വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

 സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവും ദേശാഭിമാനി മുന്‍ ചീഫ് എഡിറ്ററുമായ വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ മൂന്നരക്കായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച പകല്‍ രണ്ടിന് പേരാമ്പ്രയ്ക്കടുത്ത് പാലേരിയിലെ വീട്ടുവളപ്പില്‍.

ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച് ആഗസ്ത് 21നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച  മുതല്‍ ഐസിയുവിലായിരുന്നു. സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച് കണാരന്‍ സ്മാരക മന്ദിരത്തില്‍ എത്തിച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എളമരം കരീം, പി കെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി മോഹനന്‍, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് രക്തപതാക പുതപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30 വരെ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വിലാപയാത്രയായി പേരാമ്പ്രയിലേക്ക് കൊണ്ടുപോകും. 10 മുതല്‍ 11 വരെ പേരാമ്പ്ര ടൌണിലും 11 മുതല്‍ 12.30 വരെ വടക്കുമ്പാട് ഹൈസ്കൂളിലും 12.30 മുതല്‍ രണ്ട് വരെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.

മികച്ച പാര്‍ലമെന്റേറിയന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന ദക്ഷിണാമൂര്‍ത്തി സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തിന്റെ മുന്‍നിരനേതാവായിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. മാര്‍ക്സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള അദ്ദേഹം രാഷ്ട്രീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചു. 2005 ജൂലൈ മുതല്‍ 2016 ആഗസ്ത് അഞ്ച് വരെ 11 വര്‍ഷം ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്നു. 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരായും പ്രവര്‍ത്തിച്ചു.

നിലവില്‍ ദേശാഭിമാനി പ്രിന്റിങ് ആന്‍ഡ് പബ്ളിഷിങ് കമ്പനി മാനേജിങ് ഡയറക്ടറാണ്. 1965, 67, 80 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980–82 കാലത്ത് സിപിഐ എം നിയമസഭാ വിപ്പുമായിരുന്നു.

ചെത്തുതൊഴിലാളികള്‍, അധ്യാപകര്‍, ക്ഷേത്രജീവനക്കാര്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങി വിവിധ വിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്യൂണിയന്‍ മേഖലയിലും സജീവമായി ഇടപെട്ടു. മലബാര്‍ ദേവസ്വം എംപ്ളോയീസ് യൂണിയന്‍ (സിഐടിയു) സംസ്ഥാന പ്രസിഡന്റാണ്. ദീര്‍ഘകാലം കലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കറ്റംഗമായിരുന്നു.

കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് പാലേരി സ്വദേശിയാണ്. 1934ല്‍ പനക്കാട്ടാണ് ജനനം. അച്ഛന്‍: പരേതനായ ടി ആര്‍ വാരിയര്‍. അമ്മ: പരേതയായ നാരായണി വാരസ്യാര്‍. ഭാര്യ: റിട്ടയേഡ് അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്കൂള്‍), അജയകുമാര്‍ (പ്രിന്‍സിപ്പല്‍, വെള്ളിമാട്കുന്ന് ജെഡിടി ഇസ്ളാം ഐടിഐ), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജര്‍). മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ്), ശ്രീകല (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), പ്രിയ(അധ്യാപിക, ജെഡിടി ഇസ്ളാം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, വെള്ളിമാടുകുന്ന്). സഹോദരങ്ങള്‍: ദേവകി വാരസ്യാര്‍, ശാരദ വാരസ്യാര്‍ (ഇരുവരും മരുതോങ്കര), സുഭദ്ര വാരസ്യാര്‍ (ഗുരുവായൂര്‍), പരേതരായ ലീല വാരസ്യാര്‍ (പനക്കാട്), യശോദ വാരസ്യാര്‍ (തളിപ്പറമ്പ്), ശൂലപാണി വാരിയര്‍ (മരുതോങ്കര).

1950–ല്‍ 16ാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 26 വര്‍ഷം സ്കൂള്‍ അധ്യാപകനായി. 1982ല്‍ വടക്കുമ്പാട് ഹൈസ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു. അതേ വര്‍ഷം സംസ്ഥാന കമ്മിറ്റി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മലബാര്‍ ഐക്യവിദ്യാര്‍ഥി സംഘടനയുടെ ആദ്യ ജോയിന്റ് സെക്രട്ടറിയായിരുന്നു.കേരളാ സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷന്റെ ആദ്യ കോഴിക്കോട് ജില്ലാ പ്രസിഡന്റുമായി. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം ജയില്‍വാസമനുഭവിച്ചു. 1969 ഡിസംബര്‍ ഒന്നിന് കോഴിക്കോട് കലക്ടറേറ്റ് പിക്കറ്റിങ് സമരത്തില്‍ ക്രൂരമായ പൊലീസ് മര്‍ദനത്തിനിരയായി.

Leave a Reply

Your email address will not be published. Required fields are marked *

Facebook