പരിഷ്കരിച്ച നിതാഖാത്ത് : മലയാളികള്‍ക്ക് തിരിച്ചടി

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ ലക്ഷ്യമിട്ട് സൌദി തൊഴില്‍മന്ത്രാലയം നിതാഖാത്ത് പരിഷ്കരിച്ചു. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമേഖലയ്ക്കും വലുപ്പത്തിനും അനുസൃതമായി പുതിയ അനുപാതം നിശ്ചയിച്ചും പുതുതായി ചില മേഖലകളെ ഉള്‍പ്പെടുത്തിയുമാണ് പരിഷ്കരണം. പ്രവാസി മലയാളികളെ ഇത് സാരമായി ബാധിക്കും. പത്ത് ലക്ഷത്തോളം മലയാളികളാണ് സൌദിയിലുള്ളത്.

ചെറുകിടസ്ഥാപനങ്ങളെ എ, ബി വിഭാഗങ്ങളായും തരംതിരിച്ചു. പരിഷ്കരിച്ച നിതാഖാത്ത് സെപ്തംബര്‍ മൂന്നിന് നിലവില്‍ വരും. സ്വകാര്യമേഖലയില്‍ കൂടുതല്‍ സൌദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാണ് നിതാഖാത്ത് പരിഷ്കരണം. ആഭരണനിര്‍മാണം, ഹജ്ജ് ഉംറ ട്രാന്‍സ്പോര്‍ട്ടേഷന്‍, ഡെയ്റി ഫാക്ടറികള്‍, അലക്കുകടകള്‍, ക്രഷറുകള്‍, വികലാംഗ പരിചരണകേന്ദ്രം, ലേഡീസ് ഉല്‍പ്പന്നം, സ്ട്രാറ്റജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഹെല്‍ത്ത് കോളേജ്, ബ്യൂട്ടിപാര്‍ലര്‍, ലേഡീസ് ടെയ്ലറിങ് കേന്ദ്രം, ക്ളീനിങ്-കാറ്ററിങ് കരാര്‍, യൂണിവേഴ്സിറ്റി കോളേജ്, കെമിക്കല്‍ ധാതുവ്യവസായം, ഭക്ഷ്യവസ്തു-പ്ളാസ്റ്റിക് നിര്‍മാണം എന്നീ മേഖലകളെയാണ് പുതുതായി നിതാഖാത്തില്‍ ഉള്‍പ്പെടുത്തിയതെന്ന് തൊഴില്‍, സാമൂഹ്യവികസനമന്ത്രാലയ വക്താവ് അറിയിച്ചു.

ജ്വല്ലറിമേഖലയില്‍ 33 ശതമാനവും ഫാര്‍മസികള്‍ 19 ശതമാനവും സൌദിവല്‍ക്കരണം നടപ്പാക്കണം. നേഴ്സറി സ്കൂളുകള്‍ക്ക് സൌദിവല്‍ക്കരണം 46 ശതമാനത്തില്‍നിന്ന് 85 ശതമാനമായി ഉയര്‍ത്തി. വ്യോമഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 38 ശതമാനവും ടെലികോംകമ്പനികള്‍ക്ക് 45 ശതമാനവും തഅ്ഖീബ് ഓഫീസുകള്‍ക്ക് 69 ശതമാനവും ആരോഗ്യ സേവന സ്ഥാപനങ്ങള്‍ക്ക് 28 ശതമാനവും സൌദിവല്‍ക്കരണം നിര്‍ബന്ധമാക്കി.

 

അനസ് യാസിന്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook