിന്‍റെ ഉടമകളാക്കി മാറ്റുന്നതില്‍ കച്ചവട സംസ്കാരം കൊച്ചുകേരളത്തില്‍ പോലും വികസിച്ചു കഴിഞ്ഞിരിക്കുന്നു എന്നര്‍ത്ഥം.
ആഘോഷങ്ങളൊക്കെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മിതവ്യയത്തെയാണത് ഓര്‍മ്മിപ്പിക്കുന്നത്. ഇവിടെ ആഘോഷങ്ങള്‍ ആര്‍ഭാടമാക്കി വരും തലമുറയെ ഇല്ലായ്മയിലേക്ക് തള്ളിവിട്ട് നാം അടിച്ചുപൊളിച്ചുജീവിക്കുകയാണ്. ഈ അടിപൊളി ജീവിതത്തിന്‍റെ അന്ത്യമെന്തായിരിക്കുമെന്ന് ഒരിക്കലെങ്കിലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഭക്ഷണത്തിനും മരുന്നിനും മാത്രമല്ലല്ലോ മനുഷ്യജീവിതം.
ആഘോഷങ്ങളില്‍ ഒരു തിരിച്ചുപോക്ക് അനിവാര്യമായിരിക്കുന്നു. നമ്മുടെ ഭക്ഷണരീതിയില്‍, വസ്ത്രധാരണയിലൊക്കെ സാരമായ മാറ്റം വരുത്തേണ്ട കാലമാണിത്. വസ്ത്രങ്ങളിലും ഭക്ഷണത്തിനുമൊക്കെയുള്ള ‘ജാതിച്ചാര്‍ത്ത്’ കച്ചവട സംസ്കാരത്തിന്‍റെ ബാക്കിപത്രമാണ്. ബിരിയാണി, സദ്യ, ഇല, കസവുമുണ്ട്, പര്‍ദ, നിലവിളക്ക്, മൈലാഞ്ചി, സിന്ദൂരം… ഇങ്ങനെ ഏതൊരു പദം കേള്‍ക്കുമ്പോഴും നമ്മുടെ മനസ്സിലേക്ക് ഒരു ജാതിചിന്ത കടന്നുവരുന്നത് മറ്റൊന്നുകൊണ്ടുമല്ല, നാമറിയാതെ നമ്മുടെ മസ്തിഷ്കം കീഴടക്കിയ ഉപഭോഗസംസ്കാരം തന്നെയാണ്. ഇവിടെ അറിവിന്‍റെ നാല്‍ക്കവലയില്‍ ലക്ഷ്യബോധമില്ലാതെ അന്തിച്ചുനില്ക്കുന്ന ഒരു ശരാശരി മലയാളി ഉപഭോക്താവിനെ നമുക്ക് കാണാനാവും.
അതുകൊണ്ട്, നമുക്ക് കൈമോശം വന്നുപോയ പരിപാവന സംസ്കാരവും പ്രകൃതിക്ക് അനുസൃതമായ ജീവിതരീതിയുമെല്ലാം തിരിച്ചുപിടിക്കേണ്ടതുണ്ട്. സ്നേഹത്തിന്‍റെ, ഐക്യത്തിന്‍റെ സന്ദേശം പരത്തുന്ന നമ്മുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, ഗ്രാമീണ നന്മകള്‍, നാട്യങ്ങള്‍, പച്ചപ്പുകള്‍ എല്ലാം തിരിച്ചുപിടിക്കണം. അതിന് ഇന്നത്തെ ജീവിതരീതികളില്‍ നിന്ന് തിരിച്ചുനടക്കാന്‍ നാം സ്വയം സന്നദ്ധരാകണം. കാരണം, ഇനിയും ഏറെ തലമുറകള്‍ക്ക് ജീവിക്കാനുള്ള ഭൂമിയാണിത്. അത്തരം ഒരു തിരിച്ചറിവിന്‍റെ സന്ദേശമായിരിക്കണം ഈ പുണ്യറമളാന്‍ ദിനങ്ങളില്‍

balakrishnan olavattur-small

ബാലകൃഷ്ണന്‍ ഒളവട്ടൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook