കേന്ദ്ര ജനദ്രോഹനയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

രാജ്യത്തെ ജനതയില്‍ ബഹുഭൂരിപക്ഷത്തിന്റെയും ജീവിതത്തിനു നേരെ സര്‍വമേഖലകളിലും കടന്നാക്രമണം നടത്തുന്ന  മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ആഗസ്ത് 15 മുതല്‍ 31 വരെ രാജ്യവ്യാപകമായി പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം തീരുമാനിച്ചു. മുഖ്യമായും അഞ്ച് ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരികയെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കടക്കെണിയില്‍ കുടുങ്ങി ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കര്‍ഷകര്‍ക്ക് അടിയന്തരമായി വായ്പ ഇളവുചെയ്ത് നല്‍കുക, കൃഷിച്ചെലവിന്റെ ഒന്നരമടങ്ങ് കുറഞ്ഞ താങ്ങുവിലയായി ലഭ്യമാക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക, ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെയും പൊതുസേവനങ്ങളുടെയും വന്‍തോതിലുള്ള സ്വകാര്യവല്‍ക്കരണം നിര്‍ത്തിവയ്ക്കുക, വനിതസംവരണബില്‍ ഉടന്‍ നിയമമാക്കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിക്കുക.

മോഡിസര്‍ക്കാര്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനു കീഴടങ്ങിയതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ ഒന്നിനു ലോകസമാധാന-സാമ്രാജ്യത്വവിരുദ്ധ ദിനമായി ആചരിക്കാന്‍ പാര്‍ടിയുടെ എല്ലാ ഘടകങ്ങളോടും കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഈയിടെ നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനവും, അമേരിക്ക-ഇസ്രയേല്‍-ഇന്ത്യ ആഗോള അച്ചുതണ്ട് നിലവില്‍വരണമെന്ന ബിജെപി സര്‍ക്കാരിന്റെ ആഗ്രഹവും ഇന്ത്യയുടെയും രാജ്യത്തെ ജനങ്ങളുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഗോരക്ഷസമിതികളെയും സദാചാരപൊലീസ് ചമഞ്ഞ് ആക്രമണങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്വകാര്യസേനകളെയും നിയമം വഴി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെപ്തംബര്‍ മാസത്തില്‍ രാജ്യമെമ്പാടും ജനങ്ങളെ അണിനിരത്തി വന്‍മുന്നേറ്റം സംഘടിപ്പിക്കും.

ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് മുസ്ളിങ്ങള്‍ക്കും ദളിതര്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ കേന്ദ്രകമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. എല്ലാമതനിരപേക്ഷ, ജനാധിപത്യകക്ഷികളെയും അണിനിരത്തി സെപ്തംബറില്‍ രാജ്യമെമ്പാടും വര്‍ഗീയവിരുദ്ധ പരിപാടികള്‍ക്ക് വേദിയൊരുക്കാന്‍ പാര്‍ടി മുന്‍കൈ എടുക്കും.

ആധാര്‍ വിവരങ്ങള്‍ ജിയോ വെബ്സൈറ്റ് വഴി പുറത്തായ സാഹചര്യത്തില്‍ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു. വിവരശേഖരമാണ് ഇന്നത്തെ കാലത്ത് കോര്‍പറേറ്റുകള്‍ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സ്വത്ത്. ലാഭം കുന്നുകൂട്ടാനും വ്യക്തികളെ ഉപദ്രവിക്കാനും കോര്‍പറേറ്റുകള്‍ വിവരശേഖരത്തെ പ്രയോജനപ്പെടുത്തുന്നു. കോര്‍പറേറ്റുകളുടെ ഈ കടന്നാക്രമണത്തില്‍നിന്ന് ഓരോ വ്യക്തിയെയും രക്ഷിക്കണം.
ജമ്മു-കശ്മീരിലെ സ്ഥിതി അത്യന്തം വഷളാകുന്നതില്‍ കേന്ദ്രകമ്മിറ്റി കടുത്ത ഉല്‍കണ്ഠ പ്രകടിപ്പിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും ചര്‍ച്ചകള്‍ നടത്തിയുള്ള രാഷ്ട്രീയപ്രക്രിയക്ക് തുടക്കംകുറിക്കാനുള്ള സിപിഐ എമ്മിന്റെ ശ്രമങ്ങള്‍ തുടരാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.

രാജ്യത്ത് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഇത്തരം അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഗോ രക്ഷാ സേനകളെ പോലുള്ള സംഘടനകളെ നിരോധിക്കണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപെട്ടെന്ന് സീതാറാം യെച്ചുരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Facebook