സ്ത്രീ ശാക്തീകരണത്തില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകം: കാനേഷ് പൂനൂര്‍

വിടിയും പ്രേംജിയും എംആര്‍ബിയും ഇഎംഎസ്സും തുടങ്ങി എണ്ണമറ്റ നവോത്ഥാനനായകര്‍ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായാണ് സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ മാന്യമായ പരിഗണന ലഭിച്ചതെന്നും അതില്‍ നാടകങ്ങള്‍ വഹിച്ച പങ്ക് നിര്‍ണ്ണായകമാണെന്നും പ്രശസ്ത ഗാനരചയിതാവും മാധ്യമപ്രവര്‍ത്തകനുമായ കാനേഷ് പൂനൂര്‍ അഭിപ്രായപ്പെട്ടു.

അബുദാബി ശക്തി തിയറ്റേഴ്സ് വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തി തിയറ്റേഴ്സ് ആക്ടിംഗ് പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പത്മനാഭന്‍ ആശംസകള്‍ നേര്‍ന്നു. വനിതാവിഭാഗം ജോ. കണ്‍വീനര്‍മാരായ ഷമീന ഒമര്‍ സ്വാഗതവും ഷിജിന കണ്ണന്‍ ദാസ് നന്ദിയും പറഞ്ഞു.
ബാലസംഘം കൂട്ടുകാര്‍ അവതരിപ്പിച്ച ‘മനസ്സ് നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ…..’ എന്ന് തുടങ്ങുന്ന സംഘഗാനത്തോടെ സര്‍ഗ്ഗ സായാഹ്നം ആരംഭിച്ചു. തുടര്‍ന്ന് നടന്ന ഗാനമേളയില്‍ നിരവധിപേര്‍ ഗാനങ്ങള്‍ ആലപിച്ചു.

ശക്തി വനിതാവിഭാഗം അവതരിപ്പിച്ച ‘നേര്‍ക്കാഴ്ചകള്‍’ എന്ന ചിത്രീകരണം തങ്ങളുടെ സര്‍ഗ്ഗപ്രതിഭ വെളിപ്പെടുത്തുന്നതിനേക്കാളുപരി ഇന്ത്യയുടെ മഹത്തായ ആദര്‍ശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്ന, മതനിരപേക്ഷത മാനിക്കപ്പെടാത്ത ഒരാശയമായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കാലം ആവശ്യപ്പെടുന്ന ശക്തമായ ഇടപെടല്‍ കൂടിയായിരുന്നു.

മാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് തല്ലിക്കൊന്ന മുഖമ്മദ് അഖ്ലാക്കിന്റെ കുടുംബത്തേയും, പെരുന്നാള്‍ ആഘോഷത്തിന്റെ പ്രതീക്ഷകളില്‍ മനസ്സര്‍പ്പിച്ച് അവസാന നോമ്പിന്റെ ആലസ്യത്തില്‍ ട്രെയിനില്‍ സഞ്ചരിക്കവെ ഗോസംരക്ഷകര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മയേയും, നരാധമന്‍മാരാല്‍ പിച്ചിച്ചീന്തപ്പെട്ട ഡല്‍ഹിയിലെ നിര്‍ഭയയേയും, ഇന്ത്യന്‍ സ്ത്രീകള്‍ ദൈനം ദിനജീവിതത്തില്‍ പൊതുയിടങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേയും അതീവ തീവ്രതയോടെ രംഗത്തവതരിപ്പിച്ച ‘നേര്‍ക്കാഴ്ചകള്‍’ ജനാധിപത്യ റിപ്പബ്ളിക്കന്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് 30 ശതമാനം സംവരണം ഉള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങളെ തമസ്കരിക്കുകയും പകരം പശുവിന്റെ മലമൂത്ര വിസര്‍ജ്ജ്യങ്ങളില്‍ ഗവേഷണം നടത്താന്‍ വെമ്പല്‍ കൊള്ളുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.

മധു പരവൂര്‍, ഷമീന ഒമര്‍, അനിത റഫീഖ് എന്നിവര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രീകരണം ചിത്രാ വത്സന്റെ കാവ്യാലാപന ചാതുരിയിലും മുഹമ്മദലി കൊടുമുണ്ടയുടേയും മനോരഞ്ജന്റേയും സാങ്കേതിക സഹായത്താലും ഏറെ മികവുറ്റതാക്കാന്‍ കഴിഞ്ഞു. ഷാഹിധനി വാസു, സ്മിത ധനേഷ്കുമാര്‍, ഷിജിന കണ്ണന്‍ ദാസ്, അഞ്ജലി ജസ്റ്റിന്‍, ഷീന സുനില്‍, ഈദ് കമല്‍, വിനീത ജയേഷ്, കുമാരി റെയ്ന റഫീഖ് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Facebook