സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറി

കഴിഞ്ഞ വര്‍ഷത്തെ(2018) പ്രളയത്തില്‍ ഭൂമിയും വീടും നഷ്ടമായ  ജവഹര്‍ കോളനിയിലെ കുടുംബങ്ങള്‍ക്കുള്ള പ്രമാണങ്ങളുടെയും സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിച്ച വീടുകളുടെ  താക്കോല്‍ ദാനവും  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിലാമന്ത്രി താക്കോല്‍ വിതരണം ചെയ്തത്.
സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകളില്‍ വരി നില്‍ക്കേണ്ട സാഹചര്യം ഇല്ലാതാക്കാന്‍ സാധിച്ചതായി ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പറഞ്ഞു.  രേഖകള്‍ പ്രകാരം അര്‍ഹരാണെങ്കില്‍ തുക അക്കൗണ്ടുകളില്‍ എത്തുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നല്ല സമീപനമാണ് ഈ നിമിഷം വരെയും ഉണ്ടായിട്ടുള്ളത്. എന്തെങ്കിലും ചെയ്തുവന്ന് വരുത്തിത്തീര്‍ക്കാനല്ല ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ധന സഹായ വിതരണം ഉള്‍പ്പടെ വേഗത്തിലാക്കുന്നതിന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണെന്നും മന്ത്രി പറഞ്ഞു.
നഷ്ടപ്പെട്ടവരെ തിരികെ നല്‍കാന്‍ ആര്‍ക്കും സാധിക്കില്ല. എന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാവുന്ന വിധം സഹായം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായാണ് റീബില്‍ഡ് നിലമ്പൂര്‍ പദ്ധതി ഉള്‍പ്പടെ ലക്ഷ്യമിടുന്നത്. പുനരധിവാസത്തോടൊപ്പം കുടുംബത്തിലെ ഒരംഗത്തിനെങ്കിലും ജോലി ലഭ്യമാക്കുന്നതിന് ഉതകും വിധം സഹായങ്ങള്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിയുടെ മുഖ്യ രക്ഷാധികാരികളായ പി.വി അന്‍വര്‍ എം.എല്‍.എ, പി.വി അബ്ദുല്‍ വഹാബ് എം.പി എന്നിവരോട് പങ്കുവെച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പി. വി അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആമുഖ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍മാരായ ജെ.ഒ അരുണ്‍, പി.എന്‍ പുരുഷോത്തമന്‍, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, ചാലിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി  ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Facebook