പുസ്തകങ്ങളുടെ പേരു കേട്ടാല്‍ ആ കണ്ണുകള്‍ വിടരും

കൈ മുറുകെ പിടിച്ചിട്ടുണ്ട്; കൈയില്‍ പേനയില്ല. കണ്ണടച്ചിരിക്കുന്നത് എഴുത്തിന് തൊട്ടുമുമ്പുള്ള ധ്യാനമല്ല. ആളുകള്‍ സ്നേഹത്തോടെ  കുഞ്ഞിക്കയെന്ന് വിളിക്കുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള വര്‍ഷങ്ങളായി ഇങ്ങനെയാണ്. പോയ്പ്പോയ നല്ലകാലത്തിന്റെ സ്മാരകശില പോലെ. നടക്കാവ് പണിക്കര്‍ റോഡിലെ ക്രെസന്റ് അപ്പാര്‍ട്ട്മെന്റിലെ ബി-10 നമ്പര്‍ ഫ്ളാറ്റില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുണ്ട്. എഴുത്തും പുസ്തകങ്ങളും ഒന്നുമില്ലാത്ത ലോകത്താണ് അദേഹം. ‘ഞാന്‍ ജനിക്കുമ്പോള്‍ മുറുക്കെ പിടിച്ച കൈകളില്‍ പേനയുണ്ടായിരുന്നു; ഞാന്‍ എഴുതാനായി ജനിച്ചവനാണ്’ എന്ന് അഭിമുഖത്തില്‍ ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച എഴുത്തുകാരന്‍.

കാരക്കാട് എന്ന ദേശത്തെ മലക്കുകളെയും ലൈലാക്കുകളെയും ജിന്നുകളെയും സെയ്ത്താനെയും കുറിച്ചെഴുതിയ സാഹിത്യത്തിലെ ഈ വല്യക്ക ബോധത്തിനും അബോധത്തിനുമിടയില്‍   വീല്‍ചെയറില്‍ വിശ്രമത്തിലാണ്. പന്ത്രണ്ടാമത്തെ വയസ്സില്‍ ഒരുപിടി അക്ഷരങ്ങളുമായി വടകര കാരക്കാടുനിന്ന് തുടങ്ങിയ യാത്ര കോഴിക്കോടും വയനാടും തിരുവനന്തപുരവും ചുറ്റി അലിഗഡിലൂടെ, വോള്‍ഗയുടെ നാട്ടിലൂടെ വാഷിങ്ടണിലും സിങ്കപ്പൂരിലും ഇറാനിലും സഞ്ചരിച്ച് സാഹിത്യത്തിന്റെ മഹാഗോപുരം കയറിയപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ ‘നീ കുഞ്ഞബ്ദുള്ളയല്ല, ഹെവി അബ്ദുള്ള’യാണെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇന്ന് ഫ്ളാറ്റ് മുറിയുടെ അകലത്തില്‍ മാത്രമേ പുനത്തിലിന്റെ ചക്രക്കസേര സഞ്ചരിക്കൂ.

നമ്മള്‍ കാണാനാഗ്രഹിക്കാത്ത ഒരു രൂപം. അദ്ദേഹം സൃഷ്ടിച്ച അറയ്ക്കല്‍ തറവാടും ഖാന്‍ ബഹദൂര്‍ പൂക്കോയ തങ്ങളും പൂക്കുഞ്ഞീബിയും പട്ടാളം ഇബ്രായിയും കോമപ്പന്‍ വൈദ്യരും ഇല്ല.  കാണാനാവുന്നത് നാലഞ്ച് വര്‍ഷമായ മഹാമൌനത്തിന്റെ ആള്‍രൂപം മാത്രം.

ആരെങ്കിലും വാക്കുകൊണ്ട് മുട്ടിവിളിച്ചാല്‍ കണ്ണുതുറക്കും. നിഷ്ക്കളങ്കമായി ചിരിക്കും. ഒന്നും കാണാന്‍ ഇഷ്ടമില്ലാത്തതുപോലെ പിന്നെയും കണ്ണടയ്ക്കും. സ്മാരകശിലകളും മരുന്നും കന്യാവനങ്ങളും സമ്മാനിച്ച എഴുത്തുകാരന്‍ ഇന്ന് 12 തരം മരുന്നുകളുടെ സഹായത്തോടെയാണ് കഴിയുന്നത്. എന്നാലും ചില പുസ്തകങ്ങളുടെ പേരു പറയുമ്പോള്‍ കണ്ണുകള്‍  വിടരും. 77 വയസ്സായ പുനത്തില്‍ മകന്‍ ആസാദിന്റെയും കുടുംബത്തിന്റെയും സ്നേഹത്തണലിലാണ് കഴിയുന്നത്.

വയനാട് സ്വദേശി ആന്റണിയാണ് സഹായി. നാലു വര്‍ഷമായി കൂടെയുള്ള ആന്റണിക്ക് അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാം: ‘രാവിലെ ഏഴിന് എണീക്കും: ഒരു ബണ്ണും ചായയും കഴിക്കും. പിന്നെ ഒരു ഗുളിക. കുറച്ചുനേരം മയക്കം.  പത്തിന്് വീണ്ടും ചായയും പുട്ടോ  ഉപ്പുമാവോ കഴിക്കും. ഇതൊക്കെ സ്പൂണില്‍ കോരിക്കൊടുക്കുക ആന്റണിയാണ്, രാത്രിയില്‍ ഭക്ഷണത്തിനു ശേഷം പത്തുതരം മരുന്ന് നല്‍കാനുണ്ട്’.

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടറാണ് ഓരോ 15 ദിവസം കൂടുമ്പോഴും പരിശോധിക്കുന്നത്.  തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലെ തടസ്സമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം.

 

വി കെ സുധീര്‍കുമാര്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook