സംസ്ഥാനമാകെ സംയോജിത ജൈവകൃഷി

 ഓണക്കാലത്ത് വിളവെടുക്കുന്നതിനും തുടര്‍ന്ന് സംയോജിത ജൈവകൃഷി നടത്തുന്നതിനും പള്ളിയാക്കല്‍ മാതൃകയാക്കി സംസ്ഥാനത്തുടനീളം കര്‍മപരിപാടികളുമായി സിപിഐ എം. 30നുമുമ്പായി ജില്ലാതല ശില്‍പ്പശാലകള്‍ പൂര്‍ത്തിയാക്കാന്‍ സംയോജിത ജൈവകൃഷി സംസ്ഥാന ശില്‍പ്പശാല തീരുമാനിച്ചു.

ഓണക്കാലത്ത് 25000 ടണ്‍ പച്ചക്കറിയെങ്കിലും ഉല്‍പ്പാദിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. 1200 കേന്ദ്രങ്ങളില്‍ ജൈവവിപണിയൊരുക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും സഹകരണബാങ്കുകളും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും പങ്കാളികളാകും. പച്ചക്കറിക്കൃഷികള്‍ പ്രധാനമായും വീടുകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്്. സന്നദ്ധ-സാങ്കേതിക സമിതി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നിര്‍ദേശംനല്‍കും. മുട്ട, മാംസം, പാല്‍ എന്നിവയുടെ ദൌര്‍ലഭ്യംനേരിടുന്നതിന് സംയോജിതകൃഷി വ്യാപിപ്പിക്കും.

ശില്‍പ്പശാല സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ഡോ. സി ഭാസ്കരന്‍ മോഡറേറ്ററായി. പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്കിന്റെ കാര്‍ഷിക ഇടപെടല്‍ സംബന്ധിച്ച് സെക്രട്ടറി എം പി വിജയനും സംയോജിത കൃഷിസാധ്യതകള്‍ സംബന്ധിച്ച് ഡോ.ജേക്കബ് ജോണും ക്ളാസെടുത്തു. വിപണനരംഗത്തെ ആലപ്പുഴ മാതൃക അഡ്വ. ജി ഹരിശങ്കര്‍ വിവരിച്ചു.

ഓപ്പണ്‍ ഫോറത്തില്‍ ഡോ. എന്‍ ശശി, ഡോ. കെ ജി പത്മകുമാര്‍, എന്‍ വിജയന്‍, ജോര്‍ജ്കുട്ടി ജേക്കബ്, ഡോ. പി പ്രദീപ്കുമാര്‍, ഡോ. തോമസ് മാത്യു, ഡോ. പി സുധീര്‍ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലതിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ചയെത്തുടര്‍ന്ന് ഡോ.സി ഭാസ്കരന്‍ ക്രോഡീകരണം നടത്തി. വിവിധ ജില്ലകളില്‍നിന്നായി 140 പ്രതിനിധികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു. സംസ്ഥാനതല സാങ്കേതികസമിതി കണ്‍വീനര്‍ കെ ശിവകുമാര്‍ നന്ദിപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook