രാംനാഥ് കോവിന്ദ് അധികാരമേറ്റു

രാഷ്ട്രപതിയായി സത്യപ്രതിജ്ഞചെയ്ത രാംനാഥ് കോവിന്ദിനെ സ്ഥാനമൊഴിഞ്ഞ പ്രണബ് മുഖര്‍ജി അഭിനന്ദിക്കുന്നു

രാജ്യത്തിന്റെ 14-ാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. വിനയപൂര്‍വം സ്ഥാനം ഏറ്റെടുക്കുകയാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുമെന്നും പുതിയ രാഷ്ട്രപതി പറഞ്ഞു.

ഡോ. രാജേന്ദ്രപ്രസാദ്, ഡോ. രാധാകൃഷ്ണന്‍, ഡോ. എ പി ജെ അബ്ദുള്‍കലാം, തന്റെ മുന്‍ഗാമിയായ പ്രണബ് മുഖര്‍ജി എന്നിവരുടെ പാദമുദ്രകള്‍ പിന്തുടരും. രാഷ്ട്രീയസ്വാതന്ത്യ്രം കൊണ്ടുമാത്രം മതിയാകില്ലെന്നും കോടിക്കണക്കിന് ജനങ്ങള്‍ സാമൂഹിക-സാമ്പത്തിക സ്വാതന്ത്യ്രവും കൈവരിക്കേണ്ടത് ആവശ്യമാണെന്നും രാഷ്ട്രശില്‍പ്പികള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരുകള്‍ക്ക് മാത്രമായി രാജ്യം കെട്ടിപ്പടുക്കാന്‍ കഴിയില്ല. മറ്റുള്ളവരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാവരും ശ്രമിക്കണം. മഹാത്മാഗാന്ധിയും ദീന്‍ദയാല്‍ ഉപാധ്യായയും വിഭാവനംചെയ്ത, മാനവികതയില്‍ അധിഷ്ഠിതമായ സമൂഹമാണ് വളര്‍ത്തിയെടുക്കേണ്ടത്- കോവിന്ദ് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍,  മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍സിങ്, ദേവഗൌഡ,  ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, മന്ത്രിമാര്‍, എംപിമാര്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍, കോവിന്ദിന്റെ  ബന്ധുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്കുശേഷം 21 ആചാരവെടി മുഴക്കി രാഷ്ട്രപതിക്കസേര കൈമാറ്റം ചെയ്തു.

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാംനാഥ് കോവിന്ദും ഭാര്യ സവിതയും രാജ്ഘട്ടിലെ ഗാന്ധിസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന്, കോവിന്ദ് കുതിരവണ്ടിയില്‍ രാഷ്ട്രപതിഭവനില്‍ എത്തി. ഇവിടെനിന്ന് കോവിന്ദും പ്രണബ് മുഖര്‍ജിയും ഒരേ വാഹനത്തിലാണ് അംഗരക്ഷകരുടെ അകമ്പടിയോടെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തിയത്. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്സഭാ സ്പീക്കര്‍, രാജ്യസഭയുടെയും ലോക്സഭയുടെയും സെക്രട്ടറി ജനറല്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവരെയും സ്വീകരിച്ച് ആനയിച്ചു. രാഷ്ട്രപതിഭവന്‍ വിടുന്നതിനുമുമ്പ് പ്രണബ് മുഖര്‍ജി സംയുക്തസേനയുടെ ഗാര്‍ഡ്  ഓഫ് ഓണര്‍ സ്വീകരിച്ചു. നമ്പര്‍ 10 രാജാജി മാര്‍ഗിലാണ് ഇനി അദ്ദേഹത്തിന്റെ താമസം.

Leave a Reply

Your email address will not be published. Required fields are marked *

Facebook