സ്വാശ്രയം: കോളേജുകള്‍ സര്‍ക്കാരുമായി കരാറായി

 സര്‍ക്കാര്‍ അലോട്ട് ചെയ്യുന്ന മുഴുവന്‍ സീറ്റുകളിലും കുറഞ്ഞവരുമാനക്കാര്‍ക്കുള്ള ഫീസില്‍ പ്രവേശനം നല്‍കാന്‍ 57 സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ സര്‍ക്കാരുമായി കരാറായി. ഈ കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റുകളില്‍ പകുതി സീറ്റുകള്‍ക്ക് ഈടാക്കിയിരുന്ന 75,000 രൂപ 50,000 ആയി വെട്ടിക്കുറച്ചു. ഇതോടെ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന  കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് നല്‍കിയ 25,000 രൂപയുടെ ഇളവ് സ്വാശ്രയ കോളേജുകളിലെ മുഴുവന്‍ സര്‍ക്കാര്‍ സീറ്റുകളിലും ലഭിക്കും. ഇതടക്കം സാങ്കേതിക വിദ്യാഭ്യാസമേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനുള്ള മൂന്ന് സുപ്രധാന ചുവടുവയ്പുകളാണ് ചൊവ്വാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും സ്വാശ്രയ എന്‍ജിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും തമ്മിലുള്ള ചര്‍ച്ചയിലുണ്ടായത്.

സംസ്ഥാന പ്രവേശനപരീക്ഷാ കമീഷണര്‍ നടത്തിയ പ്രവേശനപരീക്ഷയില്‍ ഒരു പേപ്പറിന് കുറഞ്ഞത് 10 മാര്‍ക്കെങ്കിലും  (രണ്ടിനുംകൂടി 20) നേടാനാകാത്തവര്‍ക്ക് എന്‍ജിനിയറിങ് പ്രവേശനം അനുവദിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം മാനേജ്മെന്റുകള്‍ അംഗീകരിച്ചു. ഒഴിവുള്ള മെറിറ്റ് സീറ്റുകളിലടക്കം പ്രവേശന പരീക്ഷയില്‍ 10 മാര്‍ക്ക് ലഭിക്കാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷങ്ങളില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നല്‍കിയിരുന്നു. പ്രവേശന പരീക്ഷാകമീഷണര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചശേഷം 10 മാര്‍ക്ക് ലഭിക്കാത്തവരുടെ പ്രത്യേക ലിസ്റ്റ് (രഹസ്യ ലിസ്റ്റ്) തയ്യാറാക്കി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മാനേജ്മെന്റുകള്‍ക്ക് കൈമാറിവരികയായിരുന്നു.

പട്ടികജാതി, പട്ടികവര്‍ഗ, ഒഇസി വിഭാഗക്കാരുടെ സംവരണസീറ്റുകളുടെ സംരക്ഷണം ഉറപ്പാക്കാനും തീരുമാനമായി. ഒന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവ് വരുന്ന സംവരണ സീറ്റുകളില്‍ രണ്ടാംഘട്ടത്തില്‍ കുട്ടികളില്ലെന്ന കാരണത്താല്‍ മറ്റുവിഭാഗങ്ങളെ പരിഗണിച്ചുവന്ന രീതി അവസാനിപ്പിച്ചു. ഈ വിഭാഗങ്ങളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ മാനേജ്മെന്റുകള്‍ക്ക് ലഭിക്കില്ല. സീറ്റുകള്‍ ഒഴിവുള്ള വിവരം എന്‍ട്രന്‍സ് കമീഷണര്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തി ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമേ മറ്റു വിഭാഗക്കാര്‍ക്ക് പ്രവേശനം സാധ്യമാകൂ. ഇത് പിന്നോക്കവിഭാഗങ്ങള്‍ക്ക് പരിരക്ഷയായി. ആദ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചാലും തുടര്‍അലോട്ട്മെന്റില്‍ ഇഷ്ടകോളേജുകളിലേക്ക് മാറാനും പട്ടികജാതി/വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉറപ്പായി.

ചൊവ്വാഴ്ചയോടെ 98 സ്വാശ്രയകോളേജുകളിലേക്കുള്ള പ്രവേശനത്തിനാണ് ധാരയിലെത്തിയത്. മറ്റ് 41 സ്വാശ്രയകോളേജുകളിലെ 50 ശതമാനം മെറിറ്റ്് സീറ്റുകളില്‍ 50,000 രൂപ ഫീസായിരിക്കും. ഇവയില്‍ സാമ്പത്തിക മുന്നോക്കക്കാരില്‍നിന്ന് പരമാവധി സ്പെഷ്യല്‍ ഫീസായി 25,000 രൂപവരെ ഈടാക്കാം. അതുപ്രകാരം ഇവിടങ്ങളിലെ മെറിറ്റ് സീറ്റുകളില്‍ പകുതിയില്‍ 75,000 ആയിരിക്കും ഫീസ്.

ചര്‍ച്ചയുടെ ഭാഗമായി മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. കെ ശശികുമാര്‍, സെക്രട്ടറി കെ എം മൂസ എന്നിവരും സംഘവും  മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ട് വീണ്ടും വിദ്യാഭ്യാസമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് കരാറിലൊപ്പിട്ടത്.

എം വി പ്രദീപ്

Leave a Reply

Your email address will not be published. Required fields are marked *

Facebook