‘ഉന’ മറയ്ക്കാന്‍ ‘ഉറി’

കോഴിക്കോട്ട് നടന്ന ബിജെപി ദേശീയ കൌണ്‍സില്‍ യോഗത്തില്‍, ആദ്യവസാനം നിറഞ്ഞുനിന്നത് ഉറിയും കശ്മീരും പാകിസ്ഥാനും ഭീകരവാദവും ആയിരുന്നു. അമിത് ഷായുടെ ഉദ്ഘാടനപ്രസംഗത്തിലും രാംമാധവ് അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തിലും സമാപന പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തപ്പോഴും ‘ഉറി’യാണ് ഉറഞ്ഞാടിയത്. വാസ്തവത്തില്‍, രാപ്പകല്‍ രാജ്യത്തിന് ജാഗ്രതയോടെ കാവല്‍ നില്‍ക്കേണ്ട ദേശസുരക്ഷാസംവിധാനത്തിലെ പഴുതുകള്‍ക്കും പാളിച്ചകള്‍ക്കും ഒപ്പം പ്രതിരോധവകുപ്പിന്റെ തലപ്പത്തിരിക്കുന്നവരുടെ പിടിപ്പുകേടും കൂടിയാണ് ഉറിസംഭവം വെളിച്ചപ്പെടുത്തിയത്. എന്നാല്‍, ബിജെപി, വീണേടം വിദ്യായാക്കാമെന്ന് കരുതുന്നു. ചത്ത പശുവിന്റെ തോലുരിച്ചതിന് നാല് ദളിത് യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച ഉനയിലെ അത്യാചാരത്തെത്തുടര്‍ന്ന് രാജ്യമെങ്ങും ദളിതര്‍ സംഘപരിവാറിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്തിവരികയാണ്. അവയൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും ബിജെപി ഭാവിക്കുന്നു. ഉനയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരിക്കാന്‍ ആ പാര്‍ടിയുടെ നേതാക്കള്‍ ശ്രദ്ധിക്കുന്നു. ‘ഉറി’യില്‍ നിറയുന്ന സങ്കുചിത ദേശഭ്രാന്തില്‍ ‘ഉന’ മുക്കിത്താഴ്ത്താമെന്ന് അവര്‍ വ്യാമോഹിക്കുന്നു.

‘ബാബ്റി’ മുതല്‍ ‘ദാദ്രി’ വരെയുള്ള സംഭവങ്ങള്‍, മുസ്ളിം വിദ്വേഷത്തിന്റെ ‘പ്ളാറ്റ്ഫോമി’ല്‍ വിവിധ ഹിന്ദുസമുദായങ്ങളെ വര്‍ഗീയമായി ഏകീകരിക്കാന്‍ സംഘപരിവാര്‍ ബോധപൂര്‍വം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമാണ്. ഗുജറാത്ത് വംശഹത്യയടക്കം ആര്‍എസ്എസും പരിവാരങ്ങളുംകൂടി ചിട്ടപ്പെടുത്തിയ രക്തപങ്കിലമായ പദ്ധതികള്‍കൊണ്ട് ലക്ഷ്യമിട്ടതൊക്കെ അവര്‍ നേടിയെടുത്തു. മോഡിയുടെ അധികാരാരോഹണം തീര്‍ച്ചയായും ആ ജൈത്രയാത്രയുടെ അത്യുന്നതഘട്ടമായിരുന്നു. കോര്‍പറേറ്റ് മാധ്യമങ്ങളുടെ പിന്തുണയോടെ മോഡി സംഘടിപ്പിച്ച കൊണ്ടുപിടിച്ച പ്രചാരണം, പരമ്പരാഗതമായി ബിജെപിയെ പിന്തുണയ്ക്കുന്നവരില്‍ മാത്രമല്ല, അതിനുമപ്പുറത്തുള്ള വിപുലമായ ജനവിഭാഗങ്ങളിലും ശുഭപ്രതീക്ഷ ജനിപ്പിച്ചു. എന്നാല്‍, തെരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനംചെയ്ത ‘സുദിന’ങ്ങള്‍ക്ക് പകരം ദുരിതങ്ങള്‍ നിറഞ്ഞ ദുര്‍ദിനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി ഘോഷയാത്രപോലെ വരുന്നത്. യുപിഎ കാലത്തെ ‘തൊഴിലില്ലാവളര്‍ച്ച’, ഇപ്പോള്‍ തൊഴിലില്ലായ്മയുടെ വളര്‍ച്ച മാത്രമല്ല, വളര്‍ച്ചാനിരക്കിന്റെ തകര്‍ച്ചയായും മാറിയിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വേകള്‍ വ്യക്തമാക്കുന്നു.

മുമ്പ് വറചട്ടിയില്‍ പൊരിയാന്‍ വിധിക്കപ്പെട്ടവര്‍ ഇപ്പോള്‍ എരിതീയില്‍ വീണു കരിയാന്‍ തുടങ്ങി. അസംതൃപ്തി ഏവരിലും വ്യാപിക്കുകയും ഏറെക്കുറെ എല്ലാവരും സങ്കുചിതമോ സംഘടിതമോ ആയി പ്രക്ഷോഭങ്ങളിലും സമരങ്ങളിലും ഏര്‍പ്പെട്ടുവരുന്നതും കാണുന്നു. കര്‍ഷകസംഘടനകളും തൊഴിലാളിസംഘടനകളും വിദ്യാര്‍ഥി–യുവജന പ്രസ്ഥാനങ്ങളും കൂട്ടായും വെവ്വേറെയും സമരംചെയ്യുന്നുണ്ട്. സര്‍വോപരി, ബിജെപിയുടെ ഉറച്ച ‘കോണ്‍സ്റ്റിറ്റ്യുവന്‍സി’ ആയിരുന്ന ഗുജറാത്തിലെ പട്ടേല്‍മാരും മഹാരാഷ്ട്രയിലെ ‘മറാഠ’രും മറ്റും ആ പാര്‍ടി നേതൃത്വം നല്‍കുന്ന കേന്ദ്ര–സംസ്ഥാന ഭരണനയങ്ങള്‍ക്കെതിരെ സമരസന്നദ്ധരായി തെരുവിലിറങ്ങുന്നു. സംഘപരിവാറിന്റെ വലയിലെ മത്സ്യങ്ങളാണ് വല മുറിച്ച് പുറത്തു കടന്നിരിക്കുന്നത്. ബിജെപിക്കകത്തുള്ള ജാതിവിഭാഗങ്ങളും ഗ്രൂപ്പ് വഴക്കുകളും ഈ സമരങ്ങള്‍ക്ക് പിന്നില്‍ ഉണ്ടെന്നതും സത്യമാണ്. എന്നാല്‍, മോഡിയുടെ ‘കാരിസ്മെ’യ്ക്കോ നേതൃപാടവത്തിനോ അമിത് ഷായുടെ സംഘടനാസാമര്‍ഥ്യത്തിനോ എന്തിന്, ആര്‍എസ്എസിന്റെ തീട്ടൂരങ്ങള്‍ക്കോ അടക്കിനിര്‍ത്താനാകാത്തവിധം ‘ബിജെപി’ക്കകത്തെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂര്‍ച്ഛിക്കുന്നതോടൊപ്പം പാര്‍ടിയും ജനങ്ങളും തമ്മിലുള്ള വൈരുധ്യവും വര്‍ധിച്ചുവരികയാണ്. ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി വിജയ് രൂപാനിക്ക് സൂറത്തില്‍ നല്‍കിയ രാജകീയസ്വീകരണം പട്ടേല്‍മാരുടെ സംഘടിത എതിര്‍പ്പിനുമുന്നില്‍ ചീറ്റിപ്പോയി. സര്‍വശക്തനായ അമിത് ഷായെ അവിടെ വാ തുറക്കാന്‍ ആളുകള്‍ അനുവദിച്ചില്ല.

