പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍: ഹൈക്കോടതി

 നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി സംശയിക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രമുഖ താരമായ പ്രതിക്ക് സിനിമാമേഖലയില്‍ ഉന്നതബന്ധം ഉള്ളതിനാല്‍ ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് സുനില്‍ തോമസ് പറഞ്ഞു.

നടിക്കെതിരെ ക്രൂരമായ കൃത്യമാണ് നടന്നത്. ആക്രമണത്തിനു പിന്നില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. കേസ്ഡയറിയിലും വ്യക്തമായ തെളിവുണ്ട്. ആക്രമണം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ അടക്കം നിര്‍ണായക തെളിവുകള്‍ ഇനിയും കണ്ടെത്താനുണ്ട്. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സാങ്കേതിക തെളിവുകള്‍ കോടതി അംഗീകരിച്ചു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന ദിലീപിന്റെ വാദം കോടതി തള്ളി.

പ്രശസ്തയായ നടിയുടെ ജീവിതവും ഭാവിയും തകര്‍ക്കാന്‍  ക്രിമിനലുകളെ ഉപയോഗിച്ച് പ്രതികാര മനോഭാവത്തോടെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. നടിയെ ഏറ്റവും തിരക്കേറിയ ഹൈവേയില്‍നിന്ന് തട്ടിക്കൊണ്ടുപോകുകയും രണ്ടരമണിക്കൂര്‍ നഗരത്തിലൂടെ സഞ്ചരിച്ച് ഓടുന്ന കാറിനുള്ളില്‍ ഞെട്ടിക്കുന്ന ലൈംഗികപീഡനത്തിന് ഇരയാക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തത് ഏറെ ഗൌരവമുള്ളതാണ്. സമൂഹമനസ്സാക്ഷിയെ നടുക്കുന്ന ക്രൂരവും പൈശാചികവുമായ കുറ്റകൃത്യമാണ് ഉണ്ടായതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളില്‍ ജാമ്യം അനുവദിക്കാനാവില്ല.

നടിയോട് പ്രതികാരംചെയ്യാന്‍ അറിയപ്പെടുന്ന കുറ്റവാളിയായ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയതിന് തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. തന്റെ വിവാഹബന്ധം തകരാന്‍ ഇടയാക്കിയത് ഇരയായ നടിയാണെന്ന് പരാതിക്കാരന്‍ വിശ്വസിച്ചു. ദിലീപും നടിയും തമ്മില്‍ സൌഹൃദം മോശമായിരുന്നുവെന്നതിനു തെളിവുകള്‍ ലഭ്യമാണ്. നടിക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമായതിനും തെളിവുണ്ട്.

ദിലീപും സുനിയും അഞ്ചിടത്ത് കൂടിക്കാഴ്ച നടത്തിയതിന് തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. മൊബൈല്‍ ടവര്‍ലൊക്കേഷനും മറ്റ് മൊഴികളും അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ചിട്ടുണ്ട്. ഗൂഢാലോചനയെപ്പറ്റി ഒന്നാം പ്രതി നല്‍കിയ മൊഴിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലും പല വിവരങ്ങളും തെളിവുകളും കണ്ടെത്തി.

ദിലീപിന് ജയിലില്‍നിന്ന് ഒന്നാംപ്രതി അയച്ചതായി പറയുന്ന കത്തിന്റെ ‘ഭാഷയും രീതിയും അതൊരു ‘ഭീഷണിക്കത്തോ ബ്ളാക്ക് മെയിലിങ്ങിനുള്ള ശ്രമമോ ആയി തോന്നിക്കുന്നതല്ല. ജയിലില്‍നിന്നുതന്നെയാണ് കത്തെഴുതിയതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യം ചെയ്തതിനു തൊട്ടുപിന്നാലെതന്നെ ഒന്നാംപ്രതിയും ഒരു കൂട്ടുപ്രതിയും മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും ദിലീപിന്റെ അടുപ്പക്കാരായ ചിലര്‍ക്ക് കൈമാറാന്‍ ശ്രമിച്ചതായും വ്യക്തമാണ്.

പ്രതി പ്രമുഖ നടനും സിനിമാ നിര്‍മാണത്തിലും വിതരണത്തിലും ‘ഭാഗഭാക്കാവുന്ന  ആളും തിയറ്റര്‍ ഉടമയും ആണ്. കേസിലെ പല സാക്ഷികളും സിനിമാരംഗത്തുനിന്നുള്ളവരായതിനാല്‍ അവരെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കും. പ്രതിയുടെ മാനേജര്‍ അപ്പുണ്ണി ഒളിവിലാണ്. കേസിലുള്‍പ്പെട്ട അഭിഭാഷകനെയും ഫലപ്രദമായി ചോദ്യംചെയ്യേണ്ടതുണ്ട്.

ജാമ്യാപേക്ഷ തള്ളാന്‍ മറ്റൊരു പ്രധാന കാരണംകൂടിയുണ്ട്. കേസിലെ പ്രധാന തെളിവുകളിലൊന്ന് ലൈംഗികാതിക്രമം ചിത്രീകരിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുമാണ്. ചിത്രീകരിച്ച ദൃശ്യം അടങ്ങുന്ന മെമ്മറി കാര്‍ഡ് പിടിച്ചെടുക്കാനായിട്ടില്ല. നടിയുടെ ജീവന് ഈ കാര്‍ഡ് എന്നും ഭീഷണിയാണ്. ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് പ്രതികളിലാരെങ്കിലും അന്വേഷണത്തിലും കേസ് നടത്തിപ്പിലും ഇടപെടാന്‍ എപ്പോഴും സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Facebook