റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി

 ഈ മാസം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പിഎസ്സി യോഗം തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. 29ന് കാലാവധി അവസാനിക്കുന്നതും നാലരവര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുന്നത്. ചെറുതും വലുതുമായ നാനൂറോളം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നീട്ടുക. കെഎസ്ആര്‍ടിസി റിസര്‍വ് കണ്ടക്ടര്‍, എല്‍പി– യുപി അസിസ്റ്റന്റ്, ലോവര്‍ഡിവിഷന്‍ ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏര്‍പ്പെടുത്തിയ നിയമന നിരോധന നടപടികളും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലുള്ള വിലക്കുംമൂലം നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍നിന്ന് കാര്യമായ നിയമനം നടന്നിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ കഴിഞ്ഞ മന്ത്രിസഭായോഗം ശുപാര്‍ശചെയ്തത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ നിയമന നിരോധന നടപടികള്‍ പിന്‍വലിക്കുകയും ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ പത്തു ദിവസത്തിനുള്ളില്‍ ആയിരത്തിലധികം ഒഴിവാണ് ഒറ്റയടിക്ക് വിവിധവകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ അയ്യായിരത്തോളം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. പത്ത് വകുപ്പില്‍നിന്നുള്ള ഒഴിവുകളാണിത്. ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് സര്‍ജന്മാരുടെ 700 ഒഴിവാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റാഫ് നേഴ്സുമാരുടെ 116ഉം. വാട്ടര്‍ അതോറിറ്റിയില്‍ 171ഉം ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. ഫയര്‍മാന്‍ തസ്തികയിലേക്ക് 200ഉം എല്‍പി, യുപി അസിസ്റ്റന്റ് (പാലക്കാട്) തസ്തികകളിലേക്ക്  84ഉം കോളേജ് വിദ്യാഭ്യാസവകുപ്പില്‍ 24 തസ്തിക റിപ്പോര്‍ട്ട് ചെയ്തു. ഒഴിവുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. വകുപ്പുകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നിരീക്ഷിക്കാന്‍ സെക്രട്ടറിയറ്റില്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Facebook