നാരായണഗുരുവിന്റെ നാട്ടില്‍ ‘നമ്പൂതിരിമുതല്‍ നായാടിവരെ’യുള്ള വിവിധ ജാതിക്കാരെ ഹിന്ദുമതഭ്രാന്ത് കുത്തിവച്ച് കൂട്ടിക്കെട്ടാന്‍ പാടുപെട്ടത് വെറുതെയായെങ്കിലും മോഡിയുടെ നാട്ടില്‍ പട്ടേല്‍മാര്‍മുതല്‍ പട്ടികജാതിക്കാരെവരെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെപിന്നില്‍ അണിനിരത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നുവല്ലോ. ഗുജറാത്ത് കലാപത്തില്‍ പട്ടേല്‍മാര്‍ മുഖ്യപങ്കു വഹിച്ചെങ്കില്‍, ചെറിയതോതില്‍ പട്ടികജാതിക്കാരും പങ്ക് വഹിച്ചിട്ടുണ്ട്. എന്നാലവിടെയിപ്പോള്‍ പട്ടേല്‍മാര്‍പോലും ഉപേക്ഷിച്ച ബിജെപിയെ പട്ടികജാതിക്കാര്‍ ഏറ്റെടുക്കുമോ? ഉന കെട്ടഴിച്ചുവിട്ട ദളിത് പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് ഗുജറാത്തില്‍ മാത്രമല്ല, ഇന്ത്യയാകെ ആഞ്ഞുവീശുകയാണ്. ‘ഗോരക്ഷകര്‍’ സ്വന്തം കുറ്റകൃത്യങ്ങളെ സ്വയം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചപ്പോള്‍ സാര്‍വത്രികമായ അഭിനന്ദനമാകും പ്രതീക്ഷിച്ചത്! ഫലം നേരെ മറിച്ചായിരുന്നു. സംഘപരിവാര്‍ പല ദശകങ്ങള്‍കൊണ്ട് പാടുപെട്ട് പണിതുയര്‍ത്തിയ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ അടിത്തറവരെ പൊളിച്ചടുക്കുന്ന ദളിത് മുന്നേറ്റത്തിനാണ് അത് വഴിതുറന്നത്. ഗുജറാത്തില്‍ ബിജെപിക്ക് അവഗണിച്ച് തള്ളാവുന്ന ഒരു ചെറു ന്യൂനപക്ഷമാണ് ദളിതരെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍, വിശിഷ്യ, തെരഞ്ഞെടുപ്പ് ആസന്നമായ യുപിയില്‍ ദളിതര്‍ കൂടെയുണ്ടെങ്കില്‍ ഭരണം പിടിക്കാന്‍ കഴിയും. എന്നാല്‍, അവിടെനിന്ന് ബിജെപിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് ശുഭസൂചനകളല്ല. ഗുജറാത്തില്‍ ആളുകളുടെ എതിര്‍പ്പ് കാരണം അമിത് ഷായ്ക്ക് ഉരിയാട്ടംമുട്ടിയെങ്കില്‍ യുപിയില്‍ അയാള്‍ പറയുന്നതുകേള്‍ക്കാന്‍ ആളില്ലാത്തതുകൊണ്ട് ‘ദളിത് മഹാറാലി’ മാറ്റിവയ്ക്കുകതന്നെ വേണ്ടിവന്നു.

