മായാവതി എംപി സ്ഥാനം രാജിവച്ചു

 കാര്‍ഷികപ്രതിസന്ധിയും ഗോരക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍  പ്രതിപക്ഷ പ്രതിഷേധം. ഇതേതുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ചൊവ്വാഴ്ച സ്തംഭിച്ചു. കാര്യമായ നടപടികളിലേക്കൊന്നും  കടക്കാതെ പിരിഞ്ഞു. ദളിതര്‍ക്കെതിരായി ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ വര്‍ധിച്ചുവരുന്ന  ആക്രമണങ്ങളെക്കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎസ്പി അധ്യക്ഷ മായാവതി രാജ്യസഭാംഗത്വം രാജിവച്ചു. പാര്‍ലമെന്റിനു പുറത്തും അതിശക്തമായ കര്‍ഷകരോഷം അലയടിച്ചു.

സഭയ്ക്കു പുറത്ത് ആയിരക്കണക്കിനു കര്‍ഷകരുടെ പ്രതിഷേധം ഇരമ്പുകയാണെന്ന് സിപിഐ എം ജനറല്‍സെക്രട്ടറിയും കക്ഷിനേതാവുമായ സീതാറാം യെച്ചൂരി പറഞ്ഞു. മതിയായ സംഭരണവില നല്‍കാതെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. ദളിതര്‍ വന്‍തോതില്‍ ആക്രമണങ്ങള്‍ക്ക് വിധേയരാകുകയാണെന്ന് യെച്ചൂരി പറഞ്ഞു.  സഹാറന്‍പുരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ മായാവതി ഉന്നയിച്ചതോടെ ബിജെപി അംഗങ്ങള്‍ ബഹളംവയ്ക്കാന്‍ തുടങ്ങി.  ഇതേക്കുറിച്ച് ചര്‍ച്ചയാകാമെന്ന് ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പ്രതികരിച്ചെങ്കിലും ബിജെപി അംഗങ്ങള്‍ ബഹളം തുടര്‍ന്നു. സഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദിന്റെ പ്രസംഗവും ഭരണപക്ഷം തടസ്സപ്പെടുത്തി. പ്രതിപക്ഷവും നടുത്തളത്തിലിറങ്ങി. ബഹളം ശക്തമായതോടെ പിരിഞ്ഞ സഭ വീണ്ടും രണ്ടുതവണ ചേര്‍ന്നിട്ടും  നടപടികള്‍ സാധ്യമായില്ല.

ലോക്സഭയില്‍ നടപടികള്‍ നിര്‍ത്തിവച്ച് കാര്‍ഷികപ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെ എല്ലാ അംഗങ്ങളും നോട്ടീസ് നല്‍കിയിരുന്നു. സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. പി കരുണാകരന്‍, മുഹമ്മദ് സലിം, പി കെ ശ്രീമതി, എം ബി രാജേഷ്,  പി കെ ബിജു, എ സമ്പത്ത് എന്നിവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി. സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന എഐഎഡിഎംകെ അംഗങ്ങളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഇതോടെ സഭ 12 വരെ നിര്‍ത്തിവച്ചു. വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം നിലപാടില്‍ ഉറച്ചുനിന്നതോടെ സഭ ബുധനാഴ്ച ചേരാനായി പിരിഞ്ഞു.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം രാജ്യത്ത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണെന്ന് രാജ്യസഭയില്‍ ശൂന്യവേളയുടെ തുടക്കത്തില്‍ മായാവതി പറഞ്ഞു. ദളിതരും തൊഴിലാളികളും ന്യൂനപക്ഷവിഭാഗങ്ങളും കര്‍ഷകരും പിന്നോക്കവിഭാഗങ്ങളും ഭീഷണി നേരിടുകയാണ്.ഗോസംരക്ഷണത്തിന്റെ പേരിലും രാജ്യത്ത് മുസ്ളിങ്ങളെയും ദളിതരെയും ആക്രമിക്കുകയാണെന്നും ഇക്കാര്യം ഉന്നയിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ താന്‍ സഭയില്‍നിന്ന് രാജിവയ്ക്കുമെന്നും മായാവതി പറഞ്ഞു. മായാവതി പിന്നീട് രാജ്യസഭ അധ്യക്ഷന്‍ ഹമീദ് അന്‍സാരിക്ക് രാജിക്കത്ത് നല്‍കി.  രാജ്യസഭാംഗത്വ കാലാവധി അവസാനിക്കാന്‍ ഒമ്പതുമാസം ശേഷിക്കവെയാണ് മായാവതിയുടെ രാജി.

സാജന്‍ എവുജിന്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook