ചാമ്പ്യന്‍സ് ബോട്ട് ലീഗ്- കനോലി കനാലിലെ ജീര്‍ണ്ണിച്ച പാലങ്ങള്‍ എടുത്തുമാറ്റും

പൊന്നാനി ബിയ്യംകായലില്‍ ഒക്‌ടോബര്‍ 19ന് നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് വള്ളംകളി  മത്സരങ്ങള്‍്ക്ക് ചുണ്ടന്‍ വള്ളങ്ങള്‍ കനോലി കനാലിലൂടെ എത്തിക്കുന്നതിനായി തടസ്സമായി നില്‍ക്കുന്ന എടുത്തു മാറ്റാവുന്ന അഞ്ച് ചെറിയ നീക്കം ചെയ്യാന്‍ തീരുമാനം. ഒക്‌ടോബര്‍ 12നുള്ളില്‍ പാലങ്ങള്‍ എടുത്തുമാറ്റാനും 19നു ശേഷം പാലങ്ങള്‍ പുന:സ്ഥാപിക്കാനും  ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അതത് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ചാമ്പ്യന്‍സ് ബോട്ട് ലീഗ് മത്സരത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാകലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കനാലിന് കുറുകെ വീണുകിടക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റി റൂട്ട് ക്ലിയര്‍ ചെയ്യാനും കലക്ടര്‍ നിര്‍ദേശിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള മരങ്ങളാണെങ്കില്‍ അവ മുറിച്ചുമാറ്റാനായി അതത് പഞ്ചായത്തുകള്‍ ഉടമസ്ഥര്‍ക്ക്് നോട്ടീസ് നല്‍കാനും കലക്ടര്‍ ആവശ്യപ്പെട്ടു.
കനോലി കനാലിലില്‍ സ്ഥാപിച്ചിട്ടുള്ള 37 പാലങ്ങളില്‍ വെളിയംങ്കോട്,  മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലായി ജീര്‍ണ്ണിച്ചതും വള്ളങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസം നേരിടുന്നതുമായ അഞ്ചു പാലങ്ങളാണ് മത്സരത്തിനായി നീക്കം ചെയ്യുന്നത്.  മാറഞ്ചേരി-വെളിയംങ്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൂക്കൈതക്കടവ് മരപ്പാലം, പൂക്കൈതക്കടവിനടുത്ത്  പഴയചിറയുടെ ദ്രവിച്ച വൂട്ടറിനോട് ചേര്‍ന്ന ഉപയോഗശൂന്യമായ പാലം, വെളിയങ്കോട് പഞ്ചായത്തിലെ മുളമുക്ക് പാലം (ഒന്ന്,രണ്ട്), പെരുമ്പടപ്പ് പഞ്ചായത്തിലെ പുതിയിരുത്തി മരപ്പാലം തുടങ്ങിയവയാണ് എടുത്തുമാറ്റുന്നത്.  പാലം എടുത്തുമാറ്റിയാല്‍ പൊതുജനങ്ങള്‍ക്ക് ബദല്‍ യാത്ര സൗകര്യം അതത് പഞ്ചായത്ത് ഒരുക്കും. കൂടാതെ ഫിഷറീസ് വകുപ്പും യാത്രാസൗകര്യത്തിനായി പ്രത്യേക ബോട്ട് സംവിധാനം ഒരുക്കും. കനാലിലൂടയുള്ള ക്രമസമാധാനത്തിനായി പൊലീസിന് പുറമെ കോസ്റ്റല്‍ പൊലീസിന്റെ സേവനവും ഉപയോഗപ്പെടുത്തും.

ആലപ്പുഴയില്‍ നിന്നുള്ള ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരത്തിനായി  എത്തുന്നത്. ഒക്ടോബര്‍ 13ന് ഒമ്പത് വള്ളങ്ങളും ബിയ്യം കായലില്‍ എത്തും. മൂന്ന് ട്രാക്കുകളിലായാണ് മത്സരം. മത്സരത്തിന് പങ്കെടുക്കാനും കാണാനും വലിയ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് വാഹനപാര്‍ക്കിങിനായി പൊന്നാനി ഫിഷറീസ് ഹാര്‍ബറിലും മറ്റ് വാഹനങ്ങള്‍ക്ക് കരിങ്കല്ലത്താണിയിലെ സ്വകാര്യ സ്ഥലങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.

കേരളത്തിന്റെ  തനത് കായിക വിനോദമായ വള്ളംകളി മത്സരങ്ങള്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് എന്ന പേരില്‍ ലീഗ് അടിസ്ഥാനത്തില്‍ ഈ വര്‍ഷം മുതലാണ് യാഥാര്‍ത്ഥ്യമാകുന്നത്. സംസ്ഥാനത്തെ 12 വേദികളിലായി നടക്കുന്ന മത്സരത്തില്‍  ജില്ലയില്‍ നിന്ന് ബിയ്യം കായല്‍ മാത്രമാണുളളത്.  ലീഗ് മത്സരത്തോടൊപ്പം പ്രാദേശിക ക്ലബ്ബുകളുടെ മത്സര വള്ളംകളിയും, ഘോഷയാത്രയും, വിവിധ തനത് കലാപരിപാടികളും നടക്കും.  ഒമ്പത് ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുക.മൂന്ന് വള്ളങ്ങള്‍ പങ്കെടുക്കുന്ന മൂന്ന് ഹീറ്റ്‌സ് ഉണ്ടായിരിക്കും. ഇവയില്‍ ഏറ്റവും മികച്ച സമയം കുറിക്കുന്ന ഒന്ന് , രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ ഓരോ  മത്സരങ്ങളിലേയും ഫൈനലില്‍  മത്സരിക്കും. നാല്, അഞ്ച്,  ആറ് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കും.   ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളില്‍ വരുന്ന വള്ളങ്ങള്‍ സെക്കന്റ് ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കും. അങ്ങനെ ആറ്  മത്സരങ്ങള്‍ ആണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഉണ്ടാകുക.
യോഗത്തില്‍ തിരൂര്‍ ആര്‍.ഡി.എ  പി.എ അബുസമ്മദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.രേണുകാദേവി, ഡെപ്യൂട്ടി ഡയറക്ടര്‍ ടൂറിസം കെ.കെ പത്മകുമാര്‍, പൊന്നാനി തഹസില്‍ദാര്‍ പി.അന്‍വര്‍സാദത്ത്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ വി.വി ഭരതന്‍ തുടങ്ങി വിവിധ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Facebook