എല്‍ഡി ക്ളര്‍ക്ക് അപേക്ഷ ഡിസംബർ 28വരെ

സംസ്ഥാന സര്‍വീസില്‍ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 414/2016.  വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനം.റവന്യൂവകുപ്പിലെ സംയോജിത തസ്തികയായ ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്/വില്ലേജ് അസിസ്റ്റന്റ് തസ്തികയും ഇതില്‍ ഉള്‍പ്പെടും. കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലെ എല്‍ഡി ക്ളര്‍ക്ക് തസ്തികയുടെ ഒഴിവും ഈ വിജ്ഞാപനപ്രകാരം ഓരോ ജില്ലയ്ക്കും തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍നിന്നു നികത്തുന്നതാണ്.ഒഴിവുകള്‍ എല്ലാ ജില്ലയിലും. എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല. എസ്എസ്എല്‍സിയോ തത്തുല്യ യോഗ്യതയോ പാസാകണം.പ്രായം: 18-36 വയസ്സ്. ഉദ്യോഗാര്‍ഥികള്‍ 1980 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും (രണ്ടുതീയതിയും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടിക്കും ഒബിസിക്കും ഉയര്‍ന്ന പ്രായത്തില്‍ നിയമാനുസൃത ഇളവ്. www.keralapsc.gov.in വെബ്സൈറ്റിലൂടെ ഡിസംബര്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പിഎസ്സിയുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ചെയ്യാത്തവര്‍ അതു ചെയ്തശേഷം അപേക്ഷിക്കണം. നിലവില്‍ രജിസ്റ്റര്‍ചെയ്തവര്‍ അവരുടെ പ്രൊഫൈല്‍ പേജിലൂടെയും അപേക്ഷിക്കണം.അപേക്ഷ നല്‍കാനുള്ള ലിങ്കുകള്‍ വെബ്‌സൈ‌റ്റില്‍ നവംബര്‍ 29 മുതല്‍ ലഭ്യമാകുമെന്ന് പിഎസ്‌സി വൃത്തങ്ങള്‍ അറിയിച്ചു. ഗസറ്റ് വിജ്ഞാപനം വരാനുള്ളതിനാലാണ് അപേക്ഷ നല്‍കാനുള്ള ലിങ്കുകള്‍ സജീവമാകാന്‍ വൈകിയതെന്നും അധികൃതര്‍ അറിയിച്ചു.നിലവില്‍ സര്‍ക്കാര്‍ സര്‍വീസില്‍ താഴ്ന്ന തസ്തികയിലുള്ളവരില്‍നിന്ന്, വിവിധ വകുപ്പുകളില്‍ എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് തസ്തികമാറ്റംവഴിയും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.  കാറ്റഗറി നമ്പര്‍ 415/2016ലാണ് ഈ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ശമ്പള സ്കെയില്‍: (19,000 – 43,600/-).എസ്എസ്എല്‍സി മാത്രം യോഗ്യതയുള്ളവര്‍ക്ക് എല്‍ഡി ക്ളര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന അവസരമാകും ഇത്തവണത്തെ എല്‍ഡി ക്ളര്‍ക്ക് അപേക്ഷ. കാരണം എല്‍ഡി ക്ളര്‍ക്ക് തസ്തികയ്ക്ക് പ്ളസ്ടു യോഗ്യതയായി 2011ല്‍ സര്‍ക്കാര്‍ ഉത്തരവുവന്നെങ്കിലും സ്പെഷ്യല്‍ റൂള്‍സില്‍ ഭേദഗതിവരുത്തിയാലേ അത് നിലവില്‍വരൂ. സമീപഭാവിയില്‍ അതു വരാനിടയുള്ളതുകൊണ്ട് എസ്എസ്എല്‍സിക്കാര്‍ക്ക് ഇതാണ് അവസരം.പൊതുവിജ്ഞാനം, ആനുകാലികം, കേരള നവോത്ഥാനം, ജനറല്‍ ഇംഗ്ളീഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശിക ഭാഷ (മലയാളം/തമിഴ്/കന്നട) വിഷയങ്ങളാണ് എല്‍ഡി ക്ളര്‍ക്ക് പരീക്ഷാ സിലബസില്‍. ഭാഷാചോദ്യങ്ങളില്‍ പിഎസ്സി സിലബസ് പരിഷ്കരണം ആരംഭിച്ച സാഹചര്യത്തില്‍ വ്യാകരണ ചോദ്യങ്ങള്‍ക്ക് ഇത്തവണ മാറ്റംവരാനിടയുണ്ട്.ആകര്‍ഷകമായ സേവന വേതന വ്യവസ്ഥയാണ് എല്‍ഡി ക്ളര്‍ക്ക് തസ്തികയില്‍ ഉള്ളത്. മൂന്നു വര്‍ഷ ഇടവേളയിലാണ് പരീക്ഷ. കേരള സര്‍ക്കാരിന്റെ കീഴിലെ വിവിധ വകുപ്പുകളിലേക്കാണ് നിയമനം. 14 ജില്ലകളിലുമായി 5000 ല്‍ അധികം നിയമനങ്ങള്‍ പ്രതീക്ഷിക്കാം. പ്രൊമോഷന്‍ വഴി (സര്‍വീസ് കാലാവധി അനുസരിച്ച്) പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍ തുടങ്ങി ഡെപ്യൂട്ടി കളക്ടര്‍ വരെ എത്തുന്നതിനുള്ള സാധ്യതയും എല്‍ഡി ക്ളര്‍ക്ക്പരീക്ഷയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Facebook