‘ഉന’ ഒരു ഉലപോലെ ഊതിയുണര്‍ത്തിയ ദളിത് പ്രക്ഷോഭങ്ങള്‍ക്ക്, രാജ്യത്ത് മുമ്പ് സംദൃശ്യമായ കീഴാളരുടെ എണ്ണമറ്റ സമരങ്ങളില്‍നിന്ന് മൌലികമായും ഗുണപരമായും വ്യത്യാസമുണ്ട്. “ഞങ്ങള്‍ക്ക് ഉനയില്‍നിന്ന് മുന്നോട്ടുപോകേണ്ടതുണ്ട്…. ഈ അത്യാചാരങ്ങളുടെ സന്ദര്‍ഭത്തില്‍ അംബേദ്കറെയോ മാര്‍ക്സിനെയോ വായിക്കുമ്പോള്‍, ഭൂപരിഷ്കരണം ഒരു സുപ്രധാന വിഷയമായി ഉയര്‍ന്നുവരുന്നുണ്ട്. ഇന്ത്യയില്‍ ഭൂമിയാണ് ജാതിയെ നിര്‍ണയിക്കുന്നത്” എന്ന് (ഫ്രണ്ട്ലൈന്‍) ഉന ഉയര്‍ത്തിക്കൊണ്ടുവന്ന ദളിത് സമരനായകന്‍ ജിഗ്നേഷ് മേവാനി പറയുന്നു. “ഭൌതിക ജീവിതപ്രശ്നങ്ങളാണ് ദളിത് രാഷ്ട്രീയത്തിന്റെ ഹൃദയ”മെന്നും, “ഭൂപരിഷ്കരണത്തെ അടിസ്ഥാനപ്പെടുത്തിയ വികസനത്തിന്റെ ഒരു ബദല്‍ മാതൃക മുന്നോട്ടുവയ്ക്കാനാണ്” (ഹിന്ദു) തന്റെ പ്രസ്ഥാനം പരിശ്രമിക്കുന്നതെന്നും മേവാനി വിശദീകരിക്കുന്നു. സാംസ്കാരികസ്വത്വമല്ല, സാമ്പത്തിക അസമത്വമാണ് ദളിത് പ്രശ്നത്തിന്റെ കാതലെന്നും വേലയ്ക്കും കൂലിക്കും ഭൂമിക്കുംവേണ്ടിയാണ് തങ്ങളുടെ സമരങ്ങളെന്നും അദ്ദേഹം അര്‍ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ദളിത് രാഷ്ട്രീയത്തില്‍ ഗംഭീരമായ ഒരു വിചാരമാതൃകാവ്യതിയാനം സംഭവിച്ചുകഴിഞ്ഞതായി മേവാനിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. വികസനത്തിന്റെ ‘ഗുജറാത്ത് മോഡലി’നെ വാഴ്ത്തുന്നവരുടെ വായ്ത്താരികള്‍ക്കിടയിലാണ് അതിനെ വെല്ലുവിളിച്ചുകൊണ്ട് ഗുജറാത്തില്‍ നിന്നുതന്നെ, ഇടതുപക്ഷ കേരളം ദശകങ്ങള്‍ക്ക് മുമ്പുതന്നെ പരീക്ഷിച്ച, ‘ഭൂപരിഷ്കരണത്തിന്റെ അടിസ്ഥാനത്തിലുള്ള ബദല്‍ വികസനമാതൃക’യെക്കുറിച്ചുള്ള ചിന്ത ഉയര്‍ന്നുവരുന്നത്. മതത്തിന്റെപേരില്‍ പരസ്പരം കലഹിച്ച ഗുജറാത്തിലെ മണ്ണില്‍ വച്ചുതന്നെ ദളിതരും പാവപ്പെട്ട (‘പസ്മന്ദ’) മുസ്ളിങ്ങളും തമ്മിലൊരു വര്‍ഗൈക്യം രൂപപ്പെടുന്നതിനും അത് ഇടതുപക്ഷരാഷ്ട്രീയവുമായി ഇടകലരുന്നതിനും വഴിതെളിഞ്ഞുവരുന്നു. രോഹിത് വെമുലയുടെ സ്മരണകള്‍ ഇരമ്പുന്ന ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സകല സീറ്റും എസ്എഫ്ഐ–ദളിത് വിദ്യാര്‍ഥി സഖ്യം തൂത്തുവാരിയതും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

