രാംനാഥ് കോവിന്ദ് രാഷ്ട്രപതി

 രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതി. എന്‍ഡിഎ സ്ഥാനാര്‍ഥിയായ കോവിന്ദിന് 65.6 ശതമാനം വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാറിന് 34.35 ശതമാനം വോട്ടും ലഭിച്ചു. വ്യാഴാഴ്ച പകല്‍ 11ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിച്ച വോട്ടെണ്ണല്‍ വൈകിട്ട് നാലോടെ പൂര്‍ത്തിയായി. വരണാധികാരിയായ ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് ഫലം പ്രഖ്യാപിച്ചത്. നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി 24ന് അവസാനിക്കും. 25ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കോവിന്ദിന് ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

ബിഹാര്‍ ഗവര്‍ണറായിരിക്കെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ബിജെപി കണ്ടെത്തിയ കോവിന്ദ് (71) ദളിത് വിഭാഗത്തില്‍നിന്ന് രാഷ്ട്രത്തലവനാകുന്ന രണ്ടാമത്തെ നേതാവാണ്. കെ ആര്‍ നാരായണനാണ് ദളിത് വിഭാഗത്തില്‍നിന്നുള്ള ആദ്യപ്രസിഡന്റ്. ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ ജില്ലയില്‍ പരൌങ്ക് ഗ്രാമത്തില്‍ 1945 ഒക്ടോബര്‍ ഒന്നിനാണ് കോവിന്ദിന്റെ ജനനം. അച്ഛന്‍ മെയ്കു ലാല്‍ കര്‍ഷകനായിരുന്നു. അമ്മ കലാവതി വീട്ടമ്മയും. ഇടത്തരം ദളിത് കുടുംബത്തില്‍ ജനിച്ച കോവിന്ദ് കൊമേഴ്സില്‍ ബിരുദവും കാണ്‍പുര്‍ സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും നേടി. തുടര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിയിലെത്തി. മൂന്നാമത്തെ ശ്രമത്തില്‍ പരീക്ഷ പാസായെങ്കിലും ഐഎഎസ് ലഭിക്കാത്തതിനാല്‍ സര്‍വീസില്‍ ചേര്‍ന്നില്ല. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ഇവിടെ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച കോവിന്ദ് 1980 മുതല്‍ 1993 വരെ സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൌണ്‍സലായി. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി 16 വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തു. 1974 മെയ് 30 ന് സവിതയെ വിവാഹം കഴിച്ചു. രണ്ട് മക്കള്‍.  പ്രശാന്ത് കുമാറും  സ്വാതിയും.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളും ഡല്‍ഹിയും പുതുച്ചേരിയും അടക്കമുള്ള സംസ്ഥാന നിയമസഭകളിലെ അംഗങ്ങളും ഉള്‍പ്പെട്ടതാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ ഇലക്ടറല്‍ കോളേജ്. 21 എംപിമാരുടെ വോട്ടും പശ്ചിമബംഗാളില്‍നിന്നുള്ള 11 പേരുടെ ഉള്‍പ്പെടെ 56 എംഎല്‍എമാരുടെ വോട്ടും അസാധുവായി. കോവിന്ദിന് 522 എംപിമാരുടെ വോട്ട് ലഭിച്ചു;  മീരാ കുമാറിന് 225 വോട്ടും. കോവിന്ദിന് ആകെ 2930 വോട്ടാണ്. ഇതിന്റെ ഇലക്ടറല്‍ കോളേജ് മൂല്യം 7,02,044. മീരാകുമാറിന് 1844 വോട്ട് ലഭിച്ചു; മൂല്യം 3,67,314.

ആന്ധ്രപ്രദേശില്‍നിന്ന് മീരാകുമാറിന് വോട്ടൊന്നും ലഭിച്ചില്ല. എന്നാല്‍ കേരളം, പശ്ചിമബംഗാള്‍, ഡല്‍ഹി, പുതുച്ചേരി, ത്രിപുര, പഞ്ചാബ്, മേഘാലയ, മിസോറം, കര്‍ണാടകം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അവര്‍ മുന്നിലെത്തി. കേരളത്തില്‍നിന്ന് മീരാകുമാറിന് 138 വോട്ടും കോവിന്ദിന് ഒരു വോട്ടും ലഭിച്ചു. തമിഴ്നാട്ടില്‍നിന്ന് രാംനാഥ് കോവിന്ദിന് 134 വോട്ട് ലഭിച്ചു. തമ്മിലടിച്ചുനില്‍ക്കുന്ന എഐഎഡിഎംകെയുടെ എല്ലാ എംപിമാരും കോവിന്ദിന് വോട്ട് ചെയ്തെന്നു കരുതണം. ഇവിടെ മീരാകുമാറിന് 98 വോട്ടാണ് കിട്ടിയത്.

ആകെ 70 ശതമാനത്തോളം വോട്ട് കോവിന്ദിന് ലഭിക്കുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിച്ചിരുന്നു. ഗുജറാത്ത്, ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നിട്ടും ബിജെപിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്ക് 69.3 ശതമാനം വോട്ടാണ് ലഭിച്ചത്.

സാജന്‍ എവുജിന്‍

Leave a Reply

Your email address will not be published. Required fields are marked *

Facebook