വിന്‍സന്റ് എംഎല്‍എ ജയിലില്‍

 വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സന്റിനെ ജയിലിലടച്ചു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക്് റിമാന്‍ഡ്് ചെയ്ത വിന്‍സന്റിനെ നെയ്യാറ്റിന്‍കര സബ്ജയിലിലാണ് അടച്ചത്. മൂന്നുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ഒടുവില്‍ ശനിയാഴ്ച വൈകിട്ട് നാലോടെയാണ് വിന്‍സന്റിനെ അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാര്‍, പാറശാല എസ്ഐ എസ് ബി പ്രദീപ് എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍എ ഹോസ്റ്റലില്‍  പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. തുടര്‍ന്ന് എംഎല്‍എയുടെ വാഹനത്തില്‍ പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പൊലീസ് ഓഫീസേഴ്സ് ക്ളബ്ബിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

ബലാത്സംഗം, ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍, ഫോണിലൂടെ അപമര്യാദയായുള്ള സംസാരം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. നെയ്യാറ്റിന്‍കര താലൂക്കാശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കി. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസില്‍ വീണ്ടും ചോദ്യംചെയ്തശേഷം  രാത്രി  മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി.

അന്വേഷണസംഘത്തിന്റെ ചുമതലയുള്ള കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ അജിതാബീഗവും നെയ്യാറ്റിന്‍കരയില്‍ എത്തി. ശനിയാഴ്ച മൊഴിയെടുക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ എം വിന്‍സന്റ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. വിന്‍സന്റിനെ ചോദ്യംചെയ്യാന്‍ തന്റെ അനുമതി വേണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അന്വേഷണസംഘത്തെ അറിയിച്ചിരുന്നു.

സ്ത്രീപീഡകനായ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എംഎല്‍എ ഹോസ്റ്റലിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. വിന്‍സന്റ് രാജിവയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടു. എന്നാല്‍, രാജി വേണ്ടെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം.
ഇതിനിടെ, പീഡനക്കേസിലെ ഇരയെ അവഹേളിച്ച് യൂത്ത്കോണ്‍ഗ്രസ് രംഗത്തെത്തി. പരാതിക്കാരിക്ക് മാനസികവിഭ്രാന്തിയാണെന്നും അറസ്റ്റ് അന്യായമാണെന്നും ആരോപിച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ എംഎല്‍എ ഹോസ്റ്റലിനുമുന്നില്‍ പ്രകടനം നടത്തി.

ഭര്‍ത്താവും മകനും ഇല്ലാത്ത സമയത്ത് ബാലരാമപുരം സ്വദേശിനിയെ വിന്‍സന്റ് വീട്ടില്‍ അതിക്രമിച്ചുകയറി രണ്ടുതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. കടയില്‍വച്ചും യുവതിയെ പീഡിപ്പിച്ചു. സെപ്തംബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ചത്. എംഎല്‍എ ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്താനും യുവതിയോട് വിന്‍സന്റ് ആവശ്യപ്പെട്ടിരുന്നു. വിന്‍സന്റ്  തൊള്ളായിരത്തിലേറെ തവണ യുവതിയെ ഫോണില്‍ വിളിച്ചെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞ അഞ്ചുമാസത്തിനിടെയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

Facebook