ലക്ഷ്യം ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണസംസ്‌കാരം: പിണറായി

 ഭരണഘടന വിഭാവനംചെയ്യുന്നതും ജനങ്ങള്‍ ആഗ്രഹിക്കുന്നതുമായ ഭരണസംസ് കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍വീസ് സംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വീസ് രംഗം അഴിമതിരഹിതവും കാര്യക്ഷമവും സേവനോന്മുഖവും ആക്കുകയെന്നത് പ്രധാനമാണ്. ഇത് ചെയ്താല്‍ സര്‍ക്കാരിന്റെയും സര്‍വീസ് സംഘടനകളുടെയും വിശ്വാസ്യത വര്‍ധിക്കും.

ജീവനക്കാരോട് വേര്‍തിരിവുണ്ടാകില്ല. സംഘടനാ മേല്‍വിലാസം നോക്കിയാകില്ല സര്‍ക്കാരിന്റെ മനോഭാവം. ജീവനക്കാരുടെ പ്രശ്നങ്ങള്‍ പ്രാമുഖ്യം നല്‍കി പരിഹരിക്കും. ഏതെങ്കിലും വിഭാഗത്തിനോട്  പ്രത്യേക പരിഗണനയോ അവഗണനയോ സര്‍ക്കാരില്‍നിന്ന് ഉണ്ടാകില്ല. വ്യത്യസ്തമായ നില എവിടെയെങ്കിലും ഉണ്ടായാല്‍ തിരുത്തും.

കാര്യക്ഷമതയില്ലായ്മ, കെടുകാര്യസ്ഥത, അഴിമതി, ജനങ്ങളില്‍ നിന്ന് അന്യവല്‍ക്കരിക്കപ്പെട്ടുപോകല്‍, അതിരുകവിഞ്ഞ കേന്ദ്രീകരണം, പ്രൊഫഷണലിസം ഇല്ലായ്മ, ചുവപ്പുനാട സമ്പ്രദായം എന്നിങ്ങനെയുള്ള പ്രശ്നം ജനമനസ്സിലുണ്ട്. പദ്ധതികളുടെ അനിശ്ചിതമായ നീണ്ടുപോകല്‍, തുക ലാപ്സാകല്‍, സേവന ഗുണനിലവാരത്തകര്‍ച്ച എന്നിങ്ങനെ വേറെയും പ്രശ്നമുണ്ട്. ഇവയൊക്കെ നേരിടാന്‍ കഴിയുംവിധം ഭരണയന്ത്രം നവീകരിക്കും. ചെലവഴിക്കുന്ന തുകയില്‍മാത്രം ഊന്നിയാകരുത് പദ്ധതി അവലോകനം. പദ്ധതികൊണ്ട് എത്രത്തോളം പ്രയോജനമുണ്ടായി  എന്നതുകൂടി കണക്കാക്കണം.

സ്ഥലംമാറ്റത്തിന് കുറ്റമറ്റതും സുതാര്യവുമായ മാനദണ്ഡം ആവിഷ്കരിക്കും. ശാസ്ത്രീയമായ അവലോകനത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ പുനഃക്രമീകരണം വേണ്ടിവരും. റദ്ദാക്കേണ്ട നിയമവും ചട്ടവും റദ്ദാക്കുകയും പരിഷ്കരിക്കപ്പെടേണ്ടവ പരിഷ്കരിക്കുകയും ചെയ്യും.

കാലികമായ മാറ്റം ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഉദ്യോഗസ്ഥസമൂഹം ഒറ്റപ്പെടും. സേവനാവകാശ നിയമം സമയബന്ധിതമായി നടപ്പാക്കണം. ജീവനക്കാരുടെ തുടര്‍പരിശീലനം ഒഴിവാക്കാനാകില്ല. ചട്ടവും നിയമവും സംബന്ധിച്ച പൊതുധാരണ ജീവനക്കാര്‍ക്കുണ്ട്. എന്നാല്‍, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സംവിധാനം വേണം. അവിടെയാണ് ഐഎംജി അടക്കമുള്ളവയെ ഉപയോഗിച്ചുള്ള ഇന്‍സര്‍വീസ് പരിശീലനത്തിന്റെ പ്രസക്തി.

ഫയല്‍നോട്ടത്തിന് ഇപ്പോഴുള്ള വിവിധ തട്ടുകളുടെ എണ്ണം പരിമിതപ്പെടുത്തണം. ഇന്‍സ്പെക്ഷന്‍, ഇന്റേണല്‍ ഓഡിറ്റ്, സോഷ്യല്‍ ഓഡിറ്റ് എന്നിവ കാര്യക്ഷമമാകണം. ഭരണഭാഷ മലയാളം തന്നെയാകണം. മലയാളത്തില്‍ പോരായ്മയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. വിവരസാങ്കേതികവിദ്യ നന്നായി ഉപയോഗിക്കണം. ജീവനക്കാരുടെ പെരുമാറ്റം മാതൃകാപരമാകണം. പൌരാവകാശരേഖയും മറ്റും പരസ്യപ്പെടുത്തി ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തിന് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണന ബോധ്യപ്പെടുത്തണം. 30 ദിവസത്തിനകം സാധാരണ പ്രശ്നങ്ങളില്‍ തീരുമാനമാകണം. ഫയലിലെ ആവശ്യം തിരസ്കരിച്ചാല്‍, തിരസ്കരിച്ചത് ശരിയോ എന്ന് പരിശോധിക്കാന്‍ സംവിധാനമുണ്ടാകണം.

ഹാജര്‍നില വളരെ പ്രധാനപ്പെട്ടതാണ്. ഇത് ഉറപ്പാക്കുമ്പോള്‍ സര്‍വീസ് സംഘടനകള്‍ ഇടപെടരുത്. ഓഫീസുകള്‍ പല വസ്തുക്കളുടെയും വില്‍പ്പനകേന്ദ്രങ്ങളാകുന്നത് ഒഴിവാക്കണം. ജീവനക്കാര്‍ക്ക് ഓഫീസുകളില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്, പൊതുഭരണവകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസ്, ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, എഫ്എസ്ഇടിഒ,  സെറ്റോ, ഫെറ്റോ, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, അധ്യാപക സര്‍വീസ് സംഘടനാ ഐക്യവേദി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook