ചിരിസഭയില്‍ മുഖംപരതി സാമാജികര്‍

  ചിരിവരകളില്‍ സ്വന്തം മുഖംപരതി  നിയമസഭാ സാമാജികര്‍. കണ്ടെത്തിയപ്പോള്‍ ചിരിയും ചിന്തയുമായി കണ്ണെടുക്കാതെ അവര്‍ ഒന്നടങ്കം നോക്കിനിന്നു. പിന്നെ മൊബൈലില്‍ പകര്‍ത്തി. വരച്ചവരെ വിളിച്ച് അഭിനന്ദിച്ചു. നിയമസഭയുടെ മെംബേഴ്സ് ലോഞ്ചിലായിരുന്നു ചൊവ്വാഴ്ച കൌതുകവരകളുടെ ലോകം തുറന്നത്. സഭാംഗങ്ങള്‍ വിശ്രമവേളകള്‍ ചെലവിടുന്ന ലോഞ്ചില്‍ പൂര്‍ണ ഹാജരുള്ള ‘കാരിക്കേച്ചര്‍ സഭ’ ഒരുക്കിയത് കേരള കാര്‍ട്ടൂണ്‍ അക്കാദമി. രണ്ടരയോടെ സഭ പിരിഞ്ഞപ്പോള്‍ പ്രദര്‍ശനം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി  ശ്രീരാമകൃഷ്ണനും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ മെംബേഴ്സ് ലോഞ്ചില്‍ എത്തി. വരയിലെ കൌതുകവും നര്‍മവും മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ആസ്വദിച്ചു. മുഖത്തിന്റെയും ശരീരത്തിന്റെയും സവിശേഷതകള്‍ പര്‍വതീകരിച്ച രചനകള്‍ അംഗങ്ങള്‍ ആസ്വദിച്ചു.

നിറഞ്ഞ ചിരിയോടെ സ്കൂള്‍ കുട്ടിക്ക് പാഠപുസ്തകം നല്‍കുന്ന വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിനെ അവതരിപ്പിച്ചപ്പോള്‍ കൈയില്‍ റബറെന്ന കവിതയുമായാണ് എല്‍ദോസ് കുന്നപ്പള്ളിയെ വരച്ചിരിക്കുന്നത്. കുടവയറുമായി നില്‍ക്കുന്ന തന്റെ കാരിക്കേച്ചര്‍ കണ്ടപ്പോള്‍ തനിക്കിത്ര വയറില്ലെന്നായി പി സി ജോര്‍ജ്. വരച്ചുവച്ച ചിത്രങ്ങള്‍ മതിയാകാത്ത എംഎല്‍എമാരില്‍ പലരും തത്സമയം ചിത്രം വരയ്ക്കാന്‍ നിന്നുകൊടുത്തു. സ്പീക്കര്‍ പി ശീരാമകൃഷ്ണന്റെ ചിത്രവും തത്സമയം രണ്ടുപേര്‍ വരച്ചു.  സഭാംഗങ്ങളായ വി ടി ബല്‍റാമും എം കെ മുനീറും കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ കൂടിയാണ്. ബല്‍റാം സ്വന്തം കാരിക്കേച്ചര്‍ വരച്ചതും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു. അക്കാദമി അംഗങ്ങളായ  അമ്പതോളം കാര്‍ട്ടൂണിസ്റ്റുകളാണ് എംഎല്‍എമാരുടെ കാരിക്കേച്ചറുകള്‍ വരച്ചത്.

മെംബേഴ്സ് ലോഞ്ചില്‍ നടന്ന ചടങ്ങില്‍ ശതാഭിഷിക്തനാകുന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. കാരിക്കേച്ചറുകള്‍ വരച്ചവര്‍ക്ക് മന്ത്രിമാരായ കെ കെ  ശൈലജ, വി എസ് സുനില്‍കുമാര്‍, ഇ  ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യൂ ടി തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ഉപഹാരം നല്‍കി. കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരണമായ കാര്‍ട്ടൂണ്‍ ജാലകം ചടങ്ങില്‍ പ്രകാശിപ്പിച്ചു. നിയമസഭാ സെക്രട്ടറി ഇന്‍ ചാര്‍ജ് പി  ജയലക്ഷ്മിയും സന്നിഹിതയായി.

Leave a Reply

Your email address will not be published. Required fields are marked *

Facebook