ഊര്‍ജിത കര്‍മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് തലസ്ഥാനത്ത് സര്‍വകക്ഷി യോഗവും എല്ലാ ജില്ലയിലും മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗങ്ങളും ചേരും. 27,28,29 തിയതികളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണം സംഘടിപ്പിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നാടൊന്നാകെ ഇറങ്ങണം. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, വിവിധ സംഘടനാനേതാക്കള്‍, സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കാളികളാകണം.

വായനശാല പ്രവര്‍ത്തകര്‍, ക്ളബുകള്‍, കുടുംബശ്രീ-ആശ- അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യപ്രവര്‍ത്തകരും ജീവനക്കാരും എന്‍സിസി-എന്‍എസ്എസ്-സ്റ്റുഡന്റ് പൊലീസ് വളണ്ടിയര്‍മാര്‍ തുടങ്ങി എല്ലാ വിഭാഗവും പങ്കെടുക്കണം. ദൃശ്യമാധ്യമങ്ങളിലെ ആരോഗ്യപരിപാടികള്‍ ഈ കാലയളവില്‍ പനിയില്‍ കേന്ദ്രീകരിച്ചാക്കണമെന്ന് അഭ്യര്‍ഥിക്കും. പത്രങ്ങളിലും പനിയെയും പകര്‍ച്ചവ്യാധികളെയും കുറിച്ചുള്ള പംക്തികള്‍ നല്‍കാന്‍ അഭ്യര്‍ഥിക്കും.

പനിബാധിത പ്രദേശങ്ങളെ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങള്‍, താരതമ്യേന കൂടുതലുള്ളത്, ചെറിയ തോതിലുള്ളത് എന്നിങ്ങനെ മൂന്ന് മേഖലയായി തിരിച്ചായിരിക്കും പ്രവര്‍ത്തനം. ഏറ്റവും കൂടുതലുള്ളിടത്ത് പ്രത്യേക ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കും. ഇതിനായി സന്നദ്ധരായ സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരെയും മെഡിക്കല്‍ കോളേജ് ഹൌസ്സര്‍ജന്മാര്‍, പിജി വിദ്യാര്‍ഥികള്‍ എന്നിവരെയും ഉപയോഗിക്കും.
രോഗികളുടെ ബാഹുല്യമുള്ള പ്രദേശങ്ങളില്‍ കിടത്തിച്ചികിത്സയ്ക്ക് കൂടുതല്‍ സൌകര്യം ഒരുക്കും. ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ ശുചിയാക്കി ഉപയോഗിക്കും. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവരെ താല്‍ക്കാലികമായി നിയോഗിക്കും. രോഗനിര്‍ണയത്തിന് കൂടുതല്‍ സൌകര്യമേര്‍പ്പെടുത്തും.

മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെയും തദ്ദേശ സ്ഥാപനങ്ങളില്‍ ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഓരോ പിഎച്ച്സിയിലും ഒരു ഡോക്ടര്‍, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ രണ്ട് ഡോക്ടര്‍, രണ്ട് പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികമായി നിയമിക്കാം. ആവശ്യമായ തുക തല്‍ക്കാലം പ്ളാന്‍ഫണ്ടില്‍നിന്ന് ഉപയോഗിക്കണം. പിന്നീട് സര്‍ക്കാര്‍ ഈ തുക നല്‍കും.

സംസ്ഥാനതലത്തില്‍ ആരോഗ്യമന്ത്രിയുടെയും സെക്രട്ടറിയുടെയും മേല്‍നോട്ടത്തിലും ജില്ലാതലത്തില്‍ ഡിഎംഒമാരുടെ നേതൃത്വത്തിലും മോണിറ്ററിങ് സെല്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്ത് പരിഭ്രാന്തിക്ക് ഇടയാക്കുന്ന സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook