കൊട്ടപ്പുറത്തെ നാടകക്കളരിയുടെ അടയാളങ്ങള്‍

കാല്‍പ്പന്തിനും കലാപ്രകടനങ്ങള്‍ക്കും കായികത്തിനും കേളികേട്ട നാടായിരുന്നു കൊട്ടപ്പുറം. കാല്‍പ്പന്തിന് ഇന്നും കൊട്ടപ്പുറത്ത് പിന്തുടര്‍ച്ചക്കാരുണ്ട്. ലെവന്‍സും സെവന്‍സും ഫൈവ്‌സുമായി വിവിധ സംഘങ്ങള്‍ പരിശീലനം നേടുകയും വ്യത്യസ്തദേശങ്ങളിലെത്തി നാടിന്റെ പേര് അടയാളപ്പെടുത്തുന്നുമുണ്ട്. ഇതിന്നപ്പുറം നാടകത്തിന്റെ പാരമ്പര്യമുണ്ടായിരുന്ന കൊട്ടപ്പുറം, ഗാനമേളകള്‍ക്ക് അരങ്ങൊരുങ്ങിയിരുന്ന നാട് പാട്ടും നാടകവും വിട്ട് കാല്‍പ്പന്തില്‍മാത്രം ഒതുങ്ങുന്നു.
പുതിയതലമുറയ്ക്ക് കൊട്ടപ്പുറത്തിന് സ്വന്തമായിരുന്ന നാടക പാരമ്പര്യം തീര്‍ത്തും അജ്ഞമായിരിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വേദിവിട്ട നാടകസംസ്‌കാരത്തെ തിരികെ പിടിക്കാന്‍ ചിലപ്പോഴൊക്കെ മനസ്സ് വെമ്പാറുണ്ടെങ്കിലും ശരീരത്തെ അവിടെ എത്തിക്കാനാവുന്നില്ല എന്ന ഖേദം. അമ്പത് പിന്നിട്ട ഈ കുറിപ്പുകാരന് മൂന്നരപ്പതിറ്റാണ്ട് മുമ്പ് നാടകവുമായി അടുക്കാന്‍ പ്രേരണയായത് ബിച്ചാപ്പു കൊട്ടപ്പുറം എന്ന കലാകാരനിലൂടെയാണ്. പുളിക്കല്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അവിടുത്തെ യു പി ക്ലാസിലെ കുട്ടികളെ നാടകം പഠിപ്പിക്കാന്‍ കിട്ടിയ ഊര്‍ജ്ജം പോലും ഇന്നും ഓര്‍മ്മയിലുണരുന്നു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ കൊട്ടപ്പുറത്തെ വായനശാല കേന്ദ്രമാക്കി സ്വദേശി സാഹിത്യ കലാ സമിതി രൂപീകരിച്ചതും പരപ്പാറ-ചാലിയിലും വലിയപറമ്പ്- ആലക്കപ്പറമ്പിലും നാടകം കളിച്ചുനടന്നതും ഇന്നുമോര്‍മ്മയുണ്ട്. അതിനൊക്കെ പ്രചോദനവും മുമ്പേ പരാമര്‍ശിച്ച കൊട്ടപ്പുറത്തെ പി വി മുഹമ്മദ് എന്ന മൂത്തേടത്ത് ബിച്ചാപ്പു തന്നെയാണ്.
ശിവരാത്രികളില്‍ ചാലിയില്‍ തുടരുന്ന നാടകാവതരണം എന്ന ഒരു പാരമ്പര്യത്തെ തുടര്‍ന്നു നടത്താന്‍ ഞങ്ങള്‍ക്കായിരുന്നു നിയോഗമെന്നു തോന്നുന്നു. വൈദ്യുതി ലഭ്യമല്ലാതിരുന്നതിനാല്‍ പെട്രോള്‍മാക്‌സ് കത്തിച്ചുവെച്ചുള്ള നാടകാവതരണം. അന്നത്തെ മിന്നും താരങ്ങളായിരുന്ന യൂസുഫ് മാങ്കായി ഉള്‍പ്പെടെയുള്ളവരെ ഒത്തുചേര്‍ത്ത് ജൂനിയര്‍ സംഘമായി ഞങ്ങളും ഒപ്പമുണ്ടായിരുന്നു. വെള്ളാരുള്ള ശശിയും കെ ടി ശംസുവും ഹമീദും തുറക്കലുള്ള അഷ്‌റഫും ഒക്കെക്കൂടി അന്നത്തെ പരിമിതമായ സൗകര്യങ്ങളെ പ്രയോജനപ്പെടുത്തുകയായിരുന്നു. അങ്ങനെ കൊട്ടപ്പുറത്തെ നാടകക്കളരിയുടെ അടയാളങ്ങളാണ് ഇന്നു നമ്മോടൊപ്പമില്ലാത്ത ടി എ റസാഖും ടി എ ഷാഹിദും എന്നും പറയാം.
തുറക്കല്‍ ദേശത്തുകാരുടെ നാടകം തട്ടേകേറിയതും കൊട്ടപ്പുറത്താണ്. ടി എ റസാഖിന്റെ വായനശാല, ഉണര്‍ത്തുപാട്ട് എന്നീ നാടകങ്ങള്‍. അത് കാണാനെത്തുന്ന സഹോദരന്‍ ടി എ ഷാഹിദ് ഇവയ്‌ക്കൊക്കെയും പ്രചോദനവും പ്രോത്സാഹനവും ബിച്ചാപ്പു കൊട്ടപ്പുറം. നാടകമെഴുത്തും നാടകം പഠിപ്പിക്കലും നാടകം തട്ടേകേറ്റാനുള്ള സ്റ്റേജൊരുക്കുന്നതും അദ്ദേഹം തന്നെ. പിതാവിന്റെ സമ്പാദ്യമായ തേങ്ങയും അടക്കയും മോഷ്ടിച്ചെടുത്ത് വിറ്റുകിട്ടുന്ന തുകകൊണ്ട് സുഹൃത്തുക്കളെ അഭിനയിപ്പിക്കുക എന്നതായിരുന്നു ആ കലാകാരന്റെ ഒരു രീതി. ഈ പ്രായത്തിലും ആ കലാ തല്പരത മറ്റൊരു വിധത്തില്‍ നിലനിര്‍ത്തുവാന്‍ അദ്ദേഹത്തിനാവുന്നുണ്ട്. കൊട്ടപ്പുറത്തെ വായനശാലയോട് ചേര്‍ന്ന് തന്റെ നാടകസ്മരണകളുണരുന്ന മണ്ണില്‍ കലയില്‍ ചാലിച്ചൊരു സംരംഭമായി അപ്നപാര്‍ക്ക് എന്ന പേരില്‍ ഒരു സ്ഥാപനത്തിന് നേതൃത്വം നല്‍കുകയാണ് ഇപ്പോള്‍ ബിച്ചാപ്പു എന്നതിലും അഭിമാനം തോന്നുന്നു.
ഒരു പ്രദേശത്തിലുള്ള സവിശേഷവും പരിമിതവുമായ സദസ്സിനുവേണ്ടി നിലനിന്നുപോരുന്നതും, അവിടത്തെ സാംസ്‌കാരികമായ പ്രത്യേകതകളുമായി ജൈവബന്ധം പുലര്‍ത്തുന്നതുമായ രംഗാവിഷ്‌ക്കാര സമ്പ്രദായമാണ് തനത് നാടകവേദിയെങ്കില്‍ കൊട്ടപ്പുറത്തിനും അത്തരത്തില്‍ ഒരവകാശവാദം ഉന്നയിക്കാമെന്നുതോന്നുന്നു. എഴുപതുകളില്‍ കേരളത്തിലെ പ്രമുഖ നാടക സംഭവം തനത് നാടകമാണ് എന്നെല്ലാവര്‍ക്കുമറിയാം. ജി. ശങ്കരപ്പിള്ളയുടെ കിരാതം, കാവാലം നാരായണപ്പണിക്കരുടെ സാക്ഷി, തിരുവാഴിത്താന്‍ എന്നീ കാവ്യ നാടകങ്ങള്‍ ഈ കാലഘട്ടത്തിലാണ് ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയായി തന്നെയാണ് അന്നത്തെ കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമായിരുന്ന ഒരു ഗ്രാമമായ കൊട്ടപ്പുറത്ത് നിന്നും ഒരു വ്യക്തിയുടെ ഇച്ഛാശക്തിയിലൂടെ നൂതനമായ ഒട്ടനവധി നാടങ്ങള്‍ പിറന്നത്. പി വി മുഹമ്മദ്, ടി എ റസാഖ്, യൂസുഫ് മാങ്കായി, എം വീരാന്‍കുട്ടി, പി എ അസീസ്, മത്തായി മാസ്റ്റര്‍, അബ്ദു അഴുകാട്ട്, ശശി വലിയപറമ്പ്, ദേവദാസ്, തുറക്കല്‍ കുഞ്ഞാലന്‍കുട്ടി, ചാലിയില്‍ ശ്യാമള, നാസര്‍ വര്‍ണിക, ഒ കെ കബീര്‍, കാരിക്കുട്ടി തുടങ്ങിയ വലിയൊരു നിര തന്നെ അക്കാലത്ത് കൊട്ടപ്പുറത്തെ നാടക കളരിയിലുണ്ടായിരുന്നു. ഹംസ കയനിക്കര പാട്ടെഴുത്തുകാരനായും എന്‍ വി തുറക്കല്‍, കുഞ്ഞാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംഗീതജ്ഞരുമായി ഒത്തുചേരുന്നതും പതിവായിരുന്നു.
കൊട്ടപ്പുറത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെടേണ്ട ഇന്നലെകളാണിത്. ഒരു കാര്യം എല്ലാകാലത്തും എന്നും ഒരുപോലെ തുടരാനാവില്ലെങ്കിലും അവയെക്കുറിച്ച് എല്ലായ്‌പ്പോഴും ഓര്‍മ്മിക്കുന്നത് ഇന്നലെകളിലെ സമ്പന്നകളെ കൂടി ഓര്‍മ്മപ്പെടുത്തും. അത് ഇന്നത്തെ ദാരിദ്ര്യം ബോധ്യപ്പെടാനും ഉപകരിക്കും. പലരുടെയും വ്യക്തിത്വവികാസത്തിനും അറിഞ്ഞോ അറിയാതെയോ ഈ നാടകക്കളരികള്‍ പ്രയോജനപ്പെട്ടിട്ടുണ്ടാകുമെന്നും ഉറപ്പിക്കാം. ഏതായാലും ആ നാടകക്കളരിയുടെ അടയാളങ്ങളായി ടി എ റസാഖിനെയും ടി എ ഷാഹിദിനെയും എന്നെന്നും ഓര്‍മ്മിക്കാം. പ്രചോദിപ്പിച്ച കരുത്തായി പി വി മുഹമ്മദ് എന്ന മൂത്തേടത്ത് ബിച്ചാപ്പുവും.

 

റസാഖ് പയമ്പ്രോട്ട്

 
notice t a razak 2 unnarthupattu

Leave a Reply

Your email address will not be published. Required fields are marked *

Facebook