‘കാണം വിറ്റും ഉണ്ടറിയണം ഓണം’

IMG-20190908-WA0035ണത്തിന്റെ സമ്പന്നത അതിന്റെ ഐതിഹ്യങ്ങളിലും പ്രകടമാണ്. ഇതില്‍ പ്രധാനം മഹാബലി എന്ന മാവേലിയുടേതാണ്. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്‌ളാദന്റെ പേരക്കുട്ടിയായിരുന്നു വലിയത്യാഗം ചെയ്തവന്‍ എന്നര്‍ത്ഥമുള്ള മഹാബലി. ദേവന്മാരെ പോലും അസൂയപ്പെടുത്തുന്നതായിരുന്നു മാവേലിയുടെ ഭരണകാലം
”മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
ആദികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങള്‍ കേള്‍ക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെരുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല” എന്ന ഓണപ്പാട്ടില്‍ നിന്നുതന്നെ ആ കാലം മനസ്സിലാക്കാം. മഹാബലിയുടെ ഭരണകാലത്തെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായം തേടിയതായും മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത് മഹാവിഷ്ണു ഭിക്ഷയായി മാവേലിയോട് മൂന്നടി മണ്ണ് ആവശ്യപ്പെട്ടെന്നും ഐതിഹ്യത്തിലുണ്ട്.
മഹാവിഷ്ണുവിന്റെ ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യ മഹാബലിയെ തടഞ്ഞിട്ടും വിലയ്ക്കു വകവയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് സ്വയം അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കിയത്രെ. ആകാശം മുട്ടെ വളര്‍ന്ന വാമനന്‍ തന്റെ കാല്‍പ്പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്കുതന്നെ സ്വര്‍ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചുകൊടുത്തു.
ഏറെ പ്രചാരമില്ലെങ്കിലും പരശുരാമനുമായി ബന്ധപ്പെട്ട മറ്റൊരൈതിഹ്യവും ഓണത്തിനുണ്ട്. ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപ്തന്‍, ധാന്യദേവന്‍ എന്നിവരെയെല്ലാം ബന്ധപ്പെടുത്തിയും ഓണൈതിഹ്യങ്ങളുണ്ട്.
ഓണത്തിന്റെ ചരിത്രപരമായ അപഗ്രഥനത്തില്‍ ക്രിസ്തുവിന് മുമ്പ് 300 മുതലുള്ള സംഘകാല കൃതികളില്‍ ഇന്ദ്രവിഴാ എന്നാണ് ഓണത്തെ പരാമര്‍ശിച്ചിരുന്നത് എന്നുകാണുന്നു. ഇന്ദ്രന്റെ വിജയം എന്നാണ് ഇതിനര്‍ത്ഥം. അസുരനും ദ്രാവിഡനും തദ്ദേശീയനും ബൗദ്ധനുമായ ഭരണാധികാരിക്കുമേല്‍ ഇന്ദ്രന്‍ അഥവാ ചാതുര്‍വര്‍ണ്യം നേടിയ വിജയം എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാവുക.. ‘മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ’ എന്നു പാടി വന്നിരുന്നതിനു കാരണം, ചാതുര്‍വര്‍ണ്യം മനുഷ്യരെ പലതാക്കിത്തിരിച്ചിരുന്നു എന്നാണ്. ഈ ചരിത്രമാണ് സത്യമാകാന്‍ സാധ്യത.
കേരളത്തില്‍ പണ്ടുമുതലേ ഇടവമാസം മുതല്‍ കര്‍ക്കടകം അവസാനിക്കുന്നതുവരെ മഴക്കാലമാണ്. ഈ കാലത്ത് പുറംകച്ചവടങ്ങള്‍ നടക്കുമായിരുന്നില്ല. ഈര്‍പ്പം കാരണം കുരുമുളക് നശിക്കാനിടയുള്ളതും കപ്പലുകള്‍ക്ക് സഞ്ചാരം ദുഷ്‌ക്കരമാവുമെന്നതുമാണ് കച്ചവടങ്ങളിലെ ഈ ഇടവേളക്ക് കാരണങ്ങളായി ഭവിക്കാറ്. കപ്പലോട്ടവും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള വരവും നിര്‍ത്തിവയ്ക്കും. ഇങ്ങോട്ടുവരേണ്ട കപ്പലുകളെല്ലാം മഴക്കാലം മാറാനായി മറ്റുരാജ്യങ്ങളില്‍ കാത്തിരിക്കും. തുടര്‍ന്ന് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസത്തോടുകൂടിയാണ്. സാഹസികരായ നാവികര്‍ വിദേശത്ത് നിന്ന് പൊന്നുകൊണ്ടുവരുന്നതിനെ സൂചിപ്പിക്കുന്നതിനായി പൊന്നിന്‍ ചിങ്ങമാസം എന്നു പറയാന്‍ തുടങ്ങി. ഈ മാസം മുഴുവന്‍ സമൃദ്ധിയുടെ നാളുകളായി ആഘോഷിക്കപ്പെട്ടു. ചിങ്ങത്തിലെ പൗര്‍ണമി നാളില്‍ കപ്പലുകള്‍ കടലില്‍ ഇറക്കുന്നതും അതില്‍ അഭിമാനം കൊണ്ട് കേരളീയര്‍ നാളികേരവും പഴങ്ങളും കടലില്‍ എറിഞ്ഞ് ആഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതുമെല്ലാം അകനാനൂറ് എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഒരു പക്ഷേ മാവേലി ജനിച്ചത് തിരുവോണ നാളിലായിരിക്കാം. അതുകൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആഘോഷ നാളുകള്‍ അദ്ദേഹത്തിന്റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരിക്കാം എന്നും ചരിത്രകാരനായ സോമന്‍ ഇലവംമൂട് സമര്‍ത്ഥിക്കുന്നു.
ഐതിഹ്യത്തിനും ചരിത്രത്തിനും മീതെ കേരളീയര്‍ക്ക് ഓണം എന്നത് ഒരുമയുടെ ഉത്സവമാണ്. മതജാതി വ്യത്യാസമില്ലാതെ കേരളീയര്‍ ഒരുമിച്ചുകൊണ്ടാടുന്നതാണ് ഓണം. അത്തച്ചമയവും ഓണപൂക്കളവും തൃക്കാക്കരയപ്പനും ഓണക്കാഴ്ചയും, ഉത്രാടപ്പാച്ചിലും ഓണസദ്യയും ഓണപ്പാട്ടുകളും, ഓണത്തെയ്യവും വേലന്‍ തുള്ളലും ഓണപ്പൊട്ടനും ഓണവില്ലും ഓണക്കളികളില്‍പ്പെട്ട ആട്ടക്കളം കുത്തലും കൈക്കൊട്ടിക്കളിയും പുലിക്കളിയും കുമ്മാട്ടിക്കളിയും ഓണത്തല്ലും കമ്പിത്തായം കളിയും ഭാരക്കളിയും നായയും പുലിയും വെയ്ക്കലും ആറന്മുള വള്ളംകളിയും തലപന്തുകളിയും കിളിത്തട്ടുകളിയും സുന്ദരിക്ക് പൊട്ടുകുത്തലും തുടങ്ങി ഓണച്ചൊല്ലുകള്‍ വരെ ഓണത്തിന്റെ ഭാഗമായുണ്ട്.
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് പഴമക്കാര്‍ പറയുക. ആണ്ടിലൊരിക്കല്‍ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാര്‍ക്ക് ഓണം. കാളന്‍, ഓലന്‍, എരിശ്ശേരി, എന്നിവയാണ് പ്രധാന വിഭവങ്ങള്‍. അവിയലും സാമ്പാറും പിന്നീട് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. കടുമാങ്ങ, നാരങ്ങ, ഇഞ്ചിപ്പുളി, ഇഞ്ചിത്തൈര്. ഉപ്പേരി നാലുവിധം. ചേന, പയര്‍, വഴുതനങ്ങ, പാവക്ക. ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും.

Leave a Reply

Your email address will not be published. Required fields are marked *

Facebook