വായനോത്സവത്തിന് ഉജ്വല തുടക്കം

സംസ്ഥാനത്ത് വായനോത്സവത്തിന് ഉജ്വല തുടക്കം. അറിവ് ആയുധമാക്കി വളര്‍ന്ന കേരളത്തില്‍ വായനയ്ക്ക് പുതിയ ദിശാബോധം പകരാന്‍ ആഹ്വാനംചെയ്യുന്ന ആഘോഷമാണ് ഗ്രന്ഥാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തില്‍ ആരംഭിച്ചത്.  വിദ്യാഭ്യാസ– പഞ്ചായത്ത്– ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ വകുപ്പുകളുടെയും പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് ആഘോഷം.  വായനദിനത്തിന്റെയും 21–ാമത് വായനോത്സവത്തിന്റെയും സംസ്ഥാന ഉദ്ഘാടനം കനകക്കുന്നില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനംചെയ്തു. വായനയിലൂടെ അറിവ് നേടുന്നതിനൊപ്പം തൊഴില്‍വൈദഗ്ധ്യത്തിനുള്ള സാധ്യതകള്‍കൂടി തേടണമെന്ന്  അദ്ദേഹം പറഞ്ഞു. സാമൂഹ്യ–രാഷ്ട്രീയ മേഖലകളില്‍ കേരളം നേടിയ മികവുകളെല്ലാം ഗ്രന്ഥശാലകളിലൂടെയായിരുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

വായനയിലൂടെ ജനാധിപത്യ ആശയോല്‍പ്പാദനം വികസിപ്പിച്ചെടുക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷനായ വിദ്യാഭ്യാസമന്ത്രി സി  രവീന്ദ്രനാഥ് പറഞ്ഞു.
എംഎല്‍എമാരായ കെ മുരളീധരന്‍, ഒ രാജഗോപാല്‍, വായനോത്സവം ജനറല്‍ കണ്‍വീനര്‍ എന്‍ ബാലഗോപാല്‍, എം വിജയകുമാര്‍, പന്ന്യന്‍ രവീന്ദ്രന്‍, പാലോട് രവി എന്നിവര്‍ സംസാരിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് സെക്രട്ടറി ഉഷ ടൈറ്റസ് വായനദിനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികവ് പുലര്‍ത്തിയ അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Facebook