പട്ടിണിയും പകല്‍കൊള്ളയും മാവോവാദികള്‍ക്ക് തുണ

നിലമ്പൂര്‍: നിലമ്പൂര്‍ വനമേഖലയില്‍ വേരുറപ്പിക്കാന്‍ മാവോയിസ്്റ്റുകളെ തുണയ്ക്കുന്നത് കടുത്ത ചൂഷണവും ‘ കണ്‍വീനര്‍ സമ്പ്രദായ’ത്തിലെ പകല്‍ കൊള്ളയും ഊരുകളിലെ പട്ടിണി മുതലെടുത്താണ് നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ താവളം കണ്ടെത്തുന്നത്.
ചൂഷണവും അഴിമതിയും ഇതിന് വളം വയ്ക്കുന്നു. കരുളായിലെ മുണ്ടക്കടവ് , മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം, അമരമ്പലത്തെ പാട്ടക്കരിമ്പ് തുടങ്ങിയ കോളനികളില്‍ മാവോയിസ്റ്റുകള്‍ സ്വാധീനം ഉറപ്പിക്കാന്‍ തീവ്ര ശ്രമം നടത്തുന്നു. കര്‍ണാടകവും തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന നിലമ്പുര്‍ വനമേഖലയില്‍ ഒന്നരവര്‍ഷമായി മാവോയിസ്റ്റുകള്‍ നിരന്തരം സഞ്ചാരം നടത്തുന്നുണ്ടെന്നാണ് ആദിവാസികള്‍ പറയുന്നത്. കോളനികളില്‍ ക്ലാസെടുക്കുന്നതും പതിവ്. തണ്ടര്‍ ബോള്‍ട്ടും പോലീസും വനം വകുപ്പും റെയ്ഡുകള്‍ക്ക് തയ്യാറാകാത്തതും മാവോയിസ്റ്റുകളുടെ  സൈ്വര്യ വിഹാരത്തിന് അവസരമൊരുക്കുന്നു.
തോക്കുപോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ഓഫിസുകള്‍ ഭീതിയിലാണ്. മാവോയിസ്റ്റുകള്‍ സഞ്ചരിക്കുന്ന പലമേഖലകളിലും വനപാലകരുടെ നിരീക്ഷണം പാടെ നിലച്ചിരുന്നു. ആധുനിക ആയുധങ്ങളും അനുകൂല സഹചര്യങ്ങളുമുള്ള മാവോയിസ്റ്റുകളുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ മുണ്ടക്കടവില്‍ ഈയിടെ പോലിസ് നടത്തിയ റെയിഡ് മാറ്റത്തിന്റെ സൂചനയായി.
കര്‍ണാടകത്തിലേയും തമിഴ്‌നാട്ടിലേയും വനമേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമായപ്പോഴാണ് കേരള അതിര്‍ത്തിയിലേക്ക് മാവോയിസ്റ്റുകള്‍ ചേക്കേറിയത്. അടിക്കാടുകളാല്‍ സമൃദമായ നിലമ്പൂര്‍ വനം മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിത താവളമാണ്.
ആദിവാസികള്‍ വഴിയാണ് മാവോയിസ്റ്റുകള്‍ക്ക് ഭക്ഷ്യസാധനം എത്തുന്നതെന്നും അറിവായിട്ടുണ്ട്. കൂലിവര്‍ധ ആവശ്യപ്പെട്ട് ഉച്ചക്കുളമടക്കമുള്ള കോളനികള്‍ ആദിവാസികള്‍ നടത്തിയ സമരങ്ങളെ മാവോയിസ്റ്റുകള്‍ പിന്തുണച്ചിരുന്നു.
അഞ്ചുലക്ഷത്തില്‍ താഴെ ചെലവ് വരുന്ന വനജോലി കണ്‍വീനര്‍മാര്‍ വഴി ചെയ്യിക്കാമെന്ന വ്യവസ്ഥ ഉദ്യോഗസ്ഥര്‍ക്ക് പകല്‍കൊള്ളയൊരുക്കുന്നു കാട്ടുവെട്ടല്‍ തോട്ടം മുറിക്കല്‍, ഇടമുറിക്കല്‍, ഫയര്‍ ലൈനിടല്‍ തുടങ്ങിയ ജോലികളിലൂടെ ആദിവാസികള്‍ക്ക് തൊഴി്ല്‍ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ജോലിക്കാരനായ ആദിവാസികളില്‍ നിന്ന് ഒരാളെ കണ്‍വീനര്‍ ആക്കിയാണ് പദ്ധതി നടപ്പാക്കേണ്ടത്.
സര്‍ക്കാര്‍ ഇതിനായി ചെലവിടുന്ന തുക ജോലിക്ക് ഏര്‍പ്പെടുന്ന ആദിവാസികള്‍ക്ക് തുല്യമായി കിട്ടേണ്ടതാണ്. എന്നാല്‍ പദ്ധതി കരാര്‍ ജോലിപോലെയാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. റേഞ്ച് അടിസ്ഥാനത്തില്‍ എല്ലാ വര്‍ഷവും ഒരേ കണ്‍വീനര്‍മാരുടെ പേരാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കരാര്‍ തുക തുല്യമായി വീതിക്കുന്നതിന് പകരം ആദിവാസികള്‍ക്ക് തുച്ചമായ പ്രതിഫലം നല്‍കി  കണ്‍വീനര്‍ കൊള്ളലാഭം കൊയ്യുന്നു. കണ്‍വീനറായി എത്തുന്നവരുടെ ചൂഷണം തടയാന്‍ അധികൃര്‍ക്ക് കഴിയുന്നില്ല. ആദിവാസി യുവതിയെ പീഢിപ്പിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആള്‍ക്ക് വീണ്ടും അതേ മേഖലയില്‍ കരാര്‍ പുതുക്കി നല്‍കിയ അനുഭവമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Facebook