എന്നാലിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗതിഭേദം മാത്രമല്ല, ഒരു യുഗസംക്രമണംതന്നെ സംഭവിക്കാന്‍ പോകുന്ന സന്ദര്‍ഭത്തിലാണ്, ‘ഉറി’യിലെ സേനാകേന്ദ്രം ആക്രമിക്കപ്പെടുന്നത്. ഇത്, ഉര്‍വശീശാപം പോലെ, തങ്ങള്‍ക്ക് നഷ്ടപ്പെട്ട  ജനപിന്തുണ തിരിച്ചുപിടിക്കാന്‍ ഉപകരിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പാകിസ്ഥാന്‍ വിരോധം ആളിക്കത്തിച്ച് സങ്കുചിത ദേശഭ്രാന്തില്‍ അവര്‍ക്ക് അനായാസം വര്‍ഗീയവിഷം ഒളിച്ചുകടത്താനാകും. ദേശസ്നേഹി/ ദേശദ്രോഹി എന്ന പുതിയ തരം വര്‍ഗീകരണത്തിലൂടെ തങ്ങള്‍ക്കെതിരായവരെ ദേശദ്രോഹികളായി ചാപ്പ കുത്തി ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും കഴിയും. എന്നാല്‍, ഇന്ത്യന്‍ ദേശീയത എല്ലാ ഇന്ത്യക്കാരുടെയും ഐക്യത്തിലും സാമ്രാജ്യവിരോധത്തിലുമാണ് കാലൂന്നിനില്‍ക്കുന്നത്. അതിന്റെ ചരിത്രത്തിലോ പാരമ്പര്യത്തിലോ സൂചി കുത്താനുള്ള ഇടംപോലും സംഘപരിവാറിനില്ല. രാജ്യത്ത് സ്വാതന്ത്യ്രസമരം നടക്കുമ്പോള്‍ അവര്‍ കോളനിമേധാവികളുടെ കൂടെ ആയിരുന്നു. സ്വാതന്ത്യ്രലബ്ധിക്കുശേഷം, ഇന്ത്യയില്‍നിന്ന് വിഘടിച്ചുനില്‍ക്കാന്‍ പാഴ്ശ്രമം നടത്തിയ ചില നാട്ടുരാജ്യങ്ങളുടെ കൂടാരത്തിലായിരുന്നു, സംഘപരിവാറിന്റെ നികുംഭിലയിലാണ് രാഷ്ട്രപിതാവിന്റെ ജീവനെടുക്കാനുള്ള ഗൂഢാലോചന നടന്നത്. തുടര്‍ന്ന്, ഒരിക്കല്‍ ഇന്ത്യയെ കടന്നാക്രമിക്കാന്‍പോലും കോപ്പുകൂട്ടിയ അമേരിക്കയാണ് അവരുടെ അഭയസങ്കേതം.

കോളനിരാജ്യങ്ങളില്‍ ദേശീയപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയതയെ സൃഷ്ടിച്ചതും യുദ്ധാനന്തരം കമ്യൂണിസത്തെ നേരിടാന്‍ മതഭീകരതയെ പോറ്റിവളര്‍ത്തിയതും സാമ്രാജ്യത്വശക്തികളാണ്. ജന്മനാള്‍തൊട്ട് പാകിസ്ഥാന്‍ അമേരിക്കയുടെ ഒരു സാമന്തരാഷ്ട്രമായാണ് പുലര്‍ന്നത്. പശ്ചിമേഷ്യയില്‍ ഇസ്രയേലിനെപ്പോലെയാണ്, തെക്കനേഷ്യയില്‍ അമേരിക്കയ്ക്ക് പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍മുതല്‍ സിറിയവരെ യുഎസ് സാമ്രാജ്യത്വം വിതരണംചെയ്ത ഭീകരവാദത്തിന്റെ ‘നേഴ്സറി’ ആയിരുന്നു ആ രാജ്യം.

അതുകൊണ്ട് സംഘപരിവാറിന്റെ പാകിസ്ഥാന്‍ വിരുദ്ധ– ഭീകരവിരുദ്ധ വാചകമടികളെ, സാമ്രാജ്യവിരുദ്ധസമരങ്ങളുടെ സമ്പന്നമായ പൈതൃകമുള്ള നമ്മുടെ ജനത, അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് യുദ്ധമല്ല, സമാധാനമാണ് ആവശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ സൈനികമായല്ല, കൂടിയാലോചനകളിലൂടെ സമാധാനപരമായി പരിഹരിക്കാന്‍ സഹായകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാന്‍, ദേശാഭിമാനികളായ ബഹുജനങ്ങളുടെ ഒരു പ്രസ്ഥാനം ഉയര്‍ന്നുവരേണ്ടതുണ്ട്

എം എം നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook