മോദിയുടെയും ജെയ്റ്റ്ലിയുടെയും ഇന്ത്യ പിണറായിയുടെയും ഐസക്കിന്‍റെയും കേരളം

പാകിസ്താനില്‍ അമുസ്ലിംകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇന്ത്യയില്‍ മുസ്ലിംകളും ക്രൈസ്തവരും അവര്‍ണ ഹൈന്ദവരും അനുഭവിക്കണമെന്ന് ശഠിക്കുന്ന ബി ജെ പി നിര്‍ബന്ധം തീരെ മാനുഷികമല്ല. പാകിസ്താനിലെ മുസ്ലിം ഭരണാധികാരികളെപോലെ ഇന്ത്യയിലെ സവര്‍ണഭരണാധികാരികളുംഅഹങ്കാരികളാണ്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമെങ്കിലും ഇപ്പോഴും അവശേഷിക്കുന്നുണ്ട്. പാകിസ്താനില്‍ അതുപോലുമില്ലെന്ന് പാകിസ്താനിന്‍റെ ഭാഷയില്‍ സംസാരിക്കുന്നവരും ഇന്ത്യയില്‍ ഹൈന്ദവസവര്‍ണിസത്തിനുവേണ്ടി വാദിക്കുന്നവരും സാമാന്യമായി മനസ്സിലാക്കണം.
ബി ജെ പി വാദിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ ഹൈന്ദവത കൊണ്ടുവരണമെന്നല്ല; സവര്‍ണരുടെ ആധിപത്യം ഉണ്ടാകണമെന്നുമാത്രമാണ്. അത് പാകിസ്താനിലെ അതിമുസ്ലിം തീവ്രവാദത്തിനും താലിബാനിസത്തിനും സമാനമാണ്. അതിന്‍റെ കേരളപതിപ്പിന് ശ്രമിക്കുന്ന മുസ്ലിംമതപക്ഷ രാഷ്ട്രീയത്തോടും യോജിക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ ദേശീയതയില്‍ വിശ്വസിക്കുന്നതുകൊണ്ടും ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നതിനാലുമാണ്.
ജന്മംകൊണ്ട് ഒരു പരമ്പരാഗത മുസ്ലിം ആയി എന്നതുകൊണ്ടുമാത്രം കര്‍മ്മംകൊണ്ട് മുസ്ലിംലീഗ് ആകണമെന്ന് വിശ്വിക്കുന്നുമില്ല. പരമ്പരാഗത ഹൈന്ദവ, ക്രൈസ്തവ, ഇതരമതവിഭാഗങ്ങളിലെ സുഹൃത്തുക്കളോടും ഓര്‍മ്മപ്പെടുത്താനുള്ളത്, നമ്മള്‍ ഏത് കുലത്തിലും മതത്തിലും ജനിച്ചു എന്നതല്ല എങ്ങനെ മനുഷ്യനായി നിലനില്‍ക്കാനാകുന്നു എന്നതാണ്.
രാഷ്ട്രീയമാകാം, അതുപക്ഷേ മതവുമായി കൂടിക്കുഴഞ്ഞ് അവിയല്‍ പരുവത്തിലാവരുത്. മതം ആത്മീയവും രാഷ്ട്രീയം ഭൗതികവുമാണ്. മതം പരലോകത്തേക്കും രാഷ്ട്രീയം ഇഹലോകത്തിലേക്കും എന്നുബോധ്യമുള്ള മുസ്ലിംലീഗുകാര്‍ പലിശയ്ക്കെതിരെ വാദിക്കുകയും അത്തരത്തില്‍ പരലോകത്ത് തങ്ങള്‍ സുരക്ഷിതരെന്ന ആത്മവിശ്വാസത്തോടെ നിലകൊള്ളുകയും അതേ സമയം, പലിശമാത്രം കൈകാര്യം ചെയ്യുന്ന സഹകരണബാങ്കുകളുടെ തലപ്പത്തും ഡയരക്ടര്‍ ബോര്‍ഡിലും സ്ഥാനമാനങ്ങള്‍ക്കായി തനി രാഷ്ട്രീയക്കാരായി പ്രവര്‍ത്തക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും മാര്‍ക്സ് പറഞ്ഞ ചരിത്രവും വൈരുദ്ധ്യാധിഷ്ഠിതവുമായ ഭൗതികവാദത്തിന്‍റെ ഭാഗം തന്നെയാണ്. അതിനാല്‍ രാഷ്ട്രീയത്തിലേക്ക് മതത്തെയും വിശ്വാസത്തെയും വലിച്ചിഴച്ചാല്‍ കളങ്കിതമാകുന്നത് മതവും വിശ്വാസമായിരിക്കും. രാഷ്ട്രീയമെന്നത് കേവലം ഭൗതികം മാത്രമായതിനാല്‍ അത് മുള്ളുപോലെയാണ്. ഇലപോലെയല്ല.
മോദിയും ജയ്റ്റ്ലിയും മുഖവുര ആവശ്യമില്ലാത്ത രാഷ്ട്രീയക്കാരാണ്. ഇന്ത്യന്‍ ദേശീയതയേക്കാള്‍ ഇന്ത്യന്‍ ഹൈന്ദവതയേക്കാള്‍ സവര്‍ണ ഹൈന്ദവതയെ താലോലിക്കുന്നവര്‍. അവര്‍ ഇന്ത്യയെ കാണുന്നത് 1000 രൂപയും 500 രൂപയും ഒറ്റനോട്ടായി എടുക്കാന്‍ ശേഷിയില്ലാത്ത കോടിക്കണക്കിന് ജനങ്ങളുള്ള ഒരു രാജ്യമായാണ്.
അതിനാല്‍ അവരോട് ഒരു നവംബര്‍ 8ന് രാത്രി എട്ടുമണിക്ക് ഇന്ന് അര്‍ധരാത്രി 12 മണിയോടെ 500,1000 നോട്ടുകള്‍ അസാധുവാകുന്നു എന്നു പ്രഖ്യാപിച്ചാല്‍ രാജ്യത്ത് ഒരു ചുക്കും സംഭവിക്കില്ല.
500. 1000 രൂപ നോട്ടുകള്‍ പോയിട്ട് ഒന്നു നിവര്‍ന്നു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത കോടിക്കണക്കിന് ഇന്ത്യന്‍ ജനങ്ങള്‍ക്ക് എന്ത് 1000, 500 നോട്ടുകള്‍?  1978ല്‍ ഇന്ത്യയില്‍ അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും ഒറ്റനോട്ടുകള്‍ പിന്‍വലിച്ചത് എത്ര ഇന്ത്യക്കാര്‍ അറിഞ്ഞിരുന്നു എന്നുപോലും അറിയില്ല. കാരണം ആ നോട്ടുകള്‍ അക്കാലത്ത് കേരളീയര്‍ക്ക് പോലും പരിചിതമായിരുന്നില്ല.
മോദിയും ജെയ്റ്റിലിയും 500,1000 രൂപ നോട്ടുകള്‍ നിരോധിച്ചിട്ട് എന്താണ് രാജ്യം ഇളകിമറിയാത്തത് എന്നുചോദിക്കുന്നവര്‍ മനസ്സിലാക്കുക,  ഈ രണ്ട് കറന്‍സികളും ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൈകാര്യം ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. അതുകൊണ്ടാണിത് കേരളത്തില്‍ വാര്‍ത്തയാകുന്നതും മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തില്‍ ഉള്‍പ്പടെ ജനങ്ങള്‍ അറിയാതെ പോകുന്നതും.
അതല്ല ഇന്ത്യ എന്നറിയാന്‍ വജ്രത്തിളക്കത്തിലുള്ള കേരളത്തിലേക്ക് (1956-2016)നോക്കണം. 70 വര്‍ഷം കൊണ്ട് ഇന്ത്യക്ക് മൊത്തത്തില്‍ നേടാനാകാത്തത് 60 വര്‍ഷം കൊണ്ട് കേരളം കൈവരിച്ചു എന്ന് കേരളീയര്‍ക്ക് അഭിമാനിക്കാം. സഖാവ് ഇ എം എസില്‍ തുടങ്ങി, കരുണാകരനും നായനാരും ഉള്‍പ്പടെ ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന സഖാവ് പിണറായി വിജയന്‍ വരെ അത് എത്തി നില്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്‍റെ പുരോഗതി സഹകരണമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ കൂടിയാണ്. അത് ഇല്ലാതാക്കാനും കേരളത്തെ ദരിദ്രമാക്കാനും ആ ദാരിദ്ര്യത്തിലേക്കും അത് സൃഷ്ടിക്കുന്ന അരാജകത്വത്തിലേക്കും ബി ജെ പിയെ കയറൂരി വിടാനുമുള്ള കേന്ദ്രത്തിന്‍റെ തന്ത്രം ഇവിടെ വിലപ്പോകില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കേരളത്തിന്‍റെ ധനകാര്യവകുപ്പ് മന്ത്രി ടി എം തോമസ് ഐസക് എന്ന സാമ്പത്തിക വിദഗ്ധനുണ്ട്.
കേരളത്തില്‍ അത് ക്രമപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുമ്പോള്‍ ബി ജെ പിക്കാര്‍ ചോദിക്കുന്നത് കേരളം മാത്രം എന്തിനിത്ര ആധിപ്പെടുന്നു എന്നാണ്. ബി ജെ പിയോടുള്ള മമതയില്‍ സെലിബ്രേറ്റിയായ മോഹന്‍ലാലും ഇതൊന്നുമല്ലാത്ത ചെങ്കല്ല് കോണ്‍ട്രാക്ടര്‍ മാത്രമായ ആനന്ദനും ഒരേഭാഷയില്‍ സംസാരിക്കുന്നത് മോദിക്ക് വേണ്ടിയാണ്. മോദി നടത്തിയത് മഹാ അപരാധമാണെങ്കില്‍ ഇന്ത്യയിലെ ജനങ്ങള്‍ മോദിക്കെതിരെ പ്രതികരിക്കില്ലേ എന്നും നോട്ട് നിരോധനത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബി ജെ പിയാണല്ലോ മുന്നേറിയത് എന്നൊക്കെയാണ് ഇത്തരം ആനന്ദന്മാര്‍ ചോദിക്കുന്നത്. നോട്ട് നിരോധനം മലയാള ചാനലുകളില്‍ മാത്രമാണ് വാര്‍ത്ത എന്നും ദേശീയമാധ്യമങ്ങളില്‍ വാര്‍ത്തയേ അല്ലാ എന്നും ഇവര്‍ ന്യായീകരിക്കുന്നു. ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ പുറമേ എത്ര വെളുത്തതാണെങ്കിലും അകമേ അതിന്‍റെ നിറം ബോധ്യപ്പെടുത്തുന്ന ‘ഡയലോഗു’കളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്.
തീവ്രവാദ മുസ്ലിംകളെപ്പോലെ അതിസവര്‍ണ ഹൈന്ദവതയെ പുല്‍കിയ കുമ്മനത്തിനറിയാം താന്‍ പറയുന്നത് കേരളീയര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല എന്ന്. എന്നിട്ടും മോദിയുടെ നോട്ട് അസാധുവാക്കലിനെ ന്യായീകരിക്കുന്നു. ചില ആനന്ദന്മാര്‍ അത് ഏറ്റുപിടിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിന് ഇത്രയും വേരാഴ്ത്തല്‍ വേണമോ എന്ന് ചില ആനന്ദന്മാരുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ പുച്ഛം തോന്നാറുണ്ട്. ഇത്തരം ആനന്മാരോട് പറയാനുള്ളത്, മോദിയുടെയും ജെയ്റ്റ്ലിയുടെയും ഇന്ത്യയല്ല പിണറായിയുടെയും ഐസക്കിന്‍റെയും കേരളം എന്നുതന്നെയാണ്.
1956ല്‍ നിന്നും 2016 പിന്നിടാനൊരുങ്ങുന്ന കേരളത്തില്‍ ഒരു രാജഗോപാല്‍ എന്ന ഇരുട്ടുകൊണ്ട് ഓട്ടയടക്കരുത്. കേരളത്തിലെ 140 മണ്ഡലങ്ങളില്‍ മുസ്ലിം ലീഗിന്‍റെയും ക്രൈസ്തവ കോണ്‍ഗ്രസിന്‍റെയും ഏതാനും സീറ്റുകളും ബി ജെ പിയുടെ ഒറ്റസീറ്റും  മാറ്റിനിര്‍ത്തിയാല്‍ മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും ഭൂരിപക്ഷമുള്ളത് മതനിരപേക്ഷതയ്ക്ക് തന്നെയാണ്. ഇടത് മതേതര മുന്നണിയും കോണ്‍ഗ്രസും സാമൂഹിക പ്രതിബദ്ധതയോടെ നിലനില്‍ക്കുവോളം കാലം യു പിയോ ഗുജറാത്തോ ആയി കേരളം മാറില്ല എന്ന് ബി ജെ പിയും മറ്റു വര്‍ഗീയ കക്ഷികളും മനസ്സിലാക്കണം.

വാല്‍ക്കഷ്ണം: മോദിയുടെ 500,1000 നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്ത് ആഭ്യന്തരകലഹങ്ങള്‍ക്ക്  വഴിയൊരുക്കാതിരിക്കാന്‍ കാരണം പ്രതികരണശേഷി നശിച്ചതല്ല, 500,1000 നോട്ടുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരാണ് ഇന്ത്യന്‍ ജനകോടികളിലെ മഹാഭൂരിപക്ഷവും. 1978ല്‍ രാജ്യത്ത് 5000,10,000 നോട്ടുകള്‍ നിരോധിച്ചപ്പോള്‍ അത് കേരളീയര്‍ അറിയാതിരുന്നത് കേരളീയര്‍ അക്കാലത്ത് അത് കണ്ടിരുന്നില്ല എന്നതിനാലാണ്. ഇപ്പോള്‍ കേരളത്തില്‍ സാധാരണക്കാരുടെ കൈകളടക്കം 500, 1000 നോട്ടുകള്‍ കൈമാറുന്ന സ്ഥിതിയിലേക്ക് വളര്‍ന്നപ്പോള്‍ ആ അസാധുവാക്കല്‍ കേരളത്തെ ബാധിച്ചു. ഇന്ത്യയില്‍ ഇത്രയേറെ ബാധിച്ചതും ഒരു സംസ്ഥാനത്ത് മാത്രം. അതാണ് ഇന്ത്യയിലെ കേരളം. മോദിയുടെയും ജെയ്റ്റ്ലിയുടെയും ഇന്ത്യയല്ല; പിണറായിയുടെയും ഐസക്കിന്‍റെയും കേരളം.
ക്ഷമിക്കണം, ‘കേരളത്തിന്‍റെ ഇന്നലെകള്‍’ എന്ന ഡോ. കെ എന്‍ ഗണേശ് എഴുതിയ (1990) ചരിത്ര പുസ്തകം ഒരാവര്‍ത്തിയങ്കിലും വായിച്ചിട്ട് മതിയാകും ഇനിയെങ്കിലും ഈ വിഷയത്തില്‍ ചില ആനന്ദന്മാര്‍ പോസ്റ്റിടുന്നത് എന്ന അഭ്രിപ്രായം രേഖപ്പെടുത്തുന്നത് പ്രകോപിപ്പിക്കാനല്ല, തീര്‍ത്തും ജനാധിപത്യത്തെ മാനിച്ചുകൊണ്ടാണ്.

– റസാഖ് പയമ്പ്രോട്ട്

Leave a Reply

Your email address will not be published. Required fields are marked *

Facebook